#ചരിത്രം
തെരഞ്ഞെടുപ്പുകളും ഇലക്ഷൻ കമ്മീഷനും.
ഒരിക്കൽ കൂടി ഒരു പൊതു തെരഞ്ഞെടുപ്പ് നടക്കുകയാണ്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഒരു പൊതുതെരഞ്ഞെടുപ്പ് നന്നായി നടത്തിയതിൻ്റെ ക്രെഡിറ്റ് ആദ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന സുകുമാർ സെന്നിനും അദ്ദേഹത്തെ സഹായിച്ച ഐ എ എസ് ഉദ്യോഗസ്ഥർക്കും അവകാശപെട്ടതാണ്.
1950 ജനുവരി 25നാണു് സ്വതന്ത്ര ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്.
നീതിപൂർവ്വം തെരഞ്ഞെടുപ്പ് നടത്തണം എന്ന് പ്രധാനമന്ത്രി നെഹ്റു പ്രതിഞ്ഞാബദ്ധനായിരുന്നു.
മുതിർന്ന ഐ സി എസ് ഉദ്യോഗസ്ഥനായ സുകുമാർ സെൻ പ്രഥമ തെരഞ്ഞെടുപ്പ് കമ്മീഷനറായി നിയോഗിക്കപ്പെട്ടു. 1950 മാർച്ച് മുതൽ 1958 ഡിസംബർ വരെ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന സെൻ ആണ് ആദ്യത്തെ രണ്ടു പൊതു തെരഞ്ഞെടുപ്പുകളും നടത്തിയത്. ( അനുജൻ ബാരിസ്റ്റർ എ കെ സെൻ പിന്നീട് കേന്ദ്ര നിയമമന്ത്രിയായി).
സെൻ നേരിട്ട ഏറ്റവും ആദ്യത്തെ വെല്ലുവിളി 21 വയസ്സ് പ്രായമുള്ള പൗരന്മാരുടെ ഒരു വോട്ടർ പട്ടിക ഉണ്ടാക്കുക എന്നതാണ്. വിഭജനം കഴിഞ്ഞ് 3 കൊല്ലമായിട്ടും ആളുകൾ ഇന്ത്യയിൽനിന്ന് പാകിസ്ഥാനിലേക്കും തിരിച്ചും വന്നുപോയിക്കൊണ്ടിരുന്നു.
അവസാനം, കഴിഞ്ഞ 180 ദിവസമായി ഇന്ത്യയിൽ താമസിക്കുന്ന എല്ലാവർക്കും വോട്ടവകാശം നൽകാൻ തീരുമാനമായി.
ആദ്യത്തെ തെരഞ്ഞെടുപ്പ് 1951 ഒക്ടോബർ മുതൽ 1952 ഫെബ്രുവരി വരെ 6 മാസം കൊണ്ട് 68 തവണയായിട്ടാണ് നടത്തിയത്. 85 % വോട്ടർമാരും അക്ഷരംപോലും അറിയാത്തവർ ആയിരുന്നെങ്കിലും 17.5 കോടി പൗരന്മാർ അവരുടെ വോട്ടവകാശം വിനിയോഗിച്ചു. 53 രെജിസ്റ്റർഡ് പാർട്ടികളുടെ സ്ഥാനാർഥികൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചു . സ്ഥാനാർഥികളെ തിരിച്ചറിയാൻ പേരിന് പുറമെ ചിഹ്നങ്ങളും ഉണ്ടായിരുന്നു. ഓരോ സ്ഥാനാർത്ഥിക്കും പ്രത്യേകം പ്രത്യേകം വോട്ട് പെട്ടികൾ. വോട്ട് അവരവരുടെ സ്ഥാനാർഥിയുടെ പെട്ടിയിൽ ഇടണം.
ഈ സമ്പ്രദായം 1962ലെ തെരഞ്ഞെടുപ്പ് മുതൽ ഉപേക്ഷിച്ചു . എല്ലാവർക്കും പൊതുവായി ഒരു പെട്ടി മാത്രമായി.
ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ ആദ്യമായി ഉപയോഗിച്ചത് 1982ലെ പറവൂർ അസംബ്ളി ഉപതെരഞ്ഞെടുപ്പിലാണ്.
1993 ഒക്ടോബർ മുതൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മൂന്നംഗ സമിതിയായി.
1993ൽ നാഗാലൻഡിലെ ഒരു അസംബ്ളി ഉപതെരഞ്ഞെടുപ്പിലാണ് VVPAT മെഷീൻ ആദ്യമായി ഉപയോഗിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷണറുടെ അധികാരത്തിൻ്റെ വ്യാപ്തി തെളിയിച്ചത് ടി എൻ ശേഷനാണ്. സംശയം ജനിപ്പിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. മോഡൽ കോഡ് ഓഫ് കോണ്ടക്റ്റ് കർശനമായി നടപ്പാക്കി. തെരഞ്ഞെടുപ്പ് ചെലവുകൾ കൃത്യമായി നിരീക്ഷിച്ചു.
2014 മുതൽ NOTA ഒരു സ്ഥാനാർഥിയായി. മറ്റുള്ള ആരെയും ഇഷ്ടമല്ലെങ്കിൽ നോട്ടക്ക് വോട്ട് ചെയ്യാം.
ഇന്ത്യ എന്ന ജാനാധിപത്യ രാജ്യത്തിൻ്റെ നിലനിൽപ്പ് തന്നെ സ്വതന്ത്രവും നിക്ഷ്പക്ഷവും നീതിപൂർവവുമായ തെരഞ്ഞെടുപ്പിനെ ആശ്രയിച്ചാണ്. അതിനുള്ള പൂർണ്ണ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു കഴിഞ്ഞാൽ അതിൽ ഇടപെടാൻ കോടതികൾക്ക്പോലും അധികാരമില്ല.
തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവുകൾ പാലിക്കാൻ സർക്കാരും പൊലീസും പാർട്ടികളും ഉൾപ്പെടെ എല്ലാവരും നിയമപരമായി തന്നെ ബാധ്യസ്ഥരാണ്.
– ജോയ് കള്ളവയലിൽ.








