തെരഞ്ഞെടുപ്പുകളും ചിഹ്നങ്ങളും

#ചരിത്രം

തെരഞ്ഞെടുപ്പും ചിഹ്നങ്ങളും.

ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളുടെ ഒരു സവിശേഷതയാണ് സ്ഥാനാർഥിക്ക് അനുവദിച്ചിട്ടുള്ള ചിഹ്നങ്ങളിൽ വോട്ട് രേഖപ്പെടുത്തുക എന്നത്.
തെരഞ്ഞെടുപ്പുകൾ ആരംഭിച്ചിട്ട്
എഴുപത് കൊല്ലങ്ങൾ പിന്നിട്ടിട്ടും തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ ഉപേക്ഷിക്കാൻ സഹായകമാവുമായിരുന്ന സമ്പൂർണ സാക്ഷരത എന്ന ലക്ഷ്യം ഇന്നും ഒരു വിദൂരസ്വപ്നം മാത്രമായി അവശേഷിക്കുന്നു.

നിരക്ഷരരായ കോടിക്കണക്കിന് വോട്ടർമാർക്ക് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ സാധ്യമാക്കിയ, തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ എന്ന വഴി കണ്ടുപിടിച്ച ആദ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുകുമാർ സെൻ രാജ്യത്തിൻ്റെ കൃതജ്ഞത അർഹിക്കുന്ന മഹാനാണ്.
ആദ്യ തെരഞ്ഞെടുപ്പിൽ ഓരോ സ്ഥാനാർഥിക്കും പ്രത്യേകം വോട്ട് പെട്ടികൾ ആയിരുന്നു. ഇഷ്ടപ്പെട്ട സ്ഥാനാർഥിയുടെ പെട്ടിയിൽ വോട്ട് നിക്ഷേപിക്കണം. സ്ഥാനാർഥി സാറാമ്മ എന്ന പഴയ മലയാള ചലച്ചിത്രത്തിലെ പ്രസിദ്ധമായ ഗാനം പഴയ തെരഞ്ഞെടുപ്പുകൾ ഓർമ്മിപ്പിക്കും.

1962ലെ പൊതുതെരഞ്ഞെടുപ്പോടെ ഓരോ കക്ഷിക്കും പ്രത്യേകം പ്രത്യേകം വോട്ട് പെട്ടികൾ എന്ന പരിപാടി ഉപേക്ഷിച്ചു.
ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തുന്ന രീതിയും ഇന്ന് ഏതാണ്ട് അസ്തമിച്ചുകഴിഞ്ഞു .
ഇലക്ട്രോണിക് വോട്ടിംഗ് ആണ് ഇന്ന് എലക്ഷൻ കമ്മീഷൻ സ്വീകരിച്ചിരിക്കുന്ന രീതി. സുപ്രീംകോടതി അംഗീകരിച്ചിട്ടും സംശയങ്ങൾ ഇന്നും ബാക്കി നിൽക്കുന്നു. ഏതൊരു ഇലക്ട്രോണിക് സംവിധാനവും ദുരുപയോഗംചെയ്യാൻ കഴിയും എന്ന് നിരന്തരം തെളിയിക്കപ്പെട്ടിട്ടുണ്ട്. പരിഷ്‌കൃത രാജ്യങ്ങളെല്ലാം ബാലറ്റ് പേപ്പർ രീതിയിലേക്ക് തിരിച്ചുപോയിക്കഴിഞ്ഞു.
70 കൊല്ലം കൊണ്ട് രാഷ്ട്രീയകക്ഷികളിൽ വലിയ മാറ്റങ്ങൾ വന്നുകഴിഞ്ഞു. കൊണ്ഗ്രസ്സ്, ഹിന്ദുത്വ, കമ്മ്യൂണിസ്റ്റ് കക്ഷികളാണ് കുറെയെങ്കിലും പിന്തുടർച്ച അവകാശപ്പെടാവുന്നവ.
1969ലെ പിളർപ്പോടെ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് എന്ന പാർട്ടിയും അതിന്റെ ചിഹ്നവും ഇല്ലാതായി.
കൊണ്ഗ്രസ്സ് പിളർത്തി ഇന്ദിരാഗാന്ധി ഉണ്ടാക്കിയ കക്ഷി കോണ്ഗ്രസ് (ഐ ) എന്ന് അറിയപ്പെട്ടു.
നുകം വെച്ച കാളകൾക്ക് പകരം അവർ ആദ്യം സ്വീകരിച്ച ചിഹ്നം പശുവും കിടാവും ആണ്.
അടിയന്തിരാവസ്‌ഥക്കു ശേഷം 1977ൽ നടന്ന തെരഞ്ഞെടുപ്പിൽ വ്യാപകമായ ആക്ഷേപത്തിന് ആ ചിഹ്നം പാത്രമായി. ഇന്ദിരാഗാന്ധിയെയും മകൻ സഞ്ജയ്‌ ഗാന്ധിയെയുമാണ് ആ ചിഹ്‌നം പ്രതിധാനം ചെയ്യുന്നത് എന്നായിരുന്നു പ്രചരണം.
തെരഞ്ഞെടുപ്പിൽ തോറ്റമ്പിയതോടെ ഇന്ദിര പശുവും കിടാവും ഉപേക്ഷിച്ചു.
അവർ പിന്നീട് സ്വീകരിച്ച കൈപ്പത്തി ചിഹ്നം ഭാഗ്യചിഹ്നമായി മാറി. പൂർവാധികം ശക്തിയോടെ തിരിച്ചുവരാൻ കൈപ്പത്തി നിമിത്തമായി.
ആദ്യ പൊതുതെരഞ്ഞെടുപ്പിൽ കൈപ്പത്തി ചിഹ്നം കരസ്ഥമാക്കിയ റിപ്പബ്ലിക്കൻ പാർട്ടി വിഭാഗം ഇല്ലാതെയായത് ഭാഗ്യമായി.
1951 മുതൽ ഭാരതീയ ജനസംഘത്തിന്റെ ചിഹ്നം വിളക്ക് ആയിരുന്നു. 1977ലെ തെരഞ്ഞെടുപ്പ് നേരിടാൻ പ്രതിപക്ഷ കക്ഷികളെ യോജിപ്പിച്ച്
ജയപ്രകാശ് നാരായൺ രൂപംകൊടുത്ത ജനതാ പാർട്ടിയിൽ ജനസംഘം, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി, സംഘടനാ കൊണ്ഗ്രസ്സ്, സ്വതന്ത്രാ പാർട്ടികൾ ലയിച്ചപ്പോൾ ആ ചിഹ്നം ഇല്ലാതായി. കലപ്പയേന്തിയ കർഷകൻ ആയിരുന്നു പുതിയ പാർട്ടിയുടെ ചിഹ്നം. വൻഭൂരിപക്ഷം നേടിയാണ് ജനതാ പാർട്ടി അധികാരത്തിൽ വന്നത്.
പുതിയ പാർട്ടിയിലും പഴയ ജനസംഘക്കാർ ആർ എസ് എസ് അംഗത്വം തുടർന്നത് സോഷ്യലിസ്റ്റുകളുടെ എതിർപ്പ് വിളിച്ചുവരുത്തി.
പാർട്ടി പിളർത്തി പുറത്തുവന്ന സംഘപരിവാർ നേതാക്കൾ ഉണ്ടാക്കിയ പുതിയ കക്ഷിയുടെ പേര് ഭാരതീയ ജനതാ പാർട്ടി എന്നാണ്. ബി ജെ പി സ്വീകരിച്ച ചിഹ്നം താമര ആണ്.
കഴിഞ്ഞ 70ലേറെ വർഷമായി മാറ്റമില്ലാതെ തുടരുന്ന ഏക ചിഹ്നം സി പി ഐ യുടെ അരിവാൾ, നെൽക്കതിർ ആണ്. 1964 ൽ പാർട്ടി പിളർത്തി പുറത്തുവന്ന് സി പി ഐ (എം ) രൂപീകരിച്ചവർ സ്വീകരിച്ച ചിഹ്നം അരിവാൾ ചുറ്റിക നക്ഷത്രം ആണ്. സി പി ഐ ഇന്ന് പക്ഷേ ദേശീയ കക്ഷി എന്ന സ്ഥാനം നഷ്ടമായ നിലയിലാണ്. സി പി എമ്മിന്റെ സ്ഥിതിയും മെച്ചമല്ല.
ജനതാ പാർട്ടിയിൽ ലയിച്ച സോഷ്യലിസ്റ്റുകൾ ഇന്ന് സംസ്ഥാന പാർട്ടികളായി മാറിയിരിക്കുന്നു. യു പിയിൽ സമാജ് വാദി പാർട്ടി, ബിഹാറിൽ ജെ ഡി യു, ആർ ജെ ഡി, ഒറീസ്സയിൽ ബി ജെ ഡി, കർണാടകയിൽ ജെ ഡി എസ് തുടങ്ങിയവ മുൻപ് ജനതയുടെ ഭാഗമായിരുന്നു.
കോണ്ഗ്രസ് വിട്ട് പുതിയ പാർട്ടികൾ ഉണ്ടാക്കിയവരിൽ മഹാരാഷ്ട്രയിൽ ശരത് പവാറിന്റെ എൻ സി പി ( പിന്നീട് പിളർന്ന് അധികാരം നഷ്ടപ്പെട്ടു), ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കൊണ്ഗ്രസ്സ്, ആന്ധ്രയിൽ ജഗ് മോഹൻ റെഡ്ഡിയുടെ വൈ എസ് ആർ കോൺഗ്രസ്
എന്നിവ അധികാരത്തിലെത്തിയ പാർട്ടികളാണ്. കോൺഗ്രസിൽ നിന്നു പിളർന്നുമാറിയ സംസ്ഥാന പാർട്ടികളിൽ ഏറ്റവും പ്രായമുള്ളത് 1964ൽ ഉണ്ടായ കേരളാ കോൺഗ്രസ് ആണ്. തൃണമൂലിൻ്റെ പുൽക്കൊടി ചിഹ്നം പുതുമയുള്ള ഒന്നാണ്.
തമിഴ് നാട്ടിൽ ഡി എം കെയുടെ ഉദയ സൂര്യൻ ശക്തമായ ചിഹ്നമാണ്.
തമിഴ് നാട്ടിൽ അണ്ണാ ഡി എം കെയും കേരളത്തിൽ കേരളാ കോൺഗ്രസ് മാണി വിഭാഗവും രണ്ടില ചിഹ്നത്തിൽ മത്സരിക്കുന്നു.

1960കളിൽ കോണ്ഗ്രസ് വിട്ട് വിവിധ സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികൾ നിലവിൽ വന്നു. ബംഗാളിൽ ബംഗ്ലാ കൊണ്ഗ്രസ്സ്, ഒറീസ്സയിൽ ഉത്കൽ കൊണ്ഗ്രസ്സ്, കേരളത്തിൽ കേരളാ കോണ്ഗ്രസ് മുതലായവ. 70 വർഷം കഴിഞ്ഞ് അക്കൂട്ടത്തിൽ ബാക്കിയുള്ളത് കേരളാ കോണ്ഗ്രസ് മാത്രമാണ്.
കേരളാ കോൺഗ്രസിന്റെ ചിഹ്നം കുതിര ആയിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ജീവനുള്ള മൃഗങ്ങളുടെ ചിഹ്നങ്ങൾ നിർത്തലാക്കിയതോടെ കുതിര അപ്രത്യക്ഷമായി. രെജിസ്റ്റർ ചെയ്ത പാർട്ടി എന്ന നിലയിൽ ബി എസ് പി ക്ക് ആന ചിഹ്നമായി ഉപയോഗിക്കാൻ അനുവാദം ലഭിച്ചു.
80കളിൽ ശ്രദ്ധേയമായ ഒരു പോരാട്ടം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പിളർന്നപ്പോഴായിരുന്നു. ഐ യു എം എലിന്റെ കോണിയും ( ഏണി )എ ഐ എം എലിന്റെ തോണിയും ( വള്ളം ) തമ്മിലായിരുന്നു പോര്.

പണ്ട് വലിയ പ്രതാപമുണ്ടായിരുന്ന പല പാർട്ടികളും അവരുടെ ചിഹ്നങ്ങളും ഇന്ന് ചരിത്രത്തിന്റെ ഭാഗമായി മാറി.
പി എസ് പിയും, കെ എം പി പി യും അവരുടെ കുടിലും, എസ് എസ് പി യും അവരുടെ ആൽമരവും, 1967ൽ പാർലിമെന്റിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായിരുന്ന സ്വതന്ത്രാ പാർട്ടിയും അതിന്റെ നക്ഷത്ര ചിഹ്നവും എല്ലാം ഇന്ന് ഓർമ്മ മാത്രം.

പുതിയ പ്രവണത സ്വതന്ത്രന്മാരുടെ തള്ളിക്കയറ്റമാണ്. പ്രാദേശിക താല്പര്യങ്ങൾ, ജാതി, മത ശക്തികൾ എല്ലാം അതിന്റെ പിന്നിലുണ്ട്. എലക്ഷൻ കമ്മീഷൻ ഇന്ന് പുതിയ ചിഹ്നങ്ങൾ തെരഞ്ഞു നടപ്പാണ്. മൊബൈൽ ഫോൺ, ഓട്ടോറിക്ഷാ, തൊട്ട് പൈനാപ്പിൾ വരെ ചിഹ്നമായി കഴിഞ്ഞു.
2019ലെ തെരഞ്ഞെടുപ്പിൽ തെലുങ്കാനയിലെ നിസാമാബാദ് മണ്ഡലത്തിൽ 174 സ്ഥാനാര്ഥികളാണ് അണിനിരന്നത്.

സാക്ഷരത ശാപമാണ് എന്ന് തെളിയിച്ച നാടാണ് കേരളം. അപരന്മാർ തെരഞ്ഞെടുപ്പുകളുടെ ശാപമായി മാറിക്കഴിഞ്ഞു. സാമ്യമുള്ള പേരുകാരെ തെരഞ്ഞു പിടിച്ച് സ്വതന്തന്മാരുടെ വേഷം കെട്ടിക്കുന്നു. പലപ്പോഴും അവർ പിടിക്കുന്ന വോട്ടുകൾ നിർണായകമായി മാറാറുണ്ട്. അങ്ങനെ
അപരന്മാർ തോൽപിച്ച കൂട്ടത്തിൽ വി എം സുധീരൻ മുതൽ പി ജെ ജോസഫ് വരെയുള്ള നേതാക്കളുണ്ട്.
ഓരോ തെരഞ്ഞെടുപ്പും പുതിയ പ്രശ്നങ്ങൾ കൊണ്ടുവരുന്നു. ഇതിനിടയിലും ലോകാദ്ഭുതം പോലെ ഇന്ത്യൻ ജനാധിപത്യം മുന്നോട്ടു പോകുന്നു – ഒരിക്കലും അവസാനിക്കാത്ത പ്രതിസന്ധികളിലൂടെ.
ജനാധിപത്യം വിജയിക്കട്ടെ.

– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *