#ഓർമ്മ
പി ഭാസ്കരൻ.
ഭാസ്കരൻ മാഷിന്റെ (1924-2007) ജന്മശതാബ്ദി ദിനമാണ്
2024 ഏപ്രിൽ 21.
സ്വാതന്ത്ര്യസമര സേനാനി, കവി, ഗാനരചയിതാവ്, സംവിധായകൻ, നടൻ, പത്രപ്രവർത്തകൻ, ആകാശവാണി പ്രൊഡ്യൂസർ, പത്രാധിപർ – പി ഭാസ്കരൻ തിളങ്ങാത്ത മേഖലകളില്ല.
കൊടുങ്ങല്ലൂരിൽ കൊച്ചിരാജ്യ പ്രജാമണ്ഡലം നേതാവായ നന്ത്യേലത്തു പദ്മനാഭമേനോന്റെ മകൻ അഭിജാത ജീവിതമുപേക്ഷിച്ചാണ് വിദ്യാർത്ഥിയായിരിക്കുമ്പോൾ ക്വിറ്റ് ഇന്ത്യ സമരത്തിലേക്ക് എടുത്തുചാടി ജയിൽവാസം വരിച്ചത്.
ചെറുപ്പം തൊട്ട് കവിതകൾ എഴുതിത്തുടങ്ങിയ ഭാസ്കരൻ രചിച്ച വയലാർ ഗർജിക്കുന്നു എന്ന കവിതയേക്കാൾ വലിയ വിപ്ലവഗാനം ഉണ്ടായിട്ടില്ല. മദ്രാസിൽ ജയകേരളം മാസികയുടെ പത്രാധിപസമിതിയംഗം, കോഴിക്കോട് ആകാശവാണിയിൽ ഉദ്യോഗം എന്നിവ വഹിച്ച ശേഷമാണ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്.
250 സിനിമകൾക്കായി 3000 ഗാനങ്ങൾ രചിച്ചു. ശുദ്ധ മലയാളമായിരുന്നു അവയുടെ സവിശേഷത.
1954 ൽ രാമു കാര്യാട്ടുമായി ചേർന്ന് സംവിധാനം ചെയ്ത നീലക്കുയിൽ ദേശീയ പുരസ്കാരം നേടി മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതി. കായലരികത്ത് എന്ന ഗാനം രചിച്ചത് കൂടാതെ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. ഇരുട്ടിന്റെ ആത്മാവ് ഉൾപ്പെടെ 44 ചിത്രങ്ങൾ ഭാസ്കരൻ സംവിധാനം ചെയ്തു.
ദീപിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്നു. ഏഷ്യാനെറ്റ് ചാനലിന്റെ സ്ഥാപകരിൽ ഒരാളുമാണ് ഭാസ്കരൻ മാഷ്. അവസാനകാലം ഓർമ്മകൾ നഷ്ടപ്പെട്ട ഭാസ്കരൻമാഷിന്റെ ഓർമ്മകൾ മലയാളി എക്കാലവും നിലനിർത്തും.
– ജോയ് കള്ളിവയലിൽ.
Posted inUncategorized