#ചരിത്രം
തെരഞ്ഞെടുപ്പും
ചിഹ്നങ്ങളും.
ലോകത്തെ മുഴുവൻ അതുഭ്തപ്പെടുത്തിയ ഒരു സംഭവമായിരുന്നു സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നടന്ന പൊതു തിരഞ്ഞെടുപ്പ്.
നൂറു കണക്കിന് നാട്ടു രാജ്യങ്ങളിലായി വിവിധ മത, ജാതികളായി ഭിന്നിച്ചു നിന്നിരുന്ന , ഭൂരിപക്ഷം നിരക്ഷരകുക്ഷികളായ ഒരു ജനതക്ക് ജനാധിപത്യ രീതിയിൽ ഒരു സർക്കാരിനെ തെരഞ്ഞെടുക്കാനുള്ള ശേഷിയില്ല എന്നാണ് ബ്രിട്ടൺ ഉൾപ്പെടെയുളള മിക്ക ലോകരാഷ്ട്രങ്ങളും കരുതിയത്.
ആ വെല്ലുവിളി സധൈര്യം ഏറ്റെടുത്തത് ആദ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷനറായ സുകുമാർ സെൻ ആണ്.
21 വയസിനു മുകളിൽ പ്രായമുള്ള കോടിക്കണക്കിന്
വോട്ടർമാരുടെ വോട്ടേഴ്സ് ലിസ്റ്റ് അദ്ദേഹം തയാറാക്കിയ ചരിത്രം മുൻപ് പറഞ്ഞിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്
ആറുമാസം കൊണ്ട് അവസാന വോട്ടർ പട്ടിക തയാറാക്കാൻ സെന്നിന് കഴിഞ്ഞു.
സുകുമാർ സെൻ അഭിമുഖീകരിക്കേണ്ടിവന്ന അടുത്ത ഏറ്റവുംവലിയ പ്രശ്നം – കോടിക്കണക്കിനു വോട്ടർമാരിൽ 85 ശതമാനവും നിരക്ഷരകുക്ഷികൾ ആണ് – അവരെ എങ്ങനെ തങ്ങളുടെ സ്ഥാനാർഥിയെ തെരഞ്ഞെടുക്കാൻ പ്രാപ്തരാക്കുക എന്നതായിരുന്നു.
സ്ഥാനാർഥികളെയും അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയകക്ഷികളെയും സമ്മതിദായകർ എങ്ങിനെ തിരിച്ചറിഞ്ഞു തങ്ങളുടെ വോട്ട് രേഖപ്പെടുത്തും?.
സെൻ കണ്ടുപിടിച്ച പ്രതിവിധി അംഗീകൃത രാഷ്ട്രീയപാർട്ടികൾക്ക്, ജനങ്ങൾക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന ചിഹ്നങ്ങൾ അനുവദിക്കുക എന്നതാണ്.
രസകരമായ കാര്യം കോണ്ഗ്രസ് ഉൾപ്പെടെ എല്ലാ രാഷ്ട്രീയ കക്ഷികളും “കലപ്പ ” ചിഹ്നമായി വേണം എന്ന് ആവശ്യപ്പെട്ടു എന്നതാണ്.
1951 ജൂലൈയിൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ, എല്ലാ പാർട്ടികളെയുടെയും സാന്നിധ്യത്തിൽ തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ അനുവദിച്ചു.
കോൺഗ്രസിന് നുകം വെച്ച കാളകളും, സോഷ്യലിസ്റ്റ് പാർട്ടിക്ക് ആൽമരവും, കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അരിവാൾ നെൽക്കതിരുമാണ് കിട്ടിയത്. ജനസംഘത്തിന്റെ ചിഹ്നം വിളക്ക് ആയിരുന്നു.
കൗതുകകരമായ മറ്റൊരു വസ്തുത, ഇന്ന് കോൺഗ്രസിന്റെ ചിഹ്നമായ കൈപ്പത്തി, ആദ്യ തെരഞ്ഞെടുപ്പിൽ, തൊഴിലാളി നേതാവായ ആർ എസ് റുയിക്കർ നയിച്ച റിപ്പബ്ലിക്കൻ പാർട്ടിയുടെ ഒരു വിഭാഗത്തിനാണ് അനുവദിച്ചത് എന്നതാണ്.
അടുത്തതായി നേരിടേണ്ടിയിരുന്ന പ്രശ്നം നിരക്ഷരരായ വോട്ടർമാർ തങ്ങളുടെ വോട്ട് ആർക്കാണ് എന്ന് എങ്ങനെ വ്യക്തമാക്കും എന്നതാണ് – അതും രഹസ്യമായി.
സെൻ കണ്ടുപിടിച്ച മാർഗം എല്ലാ പോളിങ് ബൂത്തിലും ഓരോ കക്ഷിക്കും വെവ്വേറെ ബാലറ്റ് പെട്ടികൾ വെക്കുക എന്നതാണ്.
ഓരോ വോട്ടർക്കും സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും അച്ചടിച്ച ബാലറ്റ് പേപ്പർ നൽകും. അവർക്ക് അത് തങ്ങളുടെ പാർട്ടിയുടെ പെട്ടിയിൽ കൊണ്ടുപോയി ഇടാം.
ഒരാൾ വോട്ടുചെയ്തു എന്നതിന് തെളിവായി വിരലിൽ മായാത്ത മഷിയടയാളം പതിപ്പിക്കുന്ന രീതിയും 1951-52ലെ ആദ്യത്തെ പൊതുതെരഞ്ഞെടു
പ്പോടെയാണ് നിലവിൽ വന്നത്.
എല്ലാവരുടെയും ആശങ്കകൾ അസ്ഥാനത്ത് ആക്കിക്കൊണ്ട് രാഷ്ട്രീയകക്ഷികൾ പുതിയ രീതികളോട് വളരെവേഗത്തിൽ ഇണങ്ങിച്ചേർന്നു.
രാജ്യവ്യാപകമായി തെരഞ്ഞെടുപ്പ് പ്രചരണം ഊർജസ്വലമായി നടന്നു.
ലോകരാഷ്ട്രങ്ങളെ അക്ഷരാർത്ഥത്തിൽ അത്ഭുതപെടുത്തിയ തെരഞ്ഞെടുപ്പിന് വലിയ സന്നാഹങ്ങളാണ് ഒരുക്കിയത്.
പോളിംഗ് ബൂത്തുകളുടെ എണ്ണം 1,96,084 ആയിരുന്നു.
അതിൽ 25,527 എണ്ണം സ്ത്രീകൾക്ക് മാത്രമായിട്ടുള്ളതായിരുന്നു. എന്നാൽ പ്രിസയ്ഡിംഗ് ഓഫീസർമാരായി മൊത്തം 56,000 പേരെ ഉണ്ടായിരുന്നുള്ളു.
7 ലക്ഷം ഉദ്യോഗസ്ഥർ പോളിങ് ജോലികൾക്കായി നിയോഗിക്കപ്പെട്ടു. അവരെ സഹായിക്കാൻ നിയമിക്കപ്പെട്ടത് 2,80,000 ആളുകളാണ്. .
3,40,000 പോലീസുകാരാണ് തെരഞ്ഞെടുപ്പ് ഭംഗിയായി നടത്താൻവേണ്ടി നിയോഗിക്കപ്പെട്ടത്.
ബാലറ്റ് പേപ്പർ അച്ചടിക്കാൻ മാത്രം 3,80,000 റീം പേപ്പർ വേണ്ടിവന്നു. മായാത്ത മഷിയുടെ 3,89,816 കുപ്പികൾ തയാറാക്കി.
2 ലക്ഷം ബാലറ്റ് പെട്ടികളാണ് തയാറാക്കിയത്. അതിനു വേണ്ടിവന്ന ഇരുമ്പ് മാത്രം 8200 ടണ്ണാണ്. ( ഈ ബാലറ്റ് പെട്ടികൾ സൂക്ഷിച്ചുവെച്ചതു കൊണ്ട് 1957ലെ തെരഞ്ഞെടുപ്പ് ആദ്യത്തെക്കാളും വളരെ ചെലവുകുറച്ചു നടത്താൻ സുകുമാർ സെന്നിനു കഴിഞ്ഞു ).
പർവതനിരകളിൽ മഞ്ഞുവീഴ്ച്ച ഉണ്ടാകുന്നതിന് മുൻപ് നടത്തേണ്ടതുള്ളതുകൊണ്ട് ഹിമാചൽ പ്രാദേശിലാണ് ആദ്യം തെരഞ്ഞെടുപ്പ് നടത്തിയത്.
1951 ഒക്ടോബർ 31 ന് പൊതുതെരഞ്ഞെടുപ്പിലെ ആദ്യത്തെ വോട്ട് രേഖപ്പെടുത്തപ്പെട്ടു.
– ജോയ് കള്ളിവയലിൽ
Posted inUncategorized