പൊതു തെരഞ്ഞെടുപ്പ് ഇന്ത്യയിൽ

#ചരിത്രം

പൊതുതെരഞ്ഞെടുപ്പ് ഇന്ത്യയിൽ.

1950 ജനുവരി 26ന് ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്ക് ആയി.
ഭരണഘടന അനുസരിച്ച് ജാതി, മത, പ്രായ ഭേദമന്യേ പ്രായപൂർത്തി വോട്ടവകാശം നിലവിൽ വന്നു.
ജനസംഖ്യയിൽ ബഹുഭൂരിപക്ഷം വരുന്ന കോടിക്കണക്കിന് നിരക്ഷരരായ പൗരന്മാരെ എങ്ങനെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ പ്രാപ്തരാക്കുക എന്നതായിരുന്നു പുതിയ രാജ്യം നേരിട്ട ഏറ്റവും വലിയ ഒരു വെല്ലുവിളി.
ആ വെല്ലുവിളി സധൈര്യം ഏറ്റെടുത്ത് തെരഞ്ഞെടുപ്പ് നടത്തിയ മഹാനാണ് സുകുമാർ സെൻ.

500ലധികം നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് ഭരണപ്രദേശങ്ങളുമായി ചിതറിക്കിടന്ന ഒരു രാജ്യത്ത്, റിപ്പബ്ലിക്കായി ഒരു വർഷത്തിനുള്ളിൽ, 21 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവരെയും ഉൾപ്പെടുത്തി ഒരു പൊതുതെരഞ്ഞെടുപ്പ് നടത്തുകയെന്ന ഏറെക്കുറെ അസാധ്യമായ കാര്യം യാഥാർഥ്യമാക്കിയത് സുകുമാർ സെൻ എന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാണ്.
സെൻ ആ മർമ്മപ്രധാനമായ ചുമതല ഏറ്റെടുക്കുന്ന സമയത്ത് രാജ്യത്തെ ഏറ്റവും മുതിർന്ന ഐ സി എസ് ഉദ്യോഗസ്ഥനായിരുന്നു.
ഉപരിപഠനത്തിന് ലണ്ടനിലേക്കുള്ള യാത്രയിൽ കൂടെയുണ്ടായിരുന്ന ഒരു കൂട്ടുകാരനും ഐ സി എസ് ജയിച്ചിരുന്നു – സുഭാഷ് ചന്ദ്ര ബോസ്. പക്ഷേ അദ്ദേഹം ജോലി രാജിവെച്ച് സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടുകയാണ് ചെയ്തത്.
സുകുമാർ സെൻ ലണ്ടൻ സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ സ്വർണമെഡലോടെയാണ് പാസായത്. 24 വയസ്സിൽ ഐ സി എസ് പരീക്ഷയും ജയിച്ചു.
തെരഞ്ഞെടുപ്പ് എന്ന വെല്ലുവിളി ഏറ്റെടുക്കാൻ സെന്നിന് ധയ്ര്യം നൽകിയത് തനിക്ക് ഗണിതശാസ്ത്രത്തിലുള്ള അസാമാന്യ മികവാണ്.
ആദ്യത്തെ കടമ്പ, ഒരു വോട്ടേഴ്‌സ് ലിസ്റ്റ് ഉണ്ടാക്കുക എന്നതായിരുന്നു.
ഉദ്യോഗസ്ഥർ കാടും, തോടും, മലകളും താണ്ടി, വീട് വീടാന്തരം കയറിയിറങ്ങി പ്രായപൂർത്തിയായ മുഴുവൻ സ്ത്രീപുരുഷൻമാരുടെയും വിവരങ്ങൾ ശേഖരിച്ചു.
അവ ക്രോഡീകരിക്കാനായി 16500 ക്ലർക്കുമാരെ ആറുമാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ പുതുതായി നിയമിച്ചു.
35.66 കോടി ജനങ്ങളിൽ വോട്ടവകാശം ഉള്ളവർ 17.32 കോടിയായിരുന്നു. അവരിൽ 45 ശതമാനം സ്ത്രീകൾ ആയിരുന്നു.

രേഖകൾ പരിശോധിച്ച സെൻ ഞെട്ടിപ്പോയി. ലക്ഷകണക്കിന് സ്ത്രീകൾ അവരുടെ പേരുവിവരം വെളിപ്പെടുത്താൻ തയാറായില്ല. ഉത്തരപ്രദേശം, മധ്യഭാരത്, ബീഹാർ, രാജസ്ഥാൻ, തുടങ്ങിയ പ്രദേശങ്ങളിലെ സ്ത്രീകൾ ഇമ്രാന്റെ ഭാര്യ, കിഷന്റെ അമ്മ എന്നരീതിയിലാണ് ഉത്തരം നൽകിയത്.
യഥാർത്ഥ പേരുകൾ രേഖപ്പെടുത്താൻ ഒരുമാസം കൂടി സമയം നീട്ടി. എന്നിട്ടും 28 ലക്ഷം സ്ത്രീകൾ അവരുടെ പേര്, വയസ്സ് തുടങ്ങിയ വിവരങ്ങൾ വെളിപ്പെടുത്താൻ തയാറായില്ല. അവരെ മുഴുവൻ വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യാൻ സെൻ ഉത്തരവിട്ടു. രാഷ്ട്രീയക്കാരിൽ നിന്നുണ്ടായ മുറവിളിക്കു വഴങ്ങാൻ സെൻ തയാറായില്ല.
അതിന്റെ ഗുണഫലം സെൻ തന്നെ നടത്തിയ 1957ലെ തെരഞ്ഞെടുപ്പിൽ കിട്ടി. 95 ശതമാനം സ്ത്രീകളും വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുചേർക്കാൻ തയാറായി. തങ്ങൾക്ക് ലഭിച്ച വോട്ടവകാശത്തിന്റെ വില അവർ അതിനകം മനസിലാക്കിക്കഴിഞ്ഞിരുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *