#ചരിത്രം
ഇലങ്കെ ഒളിപ്പരപ്പ് കൂട്ടുസ്ഥാപനം.
1970 കളിൽ റേഡിയോയുടെ ശ്രോതാക്കളായിരുന്ന എൻ്റെ തലമുറക്ക് ഗൃഹാതുരമായ ഓർമ്മയാണ് സിലോൺ റേഡിയോ പ്രക്ഷേപണം ചെയ്തിരുന്ന മലയാള ചലച്ചിത്രഗാനങ്ങൾ. യേശുദാസും, ജയചന്ദ്രനും, ജാനകിയും, സുശീലയും മറ്റും അതിലൂടെ മലയാളികളുടെ ഹൃദയത്തിൽ കയറിപ്പറ്റി.
മലയാളത്തിലെ ആദ്യത്തെ റേഡിയോ ജോക്കി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സരോജിനി ശിവലിംഗം ആണ് അതിന് കാരണക്കാരി.
” സമയം 3മണി 30 നിമിഷം. ഇത് ഇലങ്കെ ഒളിപ്പരപ്പ് കൂട്ടുത്താപനം” എന്ന അറിയിപ്പോടെ തുടങ്ങുന്ന ചലച്ചിത്രഗാന പ്രക്ഷേപണം തുടക്കംമുതൽ “അതുവരേക്കും നമസ്കാരം പറയുന്നത് സരോജിനി ശിവലിംഗം “: എന്ന, വിടവാങ്ങൽ വരെ റേഡിയോയുടെ മുന്നിൽനിന്ന് മാറാതെ പാട്ടുകൾ കേട്ട തലമുറയാണ് ഞങ്ങളുടേത്.
കൗതുകകരമായ കാര്യം, 1952 മുതൽ നീണ്ട 10 വര്ഷം ഇന്ത്യയുടെ വാർത്താവിതരണ, പ്രക്ഷേപണ മന്ത്രിയായിരുന്ന ബി വി കേസ്കർ എന്ന ഒരു അരക്കിറുക്കനാണ് റേഡിയോ സിലോണിൻ്റെ ഭാഗ്യമായി മാറിയത് എന്നതാണ്.
ഇന്നത്തെ നിലയിൽ കടുത്ത ഹിന്ദുത്വവാദിയായ കേസ്ക്കർക്ക് പാശ്ചാത്യസംസ്കാരം എന്ന് കേൾക്കുന്നത് തന്നെ അലർജിയായിരുന്നു. നമ്മുടെ സംഗീതം അവർ നശിപ്പിച്ചു എന്ന് അദ്ദേഹം വിശ്വസിച്ചു. ഉർദുഭാഷയിൽ വേരുകളുള്ള ഹിന്ദുസ്ഥാനി സംഗീതം പോലും മുസ്ലിം അധിനിവേശത്തിൻ്റെ സന്തതിയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
ചലച്ചിത്രഗാനങ്ങൾ വൃത്തികെട്ടതും, വിലകുറഞ്ഞതും നമ്മുടെ സംസ്കാരത്തിന് യോജിച്ചതുമല്ല എന്നും ആ മന്ത്രി ഉറച്ചുവിശ്വസിച്ചു. ആദ്യം ചലചിത്രഗാനങ്ങളുടെ സമയം ആകെയുള്ളതിൻ്റെ വെറും 10 ശതമാനമായി കുറച്ചു.
ചിത്രത്തിൻ്റെ പേര് , സംഗീത സംവിധായകൻ്റെ പേര് തുടങ്ങിയവ പറയുന്നത് പരസ്യമാണ് എന്ന് വരെ അദ്ദേഹം പറഞ്ഞു .പിന്നീട് ആൾ ഇന്ത്യ റേഡിയോയിൽ ചലച്ചിത്രഗാനങ്ങൾ പ്രക്ഷേപണം ചെയ്യുന്നതു തന്നെ നിരോധിച്ചു . ചലച്ചിത്ര ഗാനങ്ങൾ മാത്രമല്ല ക്രിക്കറ്റ് കമൻ്ററി പോലും പാശ്ചാത്യ സംസ്കാരത്തിൻ്റെ ഭാഗം എന്നു് പറഞ്ഞ് നിരോധിച്ച മന്ത്രിയാണ് ബി വി കേസ്ക്കർ.
നിരോധനം മുതലാക്കിയത് സിലോൺ റേഡിയോയാണ്. ഏഷ്യ മുഴുവൻ ശ്രോതാക്കൾ ഉള്ള, അമീൻ സയാനി അവതരിപ്പിച്ചിരുന്ന ബിനാക്ക ഗീത് മാല പോലുള്ള ചലച്ചിത്രഗാന പരിപാടികൾ അവർ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു. എ ഐ ആർ കേൾക്കാൻ ആളില്ലാതായി. നിവൃത്തിയില്ലാതെ 1957ൽ വിവിധ ഭാരതി എന്ന ചലച്ചിത്രഗാന പരിപാടി എ ഐ ആറിൽ ആരംഭിക്കാൻ കേസ്ക്കർ നിർബന്ധിതനായി.
ഇതൊക്കെയാണെങ്കിലും പകരമായി ശാസ്ത്രീയസംഗീതത്തിന് പ്രാധാന്യവും പ്രചാരവും ലഭിക്കുന്നതിന് കാരണക്കാർ ആൾ ഇന്ത്യ റേഡിയോയും ബി വി കേസ്ക്കറുമാണ്.
1924 ഡിസംബർ 16ന് പ്രക്ഷേപണം തുടങ്ങിയ കൊളംബോ റേഡിയോ ഏഷ്യയിലെ ആദ്യത്തെയും ലോകത്തെ രണ്ടാമത്തെയും പ്രക്ഷേപണനിലയമാണ്. ബ്രിട്ടീഷുകാരെ ഉദ്ദേശിച്ച് എല്ലാ പരിപാടികളും ഇംഗ്ലീഷിൽ ആയിരുന്നു. 1967 ജനുവരി 4 മുതൽ സിലോൺ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ ആയി മാറി. സിലോൺ ശ്രീ ലങ്ക ആയതോടെ റെഡിയോയും ശ്രീലങ്ക ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ എന്ന് പേര് മാറ്റി.
പാലക്കാടുകാരിയായ സരോജിനി, മദ്രാസ് ക്രിസ്ത്യൻ കോളേജിൽ സഹപാഠിയായ ശിവലിംഗത്തെ വിവാഹം ചെയ്തിനു ശേഷമാണ് 1959ൽ കൊളംബോയിൽ എത്തിയത്.
ശേഷം ചരിത്രം.
– ജോയ് കള്ളിവയലിൽ.
Posted inUncategorized