#ചരിത്രം
ഗാന്ധിജിയും കല്ലൻബായും – ഒരു അപൂർവ സൗഹൃദത്തിൻ്റെ കഥ.
മഹാത്മാ ഗാന്ധി തൻ്റെ ആത്മകഥയിൽ ആത്മസുഹൃത്ത് (soulmate) എന്ന് വിശേഷിപ്പിച്ച ഒരു വ്യക്തിയെയുള്ളൂ – ദക്ഷിണ ആഫ്രിക്കയിൽ തൻ്റെ സഹവാസിയും സുഹൃത്തുമായിരുന്ന ഹെർമൻ കല്ലൻബാ (1871-1945).
ഗാന്ധിജിയുടെ ജീവചരിത്രകാരൻമാരെ മുഴുവൻ അത്ഭുതപ്പെടുത്തിയ ഒന്നാണ് ഇന്ത്യക്കാരനായ ബാരിസ്റ്ററും, യഹൂദനായ വാസ്തുശിൽപ്പിയും തമ്മിലുള്ള ആത്മബന്ധം.
റഷ്യൻ സാമ്രാജ്യത്തിൽ ലിതുവേനിയയിൽ ജനിച്ച കല്ലൻബാ, ജർമനിയിൽ ആർക്കിടെക്ചർ പഠിച്ചശേഷം ദക്ഷിണ ആഫ്രിക്കയിലെത്തി സഹോദരൻ്റെകൂടെ പ്രാക്ടീസ് തുടങ്ങി.
അവിടെവെച്ചാണ് 1904ൽ ഇന്ത്യയിൽനിന്നെത്തിയ മോഹൻദാസ് ഗാന്ധി എന്ന വക്കീലിനെ പരിചയപ്പെടുന്നത്. ഗാഢമായ ഒരു സൗഹൃദമാണ് രണ്ടുപേരും തമ്മിൽ ഉടലെടുത്തത്. ജൊഹാനസ്ബർഗിൽ സത്യാഗ്രഹ ഹൗസ് എന്ന് നാമകരണം ചെയ്ത് ഒരു വീട് കല്ലൻബാ രൂപകൽപ്പന ചെയ്ത് നിർമ്മിച്ചു. പിന്നീട് രണ്ടുപേരും ഒന്നിച്ച് ആ വീട്ടിലാണ് താമസിച്ചത്.
ധനികനായ കല്ലൻബാ 1910ൽ 1100 ഏക്കർ വരുന്ന ഒരു വലിയ കൃഷിയിടം ഗാന്ധിക്ക് സംഭാവനയായി നൽകി. അതാണ് പ്രസിദ്ധമായ ടോൾസ്റ്റോയി ഫാം. അവിടെവെച്ചാണ് ഗാന്ധിജി തൻ്റെ അഹിംസാസിദ്ധാന്തം ആവിഷ്കരിച്ചത്.
1914ൽ ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ച ഗാന്ധിജിയുടെ കൂടെപ്പോകാൻ കല്ലൻബാ തീരുമാനിച്ചു. കസ്തൂർബാ ഗാന്ധിയും ഗാന്ധിജിയുടെ സെക്രട്ടറിയായ മദാമ്മയും അവരെ അനുഗമിച്ചു. കപ്പലിൽ ലണ്ടനിൽ എത്തിയപ്പോഴാണ് ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത്. യഹൂദനായ കല്ലൻബായ്ക്ക് യാത്രാനുമതി നിഷേധിക്കപ്പെട്ടു.
കല്ലൻബാ ദക്ഷിണ ആഫ്രിക്കയിലേക്ക് മടങ്ങി.
1945ൽ മരണമടയുന്നത് വരെ രണ്ടു സുഹൃത്തുക്കളും കത്തുകളിലൂടെ തങ്ങളുടെ ബന്ധം തുടർന്നു.
ദക്ഷിണ ആഫ്രിക്കയിലും ജന്മനാടായ ലിഥുവാനിയയിലും ഈ അപൂർവ സുഹൃത്തുക്കളുടെ പ്രതിമ ഉയർത്തി അനുയായികൾ ഗാന്ധിജിയുടെയും കല്ലൻബായുടെയും സ്മരണ നിലനിർത്തുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized