#ഓർമ്മ
#ചരിത്രം
ലോക പൈതൃക ദിനം.
ഏപ്രിൽ 18 ലോക പൈതൃക ദിനമാണ്.
5000 വർഷത്തെ സംസ്കാരത്തിന്റെ പാരമ്പര്യമുള്ള നാടാണ് ഭാരതം.
പക്ഷേ നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ നല്ലൊരു ഭാഗം എന്നേക്കുമായി നഷ്ടപ്പെട്ടു കഴിഞ്ഞു. എങ്കിലും കുറെയേറെ ചരിത്രസ്മാരകങ്ങൾ ബാക്കിയുണ്ട്.
ആഗ്രയിലെ താജ്മഹൽ ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ സ്മാരകമാണ്.
ഇന്ത്യയിൽ യുനെസ്‌കോ, ചരിത്ര, പൈതൃക ഇടങ്ങളായി (World Heritage Sites) ആയി പ്രഖ്യാപിച്ചിട്ടുള്ള എല്ലാ സ്ഥലങ്ങളും സന്ദർശിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയ സൗഭാഗ്യമായി കരുതുന്നയാളാണ് ഞാൻ.
മധ്യപ്രദേശിലെ ബിംബദ്ക്ക ഗുഹകളിലെ ചരിത്രാതീതകാലത്തെ പെയിന്റിംഗുകളും, ഖാജുരാഹോയിലെ ശില്പങ്ങളും, അജന്താ, എല്ലോറ ഗുഹാചിത്രങ്ങളും ശില്പങ്ങളും മുതൽ തഞ്ചാവൂർ വലിയ ക്ഷേത്രം തുടങ്ങിയ അതിപുരാതനമായ പൈതൃകസ്മാരകങ്ങൾ സന്ദർശിക്കുക എന്നത് അവിസ്മരണീയമായ അനുഭവമാണ്. ഒരു കാലത്ത് മണൽ കയറി മൂടിക്കിടന്നിരുന്ന മഹാബലിപുരം പോയ ഒരു കാലത്തിന്റെ ഗരിമ നമുക്ക് വെളിവാക്കിത്തരുന്നു.
പല പൈതൃക അവശേഷിപ്പുകളും ഇന്നും കുറ്റകരമായ അവഗണന നേരിടുന്നു. ഉദാഹരണം കാണണമെങ്കിൽ മുംബൈക്കടുത്തുള്ള ദ്വീപിൽ സ്ഥിതിചെയ്യുന്ന എലിഫന്റാ ഗുഹകൾ സന്ദർശിച്ചാൽ മതി.
കോണാർക്കിലെ സൂര്യക്ഷേത്രത്തിന്റെ പ്രധാനഗോപുരം ഇന്ന് താങ്ങുകളില്ലെങ്കിൽ നിലംപൊത്തുന്ന സ്ഥിതിയിലാണ്.
എല്ലാം സർക്കാര് ചെയ്യണം, ചെയ്തുകൊള്ളും എന്ന മനോഭാവം നാം വെടിയണം.
ഇനി ഒന്നുപോലും നഷ്ടപ്പെടില്ല, ഉള്ളവ ഭംഗിയായി നിലനിർത്തും എന്ന് പ്രതിജ്ഞയെടുക്കാനുള്ള ഓർമ്മപ്പെടുത്തലാണ് പൈതൃക ദിനം.
– ജോയ് കള്ളിവയലിൽ.
Posted inUncategorized