#കേരളചരിത്രം
ക്ഷാമവും പകർച്ചവ്യാധികളും മലബാറിൽ.
ആധുനിക കാലത്ത് ലോകത്തെ മുഴുവൻ ഗ്രസിച്ച മഹാമാരിയായിരുന്നു കോവിഡ്. കോവിഡിനെ നേരിടാൻ കേരളം സ്വീകരിച്ച നടപടികൾ ലോകത്തിൻ്റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റി.
250 കൊല്ലം മുൻപ് മലബാറിനെ ബാധിച്ച ക്ഷാമവും പകർച്ചവ്യാധികളും ജനങ്ങൾക്കിടയിൽ വലിയ ദുരിതം വിതച്ചു .
അവയെക്കുറിച്ചറിയാൻ ഏറ്റവും സഹായകരമായ രേഖയാണ് മലബാർ കലക്റ്ററായിരുന്ന വില്യം ലോഗൻ എഴുതിയ മലബാർ മാനുവൽ.
1729ലെ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി രേഖകൾ അദ്ദേഹം ഉദ്ധരിക്കുന്നു:
“മലയാളികളിൽ പാവപ്പെട്ടവർ നിത്യവൃത്തിക്ക് ഏറ്റവും അധികം വിഷമിക്കുന്നത് പഞ്ഞമാസങ്ങളായി അറിയപ്പെടുന്ന ജൂലൈ ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലാണ്. പഞ്ഞമാസങ്ങളിൽ പാവപ്പെട്ടവർക്കു വേണ്ടി സൗജന്യമായ കഞ്ഞിവീഴ്ത്തു കേന്ദ്രങ്ങൾ, കഴിവുള്ളവർ നടത്താറുണ്ട്. ജില്ലയിൽ ഇതൊരു പതിവുകാഴ്ച്ചയാണ്….”
1877ൽ, വ്യാപകമായ ക്ഷാമം തടയാൻ ഇത്തരം കഞ്ഞിവീഴ്ത്തു കേന്ദ്രങ്ങൾ കാര്യമായി സഹായിച്ചു. ശരാശരി ഒരുദിവസം ഒരുനേരം ഇങ്ങനെ വിശപ്പടക്കുന്നവരുടെ എണ്ണം ഒരു ഘട്ടത്തിൽ 40,000 ആണെന്ന് കണക്കുണ്ട്.
പകർച്ചവ്യാധികളും മഹാമാരിയും ചിലപ്പോഴൊക്കെ നാട്ടിൽ നടമാടാറുണ്ട്.
1730 ഒക്ടോബർ തലശേരി കമ്പനി ഡയറിയിൽ ഇങ്ങനെ കാണുന്നു:
“ജില്ലയിലെ ജനങ്ങൾക്കിടയിൽ കുറച്ചുകാലമായി പടർന്നു പിടിച്ച ഛർദ്യതിസാരം ഇപ്പോൾ അതിന്റെ പാരമ്യത്തിൽ എത്തിയിരിക്കുന്നു. മരിച്ചവരെ കുഴിച്ചുമൂടാൻ തന്നെ നാട്ടുകാർ നന്നെ പ്രയാസപ്പെടുന്നു. “…
1757ലാണ് പകർച്ചവ്യാധി രണ്ടാമതൊരു വട്ടം മലബാറിൽ പടർന്നുപിടിച്ചത്…. കോഴിക്കോട്ടും മാഹിയിലും കണ്ണൂരും ആളുകൾ ചത്തൊടുങ്ങി….
മസൂരിയാണ് മറ്റൊരു മാരകമായ സാംക്രമികരോഗം. 1801 ഡിസംബറിൽ ഇത് വ്യാപകമായി ഉണ്ടായി.
കുത്തിവെപ്പിന് വിധേയമാകുന്ന നാട്ടുകാർക്ക് സമ്മാനങ്ങൾ വാഗ്ദാനം ചെയ്യപ്പെട്ടു.
1803ൽ, ഇക്കാര്യത്തിൽ യാതൊരു അലംഭാവവും പാടില്ലെന്ന് സബ്കളക്ടർമാർക്ക് പ്രത്യേകം നിർദേശം നൽകപ്പെട്ടു…..
മന്തുരോഗം സർവസാധാരണമാണ് മലബാറിൽ. പ്രത്യേകിച്ചും തീരദേശങ്ങളിൽ താമസിക്കുന്ന മാപ്പിളമാർക്കിടയിൽ”..
– ജോയ് കള്ളിവയലിൽ.
Posted inUncategorized