കുരിശ് വന്ന വഴി

#കേരളചരിത്രം

“കുരിശ് ” വന്ന വഴി.

പുരാതന ഈജിപ്റ്റിലും റോമാസാമ്രാജ്യത്തിലും നിലവിലുണ്ടായിരുന്ന ഒരു വധശിക്ഷാ വിധിയാണ് കുരിശിൽ തറച്ച് കൊല്ലുക എന്നത്.
യേശുക്രിസ്തുവിൻ്റെ കുരിശിലെ മരണത്തോടെ ക്രിസ്ത്യാനികൾക്ക് കുരിശ് ഒരു പൂജ്യവസ്തുവായി മാറി. കാലക്രമത്തിൽ കുരിശ് ക്രിസ്ത്യാനിയുടെ അടയാളമായി മാറി.
കേരളത്തിൽ പോർച്ചുഗീസ് മിഷണറിമാരുടെ വരവിനു മുൻപു വരെ കേരളത്തിലെ പരമ്പരാഗത മാർ തോമാ നസ്രാണികൾ കുരിശിനെ “സ്ലീവാ, “സ്ലീബാ മരം ” എന്നൊക്കെയാണ് പറഞ്ഞുവന്നിരുന്നത്. പേർഷ്യയിൽ നിന്നുള്ള ക്രൈസ്തവകുടിയേറ്റം മുതലെങ്കിലും മലയാളത്തിലേക്ക് ഈ സുറിയാനിപദവും വന്നു എന്ന് കരുതണം.
ഇന്ന് പരമ്പരാഗത മാർ തോമാ ക്രിസ്ത്യാനികളും പോർട്ടുഗീസുകാലത്ത് മതപരിവർത്തനം നടത്തിയ ക്രൈസ്തവരും, പിന്നീട് ജർമൻ, ബ്രിട്ടീഷ് മിഷനറിമാർ മതപരിവർത്തനം നടത്തിയവരും, പ്രോട്ടസ്റ്റന്റുകാരും, എല്ലാവരും കുരിശ് എന്ന പദമാണ് പൊതുവെ ഉപയോഗിച്ചുവരുന്നത്.
ഇപ്പോൾ കുരിശ് എന്ന വാക്ക് സാർവ്വത്രികമായി മലയാളികൾ ഒരു മലയാളവാക്കായി ഉപയോഗിച്ചുവരുന്നു.

പോർട്ടുഗീസുകാരുടെ വരവിനുശേഷം പല പോർച്ചുഗീസ് വാക്കുകളും മലയാളത്തിലേക്ക് ആദാനം ചെയ്യപ്പെട്ടിട്ടുണ്ട്. കൊന്ത, പാതിരി, വികാരി, കാസ, ഓസ്തി, തുടങ്ങിയവ അങ്ങനെ മലയാളത്തിലേക്ക് കുടിയേറിയവയാണ്.
അത്തരത്തിൽ പോർട്ടുഗീസിൽനിന്നും കൈമാറ്റം ചെയ്യപ്പെട്ട ഒരു പദമാണ് കുരിശ്. പോർട്ടുഗീസ് ഭാഷയിലുള്ള “ക്രൂസ് ” എന്ന വാക്കാണ് കുരിശ് എന്ന രൂപത്തിൽ ഉച്ചാരണവ്യത്യാസത്തോടെ മലയാളി സ്വീകരിച്ചത്.
ഇംഗ്ലീഷിൽ ക്രോസ്സ് ആണ് സമാനമായ പദം. ഗ്രീക്കുഭാഷയിൽ “സ്തൗരോസ് ” എന്ന വാക്കാണ് ഉപയോഗിക്കുന്നത്. നില്ക്കുക/ഉറപ്പിക്കുക എന്നൊക്കെയാണ് ഇതിനർത്ഥം. സംസ്കൃതത്തിലെ
” സ്ഥ” എന്ന ധാതുവുമായി സ്തൗരോസിനു ബന്ധമുണ്ട്. പക്ഷേ കുരിശിനോടു ബന്ധമുള്ള ധാതുക്കളൊന്നും പ്രാചീന സംസ്കൃതത്തിലില്ല. കുരിശിൽ തറച്ചു കൊല്ലുന്ന രീതി ഭാരതത്തിൽ നടപ്പിലില്ലായിരുന്നതാവാം കാരണം. കുരിശിന് പകരമായി ഒരു സംസ്കൃതപദം കണ്ടെത്താനാവില്ല. ഒരാളെ അകാരണമായി പീഡിപ്പിക്കിക്കുക
എന്നയർത്ഥത്തിൽ
“ക്രൂശിക്കുക ” എന്ന വാക്കും മലയാളത്തിൻ്റെ ഭാഗമായി എന്ന് കരുതാം.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *