#ഓർമ്മ
സ്വാതി തിരുനാൾ.
സ്വാതി തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ (1813-1846) ജന്മവാർഷികദിനമാണ്
ഏപ്രിൽ 16.
തിരുവിതാംകൂർ ഭരിച്ച രാജാവ് എന്നതിലുപരി കേരളചരിത്രത്തിലെ ഏറ്റവും മഹാനായ സംഗീതജ്ഞൻ എന്ന നിലയിലാണ് സ്വാതി തിരുനാൾ ഓർക്കപ്പെടുന്നത്.
33 വയസ്സ് മാത്രം നീണ്ട ജീവിതത്തിനുള്ളിൽ 5 ഭാഷകളിൽ, കർണാടക, ഹിന്ദുസ്ഥാനി സംഗീതശാഖകളിലായി 400 കൃതികളാണ് അദ്ദേഹം രചിച്ചത്. റീജന്റായി 1811 മുതൽ 1815 വരെ വേണാട് ഭരിച്ച ഗൗരി ലക്ഷ്മിബായിയുടെ മകനായാണ് ജനനം. രണ്ടു വയസ്സിൽ അമ്മ മരിച്ചതിനെത്തുടർന്ന് അമ്മയുടെ സഹോദരി റാണി പാർവതിബായിയാണ് സ്വാതിയെ വളർത്തിയത്.
കുട്ടിയുടെ അസാമാന്യമായ ബുദ്ധിവൈഭവം കണ്ടറിഞ്ഞു മലയാളം, സംസ്‌കൃതം, തമിൾ, തെലുഗു, കന്നട, പേർഷ്യൻ, ഹിന്ദി, മറാട്ടി ഭാഷകളും കർണാടക, ഹിന്ദുസ്ഥാനി സംഗീതവും പഠിപ്പിച്ചു.
സ്വാതിക്ക് ഉറക്കുപാട്ടായി കൊട്ടാരം കവിയായ ഇരയിമ്മൻ തമ്പി എഴുതിയതാണ് ‘ഓമനത്തിങ്കൾക്കിടാവോ…’ എന്ന സുപ്രസിദ്ധമായ കവിത.
തമ്പിക്കു പുറമെ അക്കാലത്ത് കൊട്ടാരം സംഗീതജ്ഞന്മാരിൽ പ്രമുഖനായിരുന്നു, ത്യാഗരാജ ഭാഗവതരെപ്പോലും വിസ്മയിപ്പിച്ച ഷട്ക്കാല ഗോവിന്ദമാരാർ.
രാജാവായ സ്വാതി തിരുനാൾ സ്ഥാപിച്ച സ്‌കൂളാണ് ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ്. സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, സ്റ്റേറ്റ് മനുസ്ക്രിപ്റ്റ് ലൈബ്രറി എന്നിവയും അദ്ദേഹം സ്ഥാപിച്ചതാണ്.
1839ൽ സ്വാതി തിരുനാൾ തുടക്കമിട്ട നവരാത്രി സംഗീതോത്സവം 180ൽപ്പരം വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും മുടക്കമില്ലാതെ കൊണ്ടാടപ്പെടുന്നു.
– ജോയ് കള്ളിവയലിൽ.

