#ചരിത്രം
രൂപായുടെ കഥ.
ഷേർ ഷാ സൂരി ( 1540-1543) ചക്രവർത്തിയാണ് റുപ്പിയ എന്ന പേരിൽ ഒരു വെള്ളിനാണയം ഇറക്കിയത്.
മുഗൾ, മറാത്താ ഭരണകാലത്തും ഈ വെള്ളിനാണയം ഉപയോഗിച്ചു പോന്നു.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തുടക്കത്തിൽ റുപ്പിയ എന്ന ഈ വെള്ളിനാണയം തന്നെയാണ് ഉപയോഗിച്ചിരുന്നത്.
1840 മുതൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു രൂപയുടെ നാണയം ബോംബെ, കൽക്കത്ത, മദ്രാസ് എന്നീ നഗരങ്ങളിലെ കമ്മട്ടങ്ങളിൽ അടിച്ചു വിതരണം ചെയ്തുതുടങ്ങി.
ഒന്നാം ലോകമഹായുദ്ധകാലത്ത് നാണയങ്ങൾ അടിക്കാനുള്ള ലോഹങ്ങൾക്ക് കടുത്ത ക്ഷാമം നേരിട്ടതോടെ ഒരു രൂപയുടെ പേപ്പർ നോട്ട് അടിച്ച് വിതരണം ചെയ്യാൻ തീരുമാനിച്ചു.
തുടക്കത്തിൽ ബ്രിട്ടനിൽ നോട്ട് അടിച്ച് ഇന്ത്യയിൽ എത്തിച്ചശേഷം ഇവിടെവെച്ച് ഒപ്പിട്ട് വിതരണം ചെയ്യുകയായിരുന്നു.
ഒരു ബ്രിട്ടീഷ് രൂപ സമം 16 അണ, ഒരു അണ സമം 4 പൈസ , അതായത് ഒരു രൂപ സമം 64 പൈസ എന്നായിരുന്നു കണക്ക്.
1950ൽ ഇന്ത്യ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായതോടെ ഒരു രൂപാ സമം 100 നയാ പൈസ എന്നാക്കി. പിന്നീട് നയാ എന്ന പേര് ഉപേക്ഷിച്ചു.
സ്വാതന്ത്ര്യത്തിനുശേഷം ബ്രിട്ടീഷ് രാജാവിൻ്റെ / രാജ്ഞിയുടെ ചിത്രത്തിന് പകരം രാഷ്ട്രപിതാവ് ഗാന്ധിജിയുടെയും മറ്റും ചിത്രങ്ങൾ നോട്ടിലും നാണയത്തിലും ഉൾപ്പെടുത്തിതുടങ്ങി.
ഏറ്റവും ചെറിയ തുകക്കുള്ള നോട്ട് ആയ ഒരു രൂപ ഇപ്പൊൾ അധികം അച്ചടിക്കുന്നില്ല. പകരം നാണയം ആണ്. പുതിയ നാണയങ്ങൾ രൂപയുടെ ചിഹ്നം( ₹ ) സഹിതമാണ് അടിക്കുന്നത്.
– ജോയ് കള്ളിവയലിൽ.







