#ഓർമ്മ
ഡോക്ടർ സോമർവെൽ.
ഭാരതത്തിന്റെ ആൽബർട്ട് ഷ്യട്സർ എന്ന് വിശേഷിപ്പിക്കാവുന്ന, വൈദ്യശാസ്ത്രരംഗത്തെ ഇതിഹാസമായ ഡോക്ടർ തിയഡോർ ഹോവാർഡ് സോമർവെല്ലിന്റെ (1890-1975) ജന്മവാർഷികദിനമാണ്
ഏപ്രിൽ 16.
ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലും, ലണ്ടൻ യൂണിവേഴ്സിറ്റി മെഡിക്കൽ കോളേജിലും പഠിച്ച് എം ബി, എം സിഎച്ച് ബിരുദം നേടിയ സോമർവെൽ, ഒന്നാം ലോകമഹായുദ്ധം നടക്കുന്നതുമൂലം യുദ്ധമുന്നണിയിലേക്ക് അയക്കപ്പെട്ടു. 1915മുതൽ 1918വരെ റോയൽ മെഡിക്കൽ സർവീസിൽ സേവനമനുഷ്ടിച്ചു. സർജറിയിൽ ഉപരിപഠനം നടത്തിയ സോമർവെല്ലിനു 1921ൽ എഫ് ആർ സി എസ് ബിരുദം ലഭിച്ചു.
പർവതാരോഹണം, പെയിന്റിംഗ്, സംഗീതം എന്നിവയിലെല്ലാം പ്രഗത്ഭനായ അദ്ദേഹം എവറസ്റ്റ് കൊടുമുടി കയറാനുള്ള ബ്രിട്ടീഷ് സംഘത്തിൽ അംഗമായാണ് 1921ൽ ഇന്ത്യയിൽ എത്തിയത്. 1924ലെ സംഘത്തിലും അദ്ദേഹം പങ്കാളിയായി. ഇന്ത്യ കാണാനുള്ള യാത്രയിൽ തിരുവിതാംകൂറിലെ കന്യാകുമാരിയിലെത്തിയ ഡോക്ടർ സോമർവെൽ, ഇവിടുത്തെ ആരോഗ്യരംഗത്തെ ദയനീയസ്ഥിതി നേരിൽ കണ്ടു ഞെട്ടിപ്പോയി.
1838ൽ നെയ്യൂരിൽ എൽ എം എസ് മിഷനറിമാർ സ്ഥാപിച്ച ആശുപത്രിയിൽ അദ്ദേഹം ഡോക്ടറായി ചേർന്നു.
മെഡിക്കൽ രംഗത്തെ പരമോന്നത ബഹുമതിയായ കൈസർ ഈ ഹിന്ദ് സ്വർണമെഡലിന് 1938ൽ അദ്ദേഹം അർഹനായി.
1945ൽ ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോകുമ്പോൾ ദക്ഷിണ ഇന്ത്യ മുഴുവൻ അദ്ദേഹത്തിന്റെ പ്രശസ്തി പരന്നിരുന്നു.
വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിന്റെ അഭ്യർഥ്യന മാനിച്ച് 1949ൽ തിരിച്ചെത്തിയ ഡോക്ടർ സോമർവെൽ, 1959വരെ അവിടെ സർജറി വിഭാഗം തലവനായി സേവനംചെയ്തു. 1961ൽ വിരമിച്ചു ഇംഗ്ലണ്ടിലേക്ക് മടങ്ങി.
1924ലെ വിന്റർ ഒളിമ്പിക്സിൽ പർവതാരോഹണത്തിനുള്ള സ്വർണ്ണമെഡൽ അദ്ദേഹത്തിനു ലഭിച്ചു എന്ന വിവരം ഇന്ത്യക്കാർ വളരെ താമസിച്ചാണ് അറിഞ്ഞത്.
നെയ്യൂരെ ആശുപത്രിയും, തിരുവനന്തപുരം കാരക്കോണത്തെ മെഡിക്കൽ കോളേജും ഡോക്ടർ സോമർവെൽ എന്ന ഇതിഹാസത്തിന്റെ സ്മാരകങ്ങളായി നിലകൊള്ളുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized