#കേരളചരിത്രം
തിരുവിതാംകൂറിലെ ആരോഗ്യരംഗം – പോയ നൂറ്റാണ്ടിൽ.
പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ ആരംഭംമുതൽ കേരളം കൈവരിച്ച ആരോഗ്യസുരക്ഷാരംഗത്തെ അഭിമാനകരമായ നേട്ടങ്ങളിൽ സ്വകാര്യമേഖലയും വലിയ പങ്കുവഹിച്ചിട്ടുണ്ട്.
1838ൽ തെക്കൻ തിരുവിതാംകൂറിലെ നെയ്യൂരിലാണ് ലണ്ടൻ മിഷനറി സൊസൈറ്റി (LMS) അംഗമായ ഡോക്ടർ ലെയ്ച്, നമ്മുടെ നാട്ടിലെ ആദ്യത്തെ സ്വകാര്യ ആശുപത്രി തുടങ്ങിയത്.
നിർഭാഗ്യവശാൽ പാവങ്ങൾക്കുവേണ്ടിയുള്ള സേവനം അധികം നാൾ തുടരാൻ അദ്ദേഹത്തിനു ഭാഗ്യമുണ്ടായില്ല.
1854 ഓഗസ്റ്റ് 25ന് സമീപത്തുള്ള മുട്ടം കടലിൽ കുളിക്കവേ അദ്ദേഹം മുങ്ങിമരിച്ചു.
പുതിയ ഒരു ഡോക്ടർ എത്തിയത് 1861നവമ്പറിൽ മാത്രമാണ് – ഡോക്ടർ ജോൺ ലോവ് MRCE.
ചുറ്റുപാടും പുതിയ ഡിസ്പെൻസറികൾ തുടങ്ങിയ അദ്ദേഹം 10വർഷം കഴിഞ്ഞു ബ്രിട്ടനിലേക്ക് തിരിച്ചുപോയി.
പിന്നീടുവന്നത് ഡോക്ടർ തോംസൺ ആണ്. അദ്ദേഹത്തിന്റെ പിൻഗാമിയായ ഡോക്ടർ ഫ്രൈ, പുതിയ ആശുപത്രി കെട്ടിടം പണിയിച്ചതുകൂടാതെ ഒരു മെഡിക്കൽ സ്കൂൾ, ‘ലെപ്പർ അസയ്ലം’, പുതിയ ഡിസ്‌പെൻസറികൾ തുടങ്ങിയവ സ്ഥാപിച്ചു.
1892ൽ ഡോക്ടർ ഫെൽസ്, ഡോക്ടർ ബെന്റാൽ എന്നിവരെത്തി.
നെയ്യൂർ ആശുപത്രിക്കും നാഗർകോവിൽ ഡിസ്പെന്സറിക്കും സർക്കാർ ധനസഹായം നൽകിയിരുന്നു .
1924ൽ ഡോക്ടർ സോമർവെല്ലാണ് ഇന്ത്യയിൽ ആദ്യമായി എക്സ്‌റേ മെഷീൻ കൊണ്ടുവന്നത്. നെയ്യൂർ ആശുപത്രി അതോടെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും പ്രശസ്തവുമായ ശസ്ത്രക്രിയാ ആശുപത്രിയായി മാറി.
നാട്ടിൽ അനേകം പേരുടെ മരണത്തിനു കാരണമായിരുന്ന വയറ്റിലെ അൾസർ ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്താം എന്നു കണ്ടുപിടിച്ചത് ഡോക്ടർ സോമർവെല്ലാണ്. കുണ്ടറ ആശുപത്രിക്കും അദ്ദേഹത്തിന്റെ സേവനം ലഭിക്കാനുള്ള ഭാഗ്യമുണ്ടായി.
1871ൽ ആലപ്പുഴയിൽ ചർച്ചു മിഷനറി സൊസൈറ്റി (CMS) ഒരു ‘ലെപ്പർ അസൈലം’ ആരംഭിച്ചു. ആ വർഷംതന്നെ ആലുവ മഞ്ഞുമ്മലിൽ വരാപ്പുഴ റോമൻ കത്തോലിക്കാ മെത്രാപ്പോലീത്ത ലിയോനാര്ഡോ മെലാനോ ഒരു ആശുപത്രിയും ഡിസ്പെൻസറിയും തുടങ്ങി. രണ്ടു സ്ഥാപനങ്ങളും സർക്കാർ ധനസഹായത്തോടെയാണ് പ്രവർത്തിച്ചിരുന്നത്.
തിരുവനന്തപുരം സെനാന മിഷൻ ഡിസ്‌പെൻസറി, ദേവികുളത്തെ പ്ലാന്റേഴ്‌സ് ഡിസ്‌പെൻസറി തുടങ്ങിയവയും സർക്കാർ സഹായം കൊണ്ടു പ്രവർത്തനം നടത്തിയിരുന്നവയാണ്.
പൊന്മുടി, അർണക്കൽ, കൽത്തുരുത്തി, സോതപ്പാറ, മൂന്നാർ, നെടുങ്ങോലം, അശാംബു തുടങ്ങിയ സ്ഥലങ്ങളിലെ ഡിസ്‌പെൻസറികൾ ഒരു നൂറ്റാണ്ടുമുൻപേ സർക്കാർ സഹായംകൊണ്ടു പ്രവർത്തിച്ചിരുന്നവയാണ്.
ബ്രിട്ടീഷ് അധീന
പ്രദേശമായിരുന്നെങ്കിലും ഹൈറേഞ്ചിലെ തോട്ടം തൊഴിലാളികൾ ആശ്രയിച്ചിരുന്ന ബോഡിനായ്ക്കന്നൂരിലെ ലോക്കൽ ഫണ്ട് ഡിസ്പെന്സറിക്കും തിരുവിതാംകൂർ സർക്കാർ സാമ്പത്തികസഹായം നൽകിപ്പോന്നു.
ആധുനിക ചികിത്സ പൊതുവെ അപ്രാപ്യമായതിനാൽ പൊതുജനങ്ങൾ കൂടുതൽ ആശ്രയിച്ചിരുന്നത് നാട്ടുവൈദ്യശാലകളെയാണ്. 1895 മുതൽ മെഡിക്കൽ ഗ്രാന്റ് നൽകുന്ന സ്ഥാപനങ്ങളുടെ കൂട്ടത്തിൽ വൈദ്യശാലകളെയും ഉൾപ്പെടുത്തി. വിദേശചികിത്സ നൽകുന്ന സ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കാൻ ദർബാർ ഫിസിഷ്യനെ ചുമതലപ്പെടുത്തി. വൈദ്യശാലകളുടെ മേൽനോട്ടം രണ്ടു പ്രമുഖ ആയുർവേദവൈദ്യന്മാരുടെ ചുമതലയിലാക്കി. ഇവകൂടാതെ നൂറുകണക്കിന് നാട്ടുവൈദ്യന്മാരുടെ സേവനവും ജനങ്ങൾക്ക് സഹായകരമായി.
1905 ആയപ്പോഴേക്കും
6,50,000 പേർക്ക് ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞു .
സർക്കാർ മൊത്തം വരുമാനത്തിന്റെ 4ശതമാനം ആരോഗ്യസംരക്ഷണത്തിനാണ് ചെലവാക്കിയിരുന്നത് എന്നത് ശ്രദ്ധേയമാണ് .
തിരുവനന്തപുരം തൊട്ടുള്ള തെക്കൻ തിരുവിതാംകൂർ പ്രദേശങ്ങളിൽ ചിന്താമണി എന്ന ഒരു തമിഴ് ചികിത്സാരീതിയിൽ വളരെപ്പേർ ആശ്രയിച്ചിരുന്നു.
മലബാറിൽ യൂനാനി ചികിത്സ വ്യാപകമായി പ്രചരിച്ചിരുന്നു.
കോട്ടയത്തെ വയസ്കര മൂസ്സ്, രാജകൊട്ടാരത്തിൽ ഉൾപ്പെടെ തിരുവിതാംകൂർ മുഴുവൻ പ്രശസ്‌തനായ ആയുർവേദ വൈദ്യനായിരുന്നു.
തിരുവിതാംകൂറിലെ ഏറ്റവും വലിയ ആശുപത്രിയായിരുന്നു നെയ്യൂർ. 1956മുതൽ അത് തമിഴ്നാടിന്റെ ഭാഗമായി മാറി.
ഇന്ന് അത് ഒരു മെഡിക്കൽ കോളേജ് ആയി വളർന്നുകഴിഞ്ഞു. ഒരു അന്താരാഷ്ട്ര കാൻസർ ചികിത്സാ കേന്ദ്രവും അവിടെ പ്രവർത്തിക്കുന്നുണ്ട്.
ഫോട്ടോ :
നെയ്യൂർ ആശുപത്രി
– ജോയ് കള്ളിവയലിൽ
Posted inUncategorized