വൈക്കം ചന്ദ്രശേഖരൻ നായർ

#ഓർമ്മ

വൈക്കം ചന്ദ്രശേഖരൻ നായർ.

വൈക്കം ചന്ദ്രശേഖരൻ നായരുടെ
( 1928 – 2005) ഓർമ്മദിവസമാണ്
ഏപ്രിൽ 12.

പത്രപ്രവര്‍ത്തകന്‍, നടന്‍, നാടകകൃത്ത്, ഗായകന്‍, കവി, ഗാനരചയിതാവ്, പ്രസംഗകന്‍, ചിത്രകാരൻ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്നു ഈ വൈക്കംകാരൻ.
”സോപാനത്തിലെ ഇടയ്ക്കയുടെയും മണിയൊച്ചയുടെയും അമ്പലമുറ്റത്തെ കലാവേളയുടെയും ഗന്ധം എന്റെ ആത്മാവിലേക്കു പകര്‍ന്നുകിട്ടി. ഞാന്‍ ഫ്യൂഡല്‍ കാലഘട്ടത്തിന്റെ ഏറ്റവും ഒടുവിലത്തെ അധ്യായത്തില്‍ ജീവിക്കുന്ന ഒരാളായിത്തീര്‍ന്നു. ചെണ്ടയുടെ താളത്തിലനിന്ന് ഒരിക്കലും മോചനംകിട്ടാത്ത ഒരു ജീവിയായിത്തീര്‍ന്നു ഞാന്‍”- ആത്മകഥയില്‍ അദ്ദേഹം എഴുതി.
പതിനേഴാം വയസ്സില്‍ ‘ആളോഹരി’ എന്ന നാടകമെഴുതിയാണ് തുടക്കം. തുടർന്ന് നാടകരചനയോടൊപ്പം നാടകസംവിധാനവും അഭിനയവും ഗാനരചനയും നടത്തി.
‘ജനയുഗം’ വാരിക ആരംഭിച്ചത് 30 വയസ് മാത്രം പ്രായമുള്ള വൈക്കം ചന്ദ്രശേഖരന്‍ നായരുടെ പത്രാധിപത്യത്തിലാണ്. ‘ജനയുഗ’ത്തിനു പുറമെ ‘കേരളം’, ‘പ്രഭാതം’, ‘കേരളപ്രഭ’, ‘കേരളഭൂഷണം’, ‘കൗമുദി’, ‘യുവകേരളം’, ‘പൗരപ്രഭ’, ‘കേരളശബ്ദം’, ‘കുങ്കുമം’, ‘ചിത്രകാര്‍ത്തിക’, ‘പൗരപ്രഭ’, ‘മലയാളമനോരമ’, ‘കുമാരി’ എന്നീ പ്രസിദ്ധീകരണങ്ങളില്‍ പത്രാധിപരായിരുന്നു. ചരിത്രാഖ്യായികളെ ഒരു ഇടവേളക്കുശേഷം മടക്കിക്കൊണ്ടുവന്നത് വൈക്കമാണ്. അദ്ദേഹത്തിന്റെ പ്രശസ്തനോവലായ ‘പഞ്ചവൻകാട്’ എന്ന നോവൽ വേണാടിൻ്റെ ചരിത്രത്തിന്റെ ഉദ്വേഗജനകമായ പുനരാഖ്യാനമാണ്. സ്വാതി തിരുനാൾ ഉൾപ്പെടെ പല നോവലുകളും ചലചിത്രമാക്കപ്പെട്ടിട്ടുണ്ട്.
പത്രാധിപർ എന്ന നിലയിൽ, തന്റെ മാസികൾക്കുവേണ്ടി വിവിധ lപേരുകളിൽ ലേഖനങ്ങളും നോവലും അദ്ദേഹം തന്നെ എഴുതിയിരുന്നു എന്ന പ്രത്യേകതയുമുണ്ട്.
‘വത്സല എം.എ’, ‘സാത്യകി’, ‘പ്രതാപചന്ദ്രൻ’, ‘വി പ്രതാപചന്ദ്രൻ എം.എസ്സി’, ‘മിസിസ് മായാവതി’, ‘ഫിലോമിനാ മാത്യു’, ‘കേണൽ പ്രസാദ്, ‘ശ്രീകാന്ത് വർമ’, ‘വൈക്കം ലത’ എന്നിങ്ങനെ നിരവധി പേരുകളിൽ ആദ്ദേഹം എഴുതിയിരുന്നു.

പന്ത്രണ്ടിലേറെ നാടകങ്ങളും വൈക്കം എഴുതിയിട്ടുണ്ട്. അദ്ദേഹം എഴുതിയ ‘മാധവിക്കുട്ടി’ എന്ന തിരക്കഥയ്ക്ക് അവാർഡ് ലഭിച്ചിട്ടുണ്ട്.
‘ജാതൂഗൃഹം’ എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടി. കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാർഡും ലഭിച്ചു.
1978 മുതൽ 1981 വരെ കേരള സംഗീത നാടക അക്കാദമി ചെയർമാനായും പ്രവർത്തിച്ചു.
ആത്മകഥാപരമായ കൃതിയാണ് ‘അനുഭവങ്ങളെ, നന്ദി’ .
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *