#ഓർമ്മ
സി വി കുഞ്ഞുരാമൻ.
സി വി കുഞ്ഞിരാമൻ്റെ ( 1871-1949) ഓർമ്മദിവസമാണ്
ഏപ്രിൽ 10.
എഴുത്തുകാരനും , അധ്യാപകനും, വക്കീലും, പത്രപ്രവർത്തകനും, സാമൂഹ്യപരിഷ്ക്കർത്താവുമായിരുന്നു ഈ മയ്യനാട്ടുകാരൻ.
1893ൽ വനം വകുപ്പിൽ ക്ലർക്ക് ആയിട്ടാണ് ജീവിതം തുടങ്ങിയത്. ടീച്ചർപരിശീലന പരീക്ഷ പാസായി സ്കൂൾ അധ്യാപകനായി. വക്കീൽപരീക്ഷ പാസായി 1913ൽ പറവൂർ കോടതിയിൽ വക്കീലായി.
1911ൽ കേരള കൗമുദി തുടങ്ങിയെങ്കിലും 1920ൽ മകൻ കെ സുകുമാരൻ ( പത്രാധിപർ കെ സുകുമാരൻ)
കൂടി ചേർന്നതോടെയാണ് പത്രം അഭിവൃത്തി പ്രാപിച്ചത്.
ഒരുകാലത്ത് തിരുവിതാംകൂറിലെ ഏറ്റവും പ്രചാരമുള്ള വാരികയായിരുന്ന മലയാളരാജ്യത്തിൻ്റെ സ്ഥാപക പത്രാധിപർ സി വി യാണ്. നവജീവൻ മുതൽ വിവേകോദയം വരെ അനേകം പ്രസിദ്ധീകരണങ്ങളുടെ പത്രാധിപത്യവും വഹിച്ചു. തെളിഞ്ഞ ഗദ്യത്തിൻ്റെ ഉടമയായിരുന്ന സി വി 14 പുസ്തകങ്ങളുടെ രചയിതാവാണ്. സി വി എഴുതിയ വാൽമീകി രാമായണം, വ്യാസ മഹാഭാരതം എന്നിവ പ്രസിദ്ധമാണ്
ശ്രീനാരായണ ഗുരുവിൻ്റെ അടുത്ത സ്നേഹിതനായിരുന്ന സി വി വൈക്കം സത്യാഗ്രഹത്തിൻ്റെ മുൻനിരയിൽ പ്രവർത്തിച്ച സാമൂഹ്യപരിഷ്കർത്താവാണ്.
ഈഴവർ ബുദ്ധമതത്തിൽ ചേരും എന്ന സി വി യുടെ ഭീഷണി ക്ഷേത്രപ്രവേശന വിളംബരം വേഗത്തിലാക്കാൻ സഹായിച്ചു എന്ന് വേണം കരുതാൻ. 1928-29ലും 1931-32ലും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
സി വി യുടെ മകളെയാണ് പ്രശസ്തനായ സി കേശവൻ വിവാഹം ചെയ്തിരുന്നത്. കൊച്ചുമകൻ കെ ബാലകൃഷ്ണനും പ്രശസ്തനാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized