പാലാക്കാരുടെ ഭാഷണ ഭേദം

#കേരളചരിത്രം

പാലാക്കാരുടെ ഭാഷണഭേദം.
– ആൻ പാലി.

കോട്ടയം പാലാക്കാരുടെ ഭാഷയ്ക്ക് ഒരു പ്രത്യേകതയുണ്ട്. കേരളത്തിലെ മറ്റു സ്ഥലങ്ങളിലേതു പോലെയല്ല ഇവിടുത്തെ ചേട്ടന്മാരുടെ ഭാഷ. ചോദ്യങ്ങൾ എങ്ങനെയുള്ളതായാലും ഉത്തരങ്ങൾ ഏകദേശം ഒരേ ശൈലിയിലായിരിക്കും. പല കാര്യങ്ങൾക്കും ഇവർ ഒരേ മറുപടിയാകും പറയുക. ‘എന്നാ ഉണ്ടെന്ന് ‘ ചോദിച്ചാൽ ‘ഓ എന്നാ പറയാനാ’ എന്നായിരിക്കും മറുപടി.

പാലാ, കോട്ടയം ഭാഷയിലെ പ്രത്യേകതകളെക്കുറിച്ചും, അവിടുത്തെ മനുഷ്യരെക്കുറിച്ചും ആൻ പാലി(Anne Ann Palee ) ഏതാനും വർഷങ്ങൾക്ക് മുൻപ് എഴുതിയ രസകരമായ കുറിപ്പ്:

ഓ, എന്നാ പറയാനാ!

‘നാട്ടിലോട്ടൊന്നും വരുന്നില്ലേടി?’ ചോദ്യം എറിഞ്ഞത് എന്‍റെ ആന്‍റിയാണ്
‘ഓ എന്നാ പറയാനാ , തിരക്കാന്നെ, ആന്‍റി പാലയ്ക്കിറങ്ങിയോ …’ ഞാൻ
‘ഓ , എന്ന പറയാനാ , വയ്യെടി…’

ഫോൺ വെച്ച് തലപൊക്കി നോക്കുന്നതിനു മുൻപായി വേറെ മൂന്നു ശബ്ദങ്ങൾ കൂടി കേട്ടു, ‘ഓ, എന്നാ പറയാനാ …’കൂടെ ഉറക്കെയുള്ള ചിരികളും. അപ്പനും മക്കളും കൂടി നമ്മളെ കളിയാക്കുന്നതാ, ഫോൺചെയ്ത സമയത്തു ഒന്നുംമിണ്ടാതെ ഇരുന്നത് ഇതിനായിരുന്നു അല്ലെ ? അല്ല, ഇതിപ്പോ ആദ്യായിട്ടൊന്നുമല്ല, നാട്ടിലെ ആരെയെങ്കിലും വിളിക്കുമ്പോൾ ഞാൻ തനി പാലക്കാരിയാവുമെന്ന ആക്ഷേപം കേൾക്കുന്നത്, പക്ഷെ എനിക്കതിൽ ഒരു അഭിമാനക്ഷതവുമില്ല.

കല്യാണം കഴിഞ്ഞപ്പോൾ അല്പം ശ്രദ്ധിക്കേണ്ടിവന്ന ഒരുകാര്യം, അതുവരെ പറഞ്ഞിരുന്ന ‘വാ’, ‘പോ’, ‘താ’, തുടങ്ങിയ കുട്ടിവാക്കുകളുടെ പിറകിൽ ‘രൂ’ എന്നൊരു വാലും കൂടി തുന്നിക്കൂട്ടിയതാണ് (കുട്ടിവാക്കുകൾക്ക് ബഹുമാനക്കുറവാണ് എന്നതായിരുന്നു കാരണം). പക്ഷെ, കുട്ടിവാക്കുകൾ ഒരു പാലാ ശൈലിയാണ്, സംസാരത്തിലും, നടപ്പിലും, ജോലികളിലുമെല്ലാം തിടുക്കം , എപ്പോളും സമയക്കുറവു തോന്നിപ്പിക്കുന്ന പോലെ ഒരുമട്ട്! കുറെയൊക്കെ അത് സത്യവുമാണ് , ഞാൻ കണ്ടിട്ടുള്ള മനുഷ്യരിൽ ഏറ്റവും അദ്ധ്വാനശീലരായ ജനത മീനച്ചിലാറിന്റെ തീരത്തു വേരുകൾ പടർത്തിയവരാണ്.

ജോലിയോ, സാമ്പത്തികശേഷിയോ , ആൺപെൺവ്യതാസമോ ഇല്ലാതെ തൂമ്പപിടിക്കാൻ സന്തോഷത്തോടെ ഇറങ്ങുന്ന ആളുകൾ, വല്ല്യപ്പന്റെയോ, വല്യമ്മയുടെയോ പഴഞ്ചൻ പേരുകൾമാത്രം സ്വീകരിക്കാൻ വിധിക്കപ്പെട്ടവർ, മോഡേൺ ആയ ആപ്പനും അമ്മയും ഉണ്ടെങ്കിൽ മാത്രം സ്‌കൂളിൽ ചേർക്കുമ്പോൾ കേൾക്കാൻ കൊള്ളാവുന്ന ഒരുപേര് ഭാഗ്യത്തിന് കിട്ടുന്നവർ, ‘ഫാരതവും’ , ‘ഫർത്താവും ‘, ഫാര്യയും’ നാവിന്തുമ്പില് സൂക്ഷിക്കുന്നവർ, ‘എന്നാ’ എന്ന് യാതൊരു മടിയുമില്ലാതെ ചോദിക്കുന്നവർ , ഞങ്ങൾ പാലാക്കാർ …

ഞങ്ങളുടെ സ്വന്തം വാക്കാണ് ‘ഓ’! സുഖമാണോ, പഠിച്ചോ, കഴിച്ചോ, വന്നോ , പോയോ , മഴ പെയ്യുമോ, ഇടി വെട്ടുമോ, ഡാം പൊട്ടുമോ എന്നിങ്ങനെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരത്തിൽ , ചിലപ്പോൾ ഉത്തരം തന്നെയും ഈ ‘ഓ..’ആവും. പുരികത്തിന്‍റെ വളവും , നെറ്റിയുടെ അനക്കവും, കയ്യുടെ ആംഗ്യവുമെല്ലാം കൊണ്ട് കാഴ്ചക്കാർതന്നെ പലപ്പോഴും അതിന്റെ അർത്ഥം തിരഞ്ഞുപിടിക്കണം. അതുപോലെ തന്നെ പ്രാധാന്യമുള്ള മറ്റൊരു പ്രകടനമാണ് ‘ആം ‘. ഇത് ചുണ്ടുള്ളിലേക്കാക്കി, ശ്വാസം വലിച്ചുകയറ്റി, കണ്ടാൽ പത്തുപേര് പേടിക്കുന്നപോലെ ഒരു നീട്ടിയ ശബ്ദമാണത്, ‘അതെ’ എന്ന് അർഥംവരുന്ന ശബ്ദം. ഇനി ‘അല്ല, ഇല്ല’ എന്നൊക്കെ പറയാനാണെങ്കിൽ വാക്കുപോലും വേണ്ട, കണ്ണടച്ച്, വായ വളച്ചു ‘ബ്ബ്ജ്’ എന്ന ശബ്ദം പുറപ്പെടുവിച്ചാൽ മതി. (കേട്ടാൽ ഈസി എന്ന് തോന്നുമെങ്കിലും ഇതിനൊക്കെ വർഷങ്ങളുടെ ട്രെയിനിങ് വേണം കേട്ടോ ).

ചരിത്രത്തിലേക്ക് നോക്കുകയാണെകിൽ നാല് നൂറ്റാണ്ടോളം വരും പാലായും ക്രിസ്ത്യാനികളും തമ്മിലുള്ള ബന്ധം. മീനച്ചിലാറിന്റെ തീരത്തെ ‘പൊന്ന് വിളയുന്ന മണ്ണ്’ കണ്ട് കൃഷിയിറക്കി , വഞ്ചികളിൽ വിപണി തേടിയിറങ്ങി, പള്ളിയും, സ്‌കൂളും, ബാങ്കും , മാർക്കറ്റുമൊക്കെ വികസിപ്പിച്ചു തങ്ങളുടേതായ ഒരു ലോകം സൃഷ്‌ടിച്ച മനുഷ്യർ. പക്ഷെ ജനസംഖ്യ വർദ്ധിച്ചതോടെ പുതിയ മണ്ണ് തേടി പലരും യാത്രയായി – അങ്ങനെയാണ് ‘ഇരിട്ടി’, ‘ഹൈറേൻജ്’ പോലുള്ള സഹോദരനഗരങ്ങൾ പാലായുടെ മാപ്പിൽ ഇടം തേടുന്നത്. വർഷങ്ങളുടെ ഇടവേളയിൽ അമേരിക്ക, ലണ്ടൻ , അയർലണ്ട് , കാനഡ തുടങ്ങിയ പേരുകളൊക്കെ ആ ചിത്രത്തിലേക്ക് കൂട്ടിചേർത്തിട്ടുണ്ട് .

അതിനു നന്ദി പറയേണ്ടത്, പാലായിലെ അപ്പന്മാർക്കും , അമ്മച്ചിമാർക്കുമാണ്. വെറും വാട്ടുകപ്പേം, കഞ്ഞിവെള്ളോം കുടിച്ചു, മീനച്ചിലാറ് ക്രോസ്സ് ചെയ്യാത്തവരാണെങ്കിൽ കൂടി, പെണ്മക്കളുടെ കാര്യം വരുമ്പോൾ അവരൊന്ന് ഉഷാറാവും. എത്ര തവണ വേണമെങ്കിലും ബാങ്കിൽ കയറിയിറങ്ങി ലോൺ ശരിയാക്കി മകളെ ബാംഗ്ലൂരെ നഴ്സിംഗ് സ്‌കൂളിൽ അഡ്മിഷൻ ശരിയാക്കും . ഇടപ്പറമ്പിൽ
നിന്നും പുതിയ ഉടുപ്പുകളും, മീൻ അച്ചാറും, ചമ്മന്തിപ്പൊടിയും, അരിയുണ്ടയും നിറച്ച പെട്ടികളുമായി അവരെ കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്നും വണ്ടികയറ്റിവിടും, പിന്നെയും IELTS എങ്ങെനെയെങ്കിലും പാസ്സായവരെ നെടുമ്പാശ്ശേരിയിൽ നിന്നും കൂടുതൽ ഡെക്കറേഷൻസ് ഒന്നുമില്ലാതെ , ‘എന്നാ അങ്ങനെ ആട്ടേടി..’എന്ന ക്ലാസിക് ഡയലോഗുമായി ടാറ്റപറഞ്ഞു വിടും.

കല്യാണം കഴിക്കാത്ത ഒരു പെങ്കൊച്ചിനെ കടല് കടന്നു ജോലിക്ക്‌ അയക്കാനുള്ള ധൈര്യം അവർക്കില്ലായിരുന്നെങ്കിൽ ഈ പാലാക്കാരിപ്പെണ്ണുങ്ങൾക്ക് ഇന്നീ കാണുന്ന സന്തോഷമോ , സൗഭാഗ്യമോ ഒന്നുമുണ്ടാവില്ലായിരുന്നു. യാത്ര അല്ലെങ്കിലും പാലായുടെ പാരമ്പര്യത്തിലുമുണ്ട് , അതുകൊണ്ടാണല്ലോ , ഇന്ത്യൻ ഭാഷയിലെ ആദ്യ യാത്രാവിവരണവുമായി പണ്ടൊരു ‘പാറേമ്മാക്കൽ തോമ കത്തനാർ’ റോം വരെ പോയിവന്നത്.

സ്വന്തം മണ്ണിൽ കിളച്ചും, മറിച്ചും വിളയിച്ചെടുക്കുന്ന പച്ചക്കറികളോട് മറ്റാർക്കുമില്ലാത്ത സ്നേഹമുള്ളതിനാൽ അതെടുത്തു അച്ചാറിടാനും , വരട്ടാനും, വയിൻ കെട്ടാനുമൊക്കെ ഞങ്ങൾ പ്രത്യേക ഉത്സാഹം കാണിക്കുന്നത് . ‘കപ്പ’ എന്ന സാധാരണക്കാരുടെ ഭക്ഷണത്തെ ‘ചെണ്ട’, ‘തുണ്ടൻ’, ‘വാട്ട്’, ‘പുഴുക്ക്’,’ബിരിയാണി’ എന്നീ വിവിധ പേരുകളിൽ മൂന്നു നേരോം ബീഫ്, പോർക്ക്,ഉണക്കമീൻ എന്നിവയുടെ അകമ്പടിയോടെ ലേശം കള്ളോ , വാറ്റോ ഒക്കെയായി സേവിക്കാൻ ഒരു മടിയുമില്ലാതെയായത്.

റബ്ബർ എന്ന പാലായുടെ ‘കല്പവൃക്ഷത്തെ’ എന്തിനേക്കാളുമേറെ പരിചരിക്കാനും , സംരക്ഷിക്കാനും , ആദായമാർഗ്ഗമാക്കുവാനും തീരുമാനിക്കുന്നത്. അങ്ങനെ ജീവിതം വലിയ പ്രശ്‌നമൊന്നുമില്ലാതെ മുന്നോട്ടു പോകുമ്പോൾ ‘ഒരിച്ചിരി’ രാഷ്ട്രീയവുമായി ‘കേരളാ കോൺഗ്രസ്’ എന്ന പാർട്ടിയുടെ കൊടി പിടിക്കുന്നതും, പാലാ ജൂബിലിക്ക് മുട്ടനൊരു കാളയെ വരട്ടി , കശുവണ്ടി വാറ്റും കൂട്ടി, മുണ്ടും മടക്കിക്കുത്തി ‘ജിമ്പന്മാരായി’ നിൽക്കുന്നതും.

എന്നാലും പെണ്ണുങ്ങളോട്, അതിപ്പോ വീട്ടിലെ അമ്മച്ചിയായാലും, കെട്ടിയോളായാലും, മകളായാലും ഇവർക്ക് പ്രത്യേകമൊരു സ്‌നേഹമാ , അവരുടെ അഭിപ്രായങ്ങൾക്കും, ഇഷ്ടങ്ങൾക്കും ഒരിത്തിരി കൂടുതൽ പ്രാധാന്യം നൽകും, അതോണ്ടാണ് കുടുംബത്തിലെ പ്രധാന തീരുമാനങ്ങൾ എടുക്കുന്ന സമയത്തു ‘എടാ ജോയ്ക്കുട്ടി ഒരു മാതിരി കോപ്പു വർത്തമാനം പറയല്ല് കേട്ടോ … ‘ എന്ന് മുൻവശത്തെ കസേരയിൽ നിന്നും യാതൊരു പതർച്ചയുമില്ലാത്ത കുണുക്കിട്ട ഒരു പെൺശബ്ദം കേൾക്കുന്നത്.

ആ ഇഷ്ടക്കൂടുതല് കൊണ്ട് തന്നെയാണ് നാട്ടീന്ന് ആദ്യമായി വിശുദ്ധപദവിയിലേക്കെത്തിയതും ഒരു പെൺപേരായത്, ‘അൽഫോൻസാമ്മ’. അതുപോലെ നാടിന്റെ അഭിമാനമാണ് ഇവിടുത്തെ സ്വന്തം പുണ്യാത്മാക്കളായ ‘ചാവറയച്ചനും’, ‘കുഞ്ഞച്ചനും’. ഇടയ്ക്കിടെ ഇടവക പള്ളീലെ കുർബ്ബാന കണ്ടിരിക്കുമ്പോ, അരുവിത്തുറ പള്ളീലോട്ടോ, ഭരണങ്ങാനത്തോട്ടോ, ചെർപ്പുങ്കലേക്കോ വണ്ടിതിരിച്ചു ഒരു പാട്ടുകുർബാന കാണുന്നതും ഇവരോടൊക്കെയുള്ള ഇഷ്ടം കൊണ്ടാണ്.

കുതിച്ചോടുന്ന നാടിന്റെ നടുവിൽ കിടക്കുന്ന ഒരു കഷ്ണമായിട്ടാവും പാലായും ഒരുപാടു മാറിയിട്ടുണ്ട്, പ്രത്യേകിച്ചും കഴിഞ്ഞ ഒരു അഞ്ചു വർഷത്തിനിടയിൽ, ടൗണിലോട്ടിറങ്ങുമ്പോൾ ‘ബ്രില്ലിയന്റിലെ’ പിള്ളേരും, പുതുപുത്തൻ കാറുകളുമൊക്കെയായി നാടൊന്നു മോഡേണായി, ഒപ്പമുണ്ടായിരുന്ന പലരും ഇന്ന് വിദേശരാജ്യങ്ങളിലാണ്, റബ്ബറിന് പകരം പുതിയ കൃഷികളിറങ്ങി, ബൂട്ടിക്കുകളും, ബ്രാൻഡഡ് ഷോറൂമുകളും നിരത്തുകളുടെ ഇരുവശങ്ങളെയും ഭംഗിയുള്ളതാക്കി. എന്നാലും അവിടുത്തെ ഒരു കാറ്റും, മീനച്ചിലാറും, റബ്ബറിന്‍റെ മണോം, ഇരുട്ടുകുത്തിയുള്ള മഴേം, ടൗണിലെ കുരിശുപള്ളീം , മഹാറാണീലെ സെക്കൻഡ് ഷോയും, പാലപ്പോം, മട്ടണ്സ്റ്റൂവും , മാണി സാറും , പാനീം, പാട്ടുകുർബ്ബാനയും ഒക്കെ പാലായുടെ പേരും പറഞ്ഞു മനസ്സിനെ അത്രയ്ക്കങ്ങു കൊതിപ്പിക്കുന്നത്. പക്ഷേങ്കിൽ ഈ കൊതി കൂടി ‘പേലെകാലെ’ വീട്ടിലേക്കെങ്ങാനും ഫോൺ വിളിച്ചു ‘സുഖമല്ലേ’ എന്നന്വേഷിച്ചാൽ ഉടൻ മറുപടി എത്തും ,’ഓ, എന്നാ പറയാനാ …’ ഞാനുടനെ മറുപടി പറയും ‘ഓ…’ അല്ലേലും , ആരൊക്കെ കളിയാക്കിയാലും നമുക്കെന്നാന്നെ ?

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *