#കേരളചരിത്രം
കേരളവും പകർച്ചവ്യാധികളും.
ആരോഗ്യരംഗത്ത് കേരളം കൈവരിച്ച അഭിമാനകരമായ നേട്ടങ്ങൾ മനസ്സിലാക്കണമെങ്കിൽ 150 വര്ഷം മുൻപത്തെ സ്ഥിതി അറിഞ്ഞിരിക്കണം.
പകർച്ചവ്യാധികൾ ബാധിച്ച് ആയിരങ്ങൾ ചത്ത് ഒടുങ്ങുന്നത് സാധാരണയായിരുന്നു.
150 വര്ഷം മുൻപ് നമ്മുടെ നാടിനെ ഗ്രസിച്ചിരുന്ന പകർച്ചവ്യാധികൾ സംബന്ധിച്ച ആദ്യത്തെ ആധികാരികപഠനം, വി നാഗം അയ്യായുടെ ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ ആണ്.
1904 വരെയുള്ള കണക്കുകളാണ് അതിലുള്ളത്.
മരണകാരകമായ രോഗങ്ങളിൽ പ്രഥമസ്ഥാനം അക്കാലത്ത് മലമ്പനിക്കാണ്.
കോളറ (ശര്ദിയും അതിസാരവും ), വസൂരി, അനീമിയ എന്നിവയാണ് പിന്നീട് വരുന്നത്.
സാംക്രമിക രോഗങ്ങളിൽ കുഷ്ടം, മന്ത്, വിര, ചൊറി, ചിരങ്ങു, വയറിളക്കം ഒക്കെയായിരുന്നു മുൻപന്തിയിൽ.
എല്ലാ വർഷവും ജൂൺ മുതൽ ഒക്ടോബർ പകുതി വരെ പനിക്കാലം നീണ്ടുനിൽക്കും. കൽക്കുളം, വിളവങ്കോട്, നെയ്യാറ്റിൻകര, കൊട്ടാരക്കര, തൊടുപുഴ, മീനച്ചിൽ, താലൂക്കുകളും, ഹൈറേഞ്ച് പ്രദേശങ്ങളും, ആയിരുന്നു ഏറ്റവും കൂടുതൽ പനിബാധിതരുള്ള സ്ഥലങ്ങൾ.
1869 മുതൽ 1871 വരെ നീണ്ടു നിന്ന കോളറബാധ തെക്കൻ പ്രദേശങ്ങളിൽ വ്യാപകനാശം വിതച്ചതായി ദിവാൻ മാധവറാവുവിന്റെ ഒരു റിപ്പോർട്ടിൽ പറയുന്നു.
1876-77 ലും, 1881-82 ലും വൻതോതിൽ കോളറ പടർന്നുപിടിച്ചു. ശുചീന്ദ്രം ക്ഷേത്രത്തിലെ രഥ ഉത്സവത്തിൽ പങ്കെടുത്ത വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആളുകളാണ് രോഗം പടരാൻ കാരണമായത്. തിരുവിതാംകൂർ മൊത്തം കോളറ നാശം വിതച്ചു.
1885 മുതൽ 1889 വരെ എല്ലാ വർഷവും ഉണ്ടായ കോളറബാധ തെക്കൻ പ്രദേശങ്ങളിൽ വലിയ നാശമാണ് ഉണ്ടാക്കിയത്. ആയിരങ്ങൾ ചത്തൊടുങ്ങി.
അടുത്ത തവണ മഹാമാരി ഉണ്ടായത് 1892ലാണ്. ഇത്തവണ വൈക്കത്ത് അഷ്ടമിയിൽ പങ്കുകൊണ്ട തീർത്ഥാടകരിൽ നിന്നാണ് രോഗം പടർന്നത്.
എല്ലാ വർഷവും എവിടെയെങ്കിലും കോളറ ഉണ്ടാകും.
ഏറ്റവും രൂക്ഷമായ കോളറവ്യാപനം ഉണ്ടായത് 1900-91ലാണ്. തൊടുപുഴ താലൂക്ക് ഒഴിച്ച് രാജ്യം മുഴുവൻ കോളറ പടർന്നുപിടിച്ചു. രോഗബാധിതരിൽ 22.57 ശതമാനം മരണത്തിനു കീഴടങ്ങി.
വൃത്തിഹീനമായ പരിസരങ്ങളിൽ ആളുകൾ തിങ്ങിപ്പാർക്കുന്നതാണ് രോഗം പടരാൻ മുഖ്യകാരണം എന്നായിരുന്നു അധികാരികളുടെ നിഗമനം.
വേറൊരു പകർച്ചവ്യാധി വസൂരി ആയിരുന്നു. 1871 മുതൽ ഒരു വർഷം നീണ്ടുനിന്ന വസൂരിബാധയിൽ ആയിരങ്ങൾ മരണമടഞ്ഞു.
കുത്തിവെപ്പ് സ്വീകരിക്കാനുള്ള ആളുകളുടെ മടി, ഡർബാർ ഫിസിഷ്യൻ എടുത്തു പറയുന്നുണ്ട്. ഹിന്ദുക്കൾ പ്രത്യേകിച്ചും, ദേവിയുടെ വിളയാട്ടം ആയിട്ടാണ് വസൂരിയെ കരുതിയിരുന്നത്.
1874-75, 1881-82, വർഷങ്ങളിലും വസൂരി പടർന്നു. 1891 മുതൽ രണ്ടു വർഷം നീണ്ട വസൂരിബാധ കൊല്ലം ഡിവിഷൻ ആകെയും, കോട്ടയം ഡിവിഷനിലെ പറവൂർ, കുന്നത്തുനാട്, ചങ്ങനാശ്ശേരി താലൂക്കുകളിലും വൻനാശം വിതച്ചു .
1900-01ലെ ബാധ വലിയ ആൾനാശം വരുത്തിയെങ്കിലും, 1901-02ലെ വസൂരി ആക്രമണമാണ് നാട് കണ്ട ഏറ്റവും ഭീകരമായ മഹാമാരി. തലേവർഷത്തെക്കാളും ഏഴു ഇരട്ടി ആളുകളെ വസൂരി വിഴുങ്ങി. ഔദ്യോഗിക കണക്കുകളേക്കാൾ വളരെയധികമായിരുന്നു യഥാർത്ഥ മരണനിരക്ക്.
ശ്രദ്ധേയമായ ഒരു വസ്തുത, കോളറ വ്യാപകമായ വർഷങ്ങളിൽ വസൂരിയുടെ നിരക്ക് കുറഞ്ഞും, വസൂരി വൻതോതിൽ പടർന്നുപിടിച്ച വർഷങ്ങളിൽ, കോളറബാധിതർ കുറഞ്ഞും കാണപ്പെട്ടു എന്നതാണ്.
വ്യാപകമായ വാക്സിനേഷൻ, പരിസരശുചീകരണം, പുഴകൾ, തോടുകൾ, കിണറുകൾ തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കൽ, തുടങ്ങിയ മാര്ഗങ്ങളിലൂടെ കഴിഞ്ഞ ഒരു നൂറ്റാണ്ടു കൊണ്ട് ഈ മഹാമാരികൾ തുടച്ചുനീക്കാൻ കഴിഞ്ഞു എന്നതിൽ കേരളീയർക്ക് അഭിമാനിക്കാം.
– ജോയ് കള്ളിവയലിൽ
Posted inUncategorized