#ഓർമ്മ
തോപ്പിൽ ഭാസി.
തോപ്പിൽ ഭാസിയുടെ ( 1924-1992) ജന്മവാർഷിക ദിനമാണ്
ഏപ്രിൽ 9.
രാഷ്ട്രീയ നേതാവ്, എം എൽ എ, നാടകകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകൻ – എല്ലാമായിരുന്നു ഭാസി.
തിരുവിതാംകൂറിൽ, വള്ളിക്കുന്നത്ത് ജനിച്ച തോപ്പിൽ ഭാസ്ക്കരൻപിള്ള, ചെറുപ്പത്തിൽതന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനുഭാവിയായി. കുപ്രസിദ്ധമായ ശൂരനാട് കൊലക്കേസിൽ പ്രതിയാക്കപ്പെട്ട ഭാസി 1948 മുതൽ 52 വരെ ഒളിവിൽ പോകാൻ നിർബന്ധിതനായി. ഒളിവിലിരുന്ന് സോമൻ എന്ന പേരിൽ എഴുതിയ, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം ഭാസിക്കു ചരിത്രത്തിൽ ഒരിടം നേടിക്കൊടുത്തു.
കെ പി എ സി 1952 ഡിസംബറിൽ ആദ്യമായി അവതരിപ്പിച്ച നാടകം മധ്യതിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിൽ വഹിച്ച പങ്ക് നിർണ്ണായകമാണ്.
1952ലും 1957ലും ഭരണിക്കാവിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാസി, പാര്ട്ടി പിളർന്നതോടെ ചലച്ചിത്രരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. 110 സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതി. തുലാഭാരം പോലെ മിക്കവയും സൂപ്പർഹിറ്റുകളായി മാറുകയും ചെയ്തു.
ഒളിവിലെ ഓർമ്മകൾ എന്ന ആത്മകഥ സത്യസന്ധമായ വിവരണങ്ങൾ കൊണ്ട് ശ്രദ്ധേയമായി.
– ജോയ് കള്ളിവയലിൽ.







