എം കെ അർജ്ജുനൻ

#ഓർമ്മ

എം കെ അർജ്ജുനൻ.

പ്രശസ്ത സംഗീത സംവിധായകൻ എം കെ അർജ്ജുനൻ മാസ്റ്ററുടെ (1936-2020) ഓർമ്മദിവസമാണ്
ഏപ്രിൽ 6.

പള്ളുരുത്തിയിൽ ജനിച്ച അർജ്ജുനൻ ബാല്യത്തിൽ തന്നെ അനാഥനായി. എത്തിപ്പെട്ടത് പഴനിയിലെ ഒരു ആശ്രമത്തിൽ. അവിടെവെച്ച് കൈവന്ന സൗഭാഗ്യം സംഗീതം പഠിക്കാൻ അവസരം ലഭിച്ചു എന്നതാണ്.
നാട്ടിൽ തിരിച്ചെത്തിയ അർജ്ജുനൻ, അമച്വർ നാടകങ്ങളിൽ ഗാനങ്ങൾക്ക് നൽകിയ ഈണങ്ങൾ ശ്രദ്ധിക്കപ്പെട്ടു. പ്രൊഫഷണൽ നാടകട്രൂപ്പുകളുടെ ഇഷ്ട സംഗീതസംവിധായകനായി അർജ്ജുനൻ മാറി. ഗീഥാ, കാളിദാസ കലാകേന്ദ്രം, കെ പി എ സി, ആലപ്പി തിയേട്ടേഴ്സ് തുടങ്ങിയ പ്രമുഖ നാടകക്കമ്പനികൾക്ക് ഉൾപ്പെടെ 300 നാടകങ്ങൾക്ക് 600 ഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തി.
ദേവരാജൻമാസ്റ്ററുടെ സഹായിയായി പ്രവർത്തിക്കുമ്പോൾ സിനിമയിൽ അവസരം കിട്ടി. മാസ്റ്ററുടെ അനുവാദത്തോടെ 1968ൽ കറുത്ത പൗർണമി എന്ന ചിത്രത്തിലെ അരങ്ങേറ്റത്തിനുശേഷം തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
218 ചിത്രങ്ങൾ, 500 ഗാനങ്ങൾ. ശ്രീകുമാരൻ തമ്പിയുമായി ചേർന്നു മാത്രം 50 ചലച്ചിത്രങ്ങൾ.
സഹപ്രവർത്തകനായ ആർ കെ ശേഖറുടെ മരണം ഇന്നത്തെ എ ആറ് റഹ്മാൻ എന്ന അന്നത്തെ ദിലീപിൻ്റെ കുടുംബത്തെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു. പലരും മറന്നപ്പോഴും അർജ്ജുനൻ മകനെപ്പോലെ ആ ബാലപ്രതിഭയെ കൂടെനിർത്തി വളർത്തി.
ഇതൊക്കെ സാധിച്ചത് അവസരങ്ങൾക്കായി ആരുടേയും വാതിലിൽ മുട്ടാൻ പോകാതെതന്നെ. വിനയത്തോടെ, കിട്ടിയ ജോലികൾ സർഗ്ഗപൂർണ്ണമായി ഉപയോഗിച്ച് എത്രയെത്ര അനശ്വരഗാനങ്ങളാണ് അർജ്ജുനൻ മാസ്റ്റർ മലയാളത്തിന് നൽകിയത്. 2017ൽ മാത്രമാണ് മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് എന്നത് പലതും പറയാതെ നമ്മോട് പറയുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *