#ചരിത്രം
ഉപ്പു സത്യാഗ്രഹം.
മഹാത്മാഗാന്ധി നയിച്ച ദണ്ടിയാത്രയുടെ അവസാനം നിയമം ലംഘിച്ച് കടലിൽനിന്ന് ഉപ്പു കുറുക്കിയ ദിവസമാണ്
1930 ഏപ്രിൽ 6.
ഗാന്ധിജി ഉപ്പുസത്യാഗ്രഹം പ്രഖ്യാപിച്ചപ്പോൾ കൊണ്ഗ്രസ്സ് പാർട്ടിക്കുപോലും അതിന്റെ ഫലപ്രാപ്തിയിൽ വലിയ വിശ്വാസമില്ലായിരുന്നു. പകരം ഭൂമിയുടെ കരമടക്കുന്നത് നിർത്താം എന്നാണ് സർദാർ പട്ടേൽ നിർദേശിച്ചത്.
ബ്രിട്ടീഷ് സർക്കാർ നിസാരമായി സമരത്തെ ചിരിച്ചുതള്ളി. ബ്രിട്ടീഷ് ഭരണത്തിന്റെ ശവപ്പെട്ടിയിൽ ആഞ്ഞടിച്ച ആണിയാണ് എന്നവർ അപ്പോൾ തിരിച്ചറിഞ്ഞില്ല. ഇതുകൊണ്ട് എന്റെ ഉറക്കമൊന്നും പോകില്ല എന്നാണ് വൈസ്രോയി ഇർവിൻ പ്രഭു പ്രതികരിച്ചത്.
1930 മാർച്ച് 12ന് സബർമതി ആശ്രമത്തിൽ നിന്നാരംഭിച്ച യാത്ര, 24 ദിവസംകൊണ്ട് 390 കിലോമീറ്റർ സഞ്ചരിച്ചു ദണ്ടി കടൽത്തീരത്തെത്തി. യാത്രയിൽ പങ്കാളിയാകാൻ ഗാന്ധിജി തെരഞ്ഞെടുത്ത മലയാളിയാണ് ടൈറ്റസ്.
78 പേരുമായി തുടങ്ങിയ യാത്രയിൽ പതിനായിരങ്ങൾ അണിചേർന്നു.
ഒരു പിടി ഉപ്പു വാരി ഗാന്ധിജി നിയമം ലംഘിച്ചു.
കേരളത്തിൽ കെ കേളപ്പനാണ് സത്യഗ്രഹം നയിച്ചത്. കോഴിക്കോട് നിന്ന് ഏപ്രിൽ 13ന് ആരംഭിച്ച ജാഥ ഏപ്രിൽ 21ന് പയ്യന്നൂർ എത്തി. പാലക്കാട് നിന്ന് പയ്യന്നൂർക്കുള്ള ജാഥ നയിച്ചത് ടി ആർ കൃഷ്ണസ്വാമി അയ്യരാണ്.
ഉപ്പുസത്യാഗ്രഹത്തിൽ വഹിച്ച സജീവനേതൃത്വവും കോഴിക്കോട് കടൽപ്പുറത്തു വെച്ചേറ്റ കൊടിയ മർദനവുമാണ് പി കൃഷ്ണപിള്ളയെ മലബാറിലെ ആളുകളുടെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയത്.
– ജോയ് കള്ളിവയലിൽ.




