#ഓർമ്മ
ബുക്കർ ടി വാഷിങ്ടൺ.
ബുക്കർ ടി വാഷിങ്ടൻ്റെ (1856-1915) ജന്മവാർഷികദിനമാണ്
ഏപ്രിൽ 5.
19ആം നൂറ്റാണ്ടിൻ്റെ അവസാനത്തിലും 20ആം നൂറ്റാണ്ടിൻ്റെ ആരംഭത്തിലുമായി അമേരിക്ക കണ്ട ഏറ്റവും മഹാനായ ആഫ്രിക്കൻ അമേരിക്കൻ വിമോചന നായകനാണ് ബുക്കർ ടി വാഷിങ്ടൺ.
അലബമായിലെ ഒരു കുടിലിൽ ഒരു അടിമപ്പെൺകുട്ടിയുടെ മകനായി ജനിച്ച അവൻ്റെ ജനനത്തീയതി പോലും പിൽക്കാലത്താണ് കണ്ടുപിടിച്ചത്. പിതാവ് ഒരു വെള്ളക്കാരൻ ആണെന്നാണ് കരുതപ്പെടുന്നത്.
9 വയസ്സിൽ അടിമപ്പണിയിൽ നിന്ന് മോചിതയായ അമ്മ വിർജീനിയയിലേക്ക് താമസം മാറ്റി. മകൻ തന്നത്താൻ എഴുതാനും വായിക്കാനും പഠിച്ച് സ്കൂളിൽ ചേർന്നു. പിതാവിൻ്റെ പേരായി അമ്മയുടെ ഭർത്താവിൻ്റെ പേരായ വാഷിങ്ടൺ എന്ന് അവൻ തന്നെയാണ് പറഞ്ഞുകൊടുത്തത്. പുസ്തകങ്ങളെ ജീവനുതുല്യം സ്നേഹിച്ച അവൻ, പഠിച്ച് കോളെജ് വിദ്യാഭ്യാസം നേടി.
എതിർപ്പിൻ്റെ സ്വരമുയർത്തി സമരം ചെയ്യുന്നതിനേക്കാൾ കറുത്തവർഗക്കാരുടെ വിമോചനത്തിൻ്റെ വഴി വിദ്യാഭ്യാസവും തൊഴിൽപരിശീലന വുമാണെന്ന് വാഷിങ്ടൺ കരുതി.
1881ൽ അലബാമയിൽ ടസ്ക്ജീ എന്ന സ്ഥലത്ത് ഒരു സ്കൂൾ സ്ഥാപിച്ച വാഷിങ്ടൺ, 30 വര്ഷം അതിൻ്റെ തലപ്പത്തിരുന്ന്, അമേരിക്കയിലെ ഏറ്റവും പ്രമുഖ കറുത്തവർഗക്കാരുടെ കോളെജായി ടസ്ക്ജീ ഇൻസ്റ്റിറ്റ്യൂട്ടിനെ വളർത്തി. പതിനായിരക്കണക്കിന് കറുത്ത വർഗക്കാരുടെ വിമോചനത്തിൻ്റെ വാതിലായി ആ സ്ഥാപനം മാറി.
1940ൽ സ്മരണക്കായി സ്റ്റാമ്പ് പുറത്തിറക്കി അമേരിക്ക ആ മഹാനായ നേതാവിനെ ആദരിച്ചു.
Up From Slavery എന്ന ആത്മകഥ കണ്ണുനിറയാതെ വായിച്ചുതീർക്കാൻ കഴിയില്ല.
– ജോയ് കള്ളിവയലിൽ.
Posted inUncategorized