#ഓർമ്മ
സർ ടി മാധവറാവു.
സർ ടി മാധവറാവുവിൻ്റെ (1828-1891) ഓർമ്മദിവസമാണ് ഏപ്രിൽ 4.
തിരുവിതാംകൂറിൻ്റെ ചരിത്രത്തിലെ ഏറ്റവും മഹാനായ ഭരണാധികാരി എന്നാണ് 1857 മുതൽ 1872 വരെ ദിവാൻ ആയിരുന്ന തഞ്ചാവൂർ മാധവറാവുവിനെ ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്.
ബ്രിട്ടീഷ് റസിഡൻ്റ് കല്ലൻ ആണ് രാജാവിൻ്റെ അനന്തരാവകാശികളായ അനന്തരവന്മാർ ആയില്യം തിരുനാളിനും സഹോദരൻ വിശാഖം തിരുനാളിനും, ഇംഗ്ലീഷ് വിദ്യാഭ്യാസം കൊടുക്കാൻ തഞ്ചാവൂർ മാധവറാവുവിൻ്റെ പേര് നിർദേശിക്കുന്നത്. തിരുവിതാംകൂർ മാധവറാവുവിന് അപരിചിതമായിരുന്നില്ല. അമ്മാവൻ വെങ്കട്റാവു 1821 മുതൽ 1830 വരെ ഇവിടെ ദിവാനായിരുന്നു.
യുവരാജാക്കൻമാരെ പഠിപ്പിക്കാനുള്ള നാലുവർഷത്തെ മാധവ റാവുവിൻ്റെ കഠിനാധ്വാനം ഫലം കാണുകയും ചെയ്തു.
പക്ഷേ രാജ്യത്തിൻ്റെ ധനകാര്യസ്ഥിതി അത്യന്തം മോശമായിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വർഷാവർഷം കിട്ടേണ്ട കപ്പം കൊടുത്തില്ലെങ്കിൽ രാജ്യം തന്നെ പിടിച്ചെടുക്കും എന്ന് ഗവർണർ ജനറൽ ഡൽഹൗസി മുന്നറിയിപ്പ് നൽകി. 1856ൽ ഔദ്ധ് രാജ്യം പിടിച്ചെടുത്ത കമ്പനിയുടെ ഭീഷണി വെറുതെയായിരുന്നില്ല. 1855ൽ രാജാവ് മാധവറാവുവിനെ ചേർത്തല ഡിവിഷൻ്റെ ദിവാൻ പേഷ്ക്കാറായി നിയമിച്ചിരുന്നു. ഡിവിഷൻ തലസ്ഥാനം കോട്ടയത്തിനു മാറ്റിയ മാധവറാവുവിൻ്റെ പരിഷ്കാരങ്ങൾ വേഗത്തിൽ ഫലം കാണുകയും ചെയ്തു.
1857ൽ ദിവാൻ കൃഷ്ണറാവു മരണമടഞ്ഞതിനു പുറകെ മാധവറാവുവിനെ ദിവാനായി നിയമിച്ചു.
അഴിമതി തുടച്ചുനീക്കിയ അദ്ദേഹത്തിൻ്റെ ഭരണനിപുണത മാസങ്ങൾക്കുള്ളിൽ ഫലം കണ്ടു. ചരിത്രത്തിലാദ്യമായി തിരുവിതാംകൂർ ഒരു മിച്ചരാജ്യമായി നാട്ടുരാജ്യങ്ങൾക്ക് ആകെ മാതൃകയായിമാറി.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം എന്ന നൂതനാശയം അദ്ദേഹം നടപ്പാക്കിയത് സ്വന്തം മകളെ പുതുതായി തുടങ്ങിയ സെനാന മിഷൻ സ്കൂളിൽ ചേർത്തുകൊണ്ടാണ്. ഏറ്റവും വലിയ ഭരണനേട്ടം പണ്ടാരപ്പാട്ട വിളംബരം ആണ്. സര്ക്കാര് ഭൂമി ചുരുങ്ങിയ തുകക്ക് പാട്ടത്തിന് നൽകിയതോടെ ഒരു കാർഷികവിപ്ലവം തന്നെ തിരുവിതാംകൂറിൽ ഉണ്ടായി. നൂറുകണക്കിന് യുവാക്കൾക്ക് ഉന്നതവിദ്യാഭ്യാസം നേടാൻ അവസരം കിട്ടി. 1960ൽ രാജാവ് മരണമടഞ്ഞതോടെ ആയില്യം തിരുനാൾ പുതിയ രാജാവായി. 1863 ആയപ്പോഴേക്കും രാജ്യത്തിൻ്റെ മുഴുവൻ കടവും വീട്ടാനായി. സര്ക്കാര് ഉദ്യോഗസ്ഥരുടെ ശമ്പളം 50 ശതമാനം വർധിപ്പിച്ചതോടെ ഭരണം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചുതുടങ്ങി.
1872ൽ രാജാവുമായി ഉണ്ടായ അഭിപ്രായവ്യത്യാസം മൂലം രാജിവെക്കുമ്പോൾ മിച്ചം സർവകാലറെക്കോഡായ 40 ലക്ഷം രൂപ ആയിരുന്നു.
റാവുവിനെ ഇൻഡോർ രാജാവ് റാഞ്ചിക്കൊണ്ടുപോയി ദിവാനാക്കി. രണ്ടുവർഷം കഴിഞ്ഞ് ബറോഡ രാജാവിൻ്റെ അഭ്യർഥന മാനിച്ച് 1875ൽ ബറോഡ ദിവാനായി. അവിടെയും അദ്ദേഹം അത്ഭുതം പ്രവർത്തിച്ചു. പ്രഗത്ഭനായ ദാദാഭായ് നവറോജി പരാജയപ്പെട്ടു പിൻവാങ്ങിയ ജോലിയിലാണ് മാധവറാവു തിളങ്ങിയത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായി 2 വര്ഷം കഴിയുന്നതിന് മുൻപേ കോൺഗ്രസിൽ ചേർന്ന മാധവറാവുവിന് അനാരോഗ്യം തടസമായി. വൈസ്റോയിയുടെ ഇംപീരിയൽ കൗൺസിൽ അംഗമാകാനുള്ള ക്ഷണവും ആരോഗ്യപ്രശ്നങ്ങൾ മൂലം നിരസിക്കേണ്ടിവന്നു.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ, കൃതഞ്ഞതാപൂർവം ജനങ്ങൾ ഉയർത്തിയ, മാധവറാവുവിൻ്റെ സ്റ്റാച്യൂ തലയുയർത്തി നിൽക്കുന്നു. ആ കവല തന്നെ സ്റ്റാച്യൂ എന്നാണ് അറിയപ്പെടുന്നത്.
വിശ്രമിക്കുമ്പോൾപോലും 1874ൽ നാട്ടുരാജ്യങ്ങളുടെ ഭരണത്തിനായി ഒരു ഭരണഘടന അദ്ദേഹം എഴുതിയുണ്ടാക്കി യിരുന്നു എന്നത് ഈ മഹാനായ ഭരണാധികാരിയുടെ മഹത്വം വിളിച്ചറിയിക്കുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized