മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി

#ഓർമ്മ

മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി.

മലബാറിന്റെ മോശ, ബിഷപ്പ് സെബാസ്റ്റ്യൻ വള്ളോപ്പള്ളിയുടെ (1911- 2006) ചരമവാർഷികദിനമാണ്
ഏപ്രിൽ 4.

മലബാറിലെ കുടിയേറ്റ ക്രിസ്ത്യാനികൾക്കായി സ്ഥാപിച്ച തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാനാണ് പാലാ കുടക്കച്ചിറ സ്വദേശിയായ മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി.
1954മുതൽ 1989വരെ രൂപതയെ നയിച്ച വള്ളോപ്പള്ളി, കുടിയേറ്റജനതയുടെ ആധ്യാത്മികനേതാവ് മാത്രമല്ല, വിദ്യാഭ്യാസപരവും സാമൂഹ്യവുമായ വലിയ മുന്നേറ്റങ്ങൾക്ക് നെടുനായകത്വം വഹിച്ച മഹാനാണ്.
ഗാന്ധിജിയുടെ ജീവിതമാണ് അദ്ദേഹം മാതൃകയാക്കിയത്.
തലശ്ശേരിയിലെ കടൽക്കരയിൽ വി ആർ കൃഷ്ണ അയ്യരിൽനിന്നു വാങ്ങിയ വീട് ഉൾപ്പെടെ 7ഏക്കറിലുള്ള ആസ്ഥാനവും, യൂറോപ്യൻ ക്ലബ്‌ ആയിരുന്ന ഇപ്പോഴത്തെ സെമിനാരിയും, അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഉദാഹരണമാണ്.
പള്ളികൾ മാത്രമല്ല, മലബാറിൽ ഉടനീളം സ്ഥാപിക്കപ്പെട്ട പള്ളിക്കൂടങ്ങളും, ആ പുണ്യപുരുഷന്റെ സ്മാരകങ്ങളാണ്.
ഏഴ് പതിറ്റാണ്ട് മുൻപുതന്നെ പേരാവൂർ (1945), തിരുവമ്പാടി, കുളത്തുവയൽ, കോടഞ്ചേരി എന്നിവടങ്ങളിൽ ഹൈസ്കൂളുകൾ സ്ഥാപിക്കപ്പെട്ടു. കൂത്തുപറമ്പ് നിർമലഗിരി കോളേജ് തുടങ്ങിയത് 60 വർഷങ്ങൾ മുൻപ് 1964ലാണ്.
കുടിയേറ്റ ജനതയോട് വള്ളോപ്പള്ളിക്കുള്ള സ്നേഹവും കരുതലും ഏറ്റവുമധികം പ്രകടമായത് നിരവധിയായ കുടിയിറക്കുകളെ നേരിട്ടതുവഴിയാണ്.
കർഷകർ വിലകൊടുത്തു വാങ്ങിയ, 30000 ഏക്കറുള്ള കൊട്ടിയൂർ, ചുങ്കക്കുന്ന് കുടിയേറ്റ ഭൂമിക്ക് എൻ എസ് എസ് വാങ്ങിയ മേൽചാർത്ത് ഉൾപ്പെടെ 51145 ഏക്കർ പ്രദേശത്തുനിന്ന് കുടിയിറക്കുന്നത് തടയാൻ അദ്ദേഹം മുന്നിൽനിന്നു. അതുപോലെ തന്നെയായിരുന്നു, എരിയപ്പുള്ളി ചെട്ടിക്കു കോട്ടയം തമ്പുരാൻ നൽകിയതും, കാലാന്തരത്തിൽ കുപ്പത്തോട് നായന്മാരുടെ കൈവശത്തിലായ പുൽപ്പള്ളിയിലെ 14998 ഏക്കർ ഭൂമി, ബത്തേരിക്കടുത്ത അമ്പലവയലിലെ 36000 ഏക്കർ ഭൂമി എന്നിവയുടെ ചരിത്രവും.
ഭാഷാസംസ്ഥാനങ്ങൾ രൂപീകരിച്ചപ്പോൾ തമിഴ്നാട്ടിലേക്ക് ചേർത്ത ഗൂഡല്ലൂരിലെ കുടിയിറക്കു തടയാനും വള്ളോപ്പള്ളി മെത്രാൻ മുൻകൈയെടുത്തു.
കർണാടകയിലെ ഷിമോഗയിൽനിന്ന് കുടിയിറക്കപ്പെട്ട 4000ൽ പരം ആളുകളെ ചന്ദനക്കാംപാറയിൽ വാങ്ങിയ 500 ഏക്കർ ഉൾപ്പെടെ, ഭൂമി വാങ്ങി സൗജന്യമായി നൽകിയാണ് അദ്ദേഹം പുനരധിവസിപ്പിച്ചത്.
കുടിയേറ്റ ജനതക്കിടയിൽ വർധിച്ചുവന്ന മദ്യാസക്തിക്കു തടയിടാൻ അദ്ദേഹം നേതൃത്വം നൽകിയ മദ്യനിരോധനസമിതി എന്ന ഗാന്ധിയൻ പ്രസ്ഥാനത്തിനു വലിയ പങ്കുവഹിക്കാൻ കഴിഞ്ഞു.
ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമി മുങ്ങിപ്പോവുന്ന കാക്കടവ് പദ്ധതി മരവിപ്പിക്കാൻ വള്ളോപ്പള്ളിക്ക് കഴിഞ്ഞു.
50 വർഷക്കാലം മെത്രാനായിരുന്ന വള്ളോപ്പള്ളി പിതാവ് 2006ൽ അന്തരിക്കുമ്പോൾ, വിശാലമായ തലശേരി രൂപത വിഭജിച്ചു 1973ൽ മാനന്തവാടി രൂപതക്കും, 1986ൽ താമരശ്ശേരി രൂപതക്കും ജന്മംകൊടുത്തിരുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *