സർ സി പി യും തിരുവിതാംകൂറും

#കേരളചരിത്രം

സർ സി പി യും തിരുവിതാംകൂറും.

തിരുവിതാംകൂറിന്റെ ചരിത്രത്തിലെ സർ സി പി യുഗം രാജ്യപുരോഗതിയുടെ കാര്യത്തിൽ ഇന്ത്യയിലെ മറ്റ് നാട്ടുരാജ്യങ്ങൾക്കെല്ലാം മാതൃകയായിരുന്നു.
രാമയ്യൻ ദളവാക്കും മാധവ രായർക്കും ഒപ്പം നിർത്താവുന്ന, നാടിനെ സർവതോന്മുഖമായ അഭിവൃത്തിയിൽ എത്തിച്ച ഭരണാധികാരിയായി വാഴ്ത്തപ്പെടേണ്ട ഒരാൾ എങ്ങനെ വെറുക്കപ്പെട്ടവനായി എന്നു മനസിലാക്കാൻ സി നാരായണപിള്ള എഴുതിയ “തിരുവിതാംകൂർ സ്വാതന്ത്ര്യ സമരചരിത്രം” ഒന്നോടിച്ചു വായിച്ചാൽ മതി.

കുമ്പളത്ത് ശങ്കുപ്പിള്ളയുടെ കുറ്റപത്രം ഇതാ :
“സ്റ്റേറ്റ് കോൺഗ്രസിന്റെ ഉത്ഭവം മുതൽ അദ്ദേഹം നടത്തിയിട്ടുള്ള ജനകീയ മർദ്ദനങ്ങൾ, വെടിവെപ്പുകൾ, പൗരസ്വാതന്ത്ര്യ മർദ്ദനങ്ങൾ, പത്രറെഗുലേഷൻ, ഹിന്ദു ക്രയ്സ്തവ ഭിന്നിപ്പിക്കൽ നടപടി, പട്ടാളഭരണമേർപ്പെടുത്തൽ, സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനം, സിംപ്സൺ പടയുണ്ടാക്കൽ, വിദ്യാർത്ഥി വേട്ട എന്നു തുടങ്ങി …. “. (എന്റെ കഴ്ഞ്ഞകാല സ്മരണകൾ ).

എന്നാൽ ഇതിലൊക്കെയും സി പി മഹാരാജാവിന്റെയും, അമ്മ ജൂനിയർ മഹാറാണിയുടെയും വിശ്വസ്തനായ ആജ്ഞാനുവർത്തി മാത്രമായിരുന്നു എന്ന് പിൽക്കാലത്ത്, ഔദ്യോഗിക രേഖകളുടെ പിൻബലത്തോടെ ചരിത്രകാരനായ എ ശ്രീധരമേനോൻ സ്ഥാപിക്കുന്നു,.
( “സർ സി പി തിരുവിതാംകൂർ ചരിത്രത്തിൽ” – 2003).
ക്രൂരനായ ഏകാധിപതി ആയിരിക്കുമ്പോഴും തിരുവിതാംകൂറിന്റെ ക്ഷേമം മാത്രമായിരുന്നു സി പിയുടെ ലക്‌ഷ്യം.
ക്ഷേത്രപ്രവേശന വിളംബരം മുതൽ, ഭരണപരിഷ്‌കാരങ്ങൾ, തിരുവിതാംകൂർ സർവകലാശാല, പള്ളിവാസൽ വൈദുതി പദ്ധതി, എഫ് എ സി ടി, ടി സി സി, റെയർ എര്ത്ത്സ്, തുടങ്ങിയ നിരവധി വ്യവസായങ്ങൾ, കെ എസ് ആർ ടി സി, വിദ്യാഭ്യാസരംഗത്തെയും ആരോഗ്യരംഗത്തെയും പുരോഗതി , എന്നിങ്ങനെ സർ സി പിയുടെ അനന്യമായ സംഭാവനകൾ തിരുവിതാംകൂറിനെ നാട്ടുരാജ്യങ്ങളുടെ മുന്നിൽ എത്തിച്ചു.
തന്റെ നാടായ തമിഴ്നാടിനെതിരായി, തൻ്റെ ഗുരുവായ അല്ലാടി കൃഷ്ണസ്വാമി അയ്യർക്കെതിരെ
ദിവാൻ തന്നെ നേരിട്ടു വാദിച്ചു മുല്ലപ്പെരിയാർ കേസ് ജയിച്ചയാളാണ് സർ സി പി. ( പിൽക്കാലത്ത് ആ നേട്ടം മുഴുവൻ അധികാരികൾ കളഞ്ഞു കുളിച്ചു എന്നതാണ് ചരിത്രം).
സി പിയുടെ സംഭാവനകളുടെ ആഴം മനസിലാക്കാൻ എഫ് എ സി ടി യാഥാർഥ്യമാകാൻ അദ്ദേഹം നടത്തിയ അക്ഷീണപ്രയത്നത്തിന്റെ കഥ എം കെ കെ നായർ ആത്മകഥയിൽ വിവരിച്ചിരിക്കുന്നത് വായിച്ചാൽ മാത്രം മതി.
( ആരോടും പരിഭവമില്ലാതെ).

വെട്ടേറ്റ് തിരുവിതാംകൂർ വിട്ടശേഷവും, ബ്രിട്ടീഷുകാർ നാടുവിട്ടു കഴിയുമ്പോൾ, സ്വതന്ത്ര ഇന്ത്യയിൽ തിരുവിതാംകൂറിന്റെ അവകാശങ്ങൾ പരമാവധി നേടിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു സി പി.
സ്വതന്ത്ര തിരുവിതാംകൂർ വാദത്തിൽ ഉറച്ചുനിന്നാലുള്ള ഗുരുതര പ്രത്യാഘാതങ്ങൾ അതിനു മുൻപേ തന്നെ ദിവാൻ മഹാരാജാവിനെ അറിയിച്ചിരുന്നു. ഒറ്റക്ക് നില്ക്കാൻ അനുവദിക്കില്ല എന്ന് നെഹ്‌റു തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

തനിക്ക് പകരം ജി പരമേശ്വരൻ പിള്ളയെ ദില്ലിയിൽ അയച്ചു ലയനപ്രമാണങ്ങൾ സർ സി പി ശരിയാക്കിച്ചു.
മനസില്ലാമനസോടെ ചിത്തിര തിരുനാൾ മഹാരാജാവ് ലയനപ്രമാണത്തിൽ ഒപ്പുവെച്ചു. ദിവാൻ സർ സി പി സ്റ്റാൻഡ് സ്റ്റിൽ എഗ്രിമെന്റും ഒപ്പിട്ടു.

1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രയായി. 19 ന് ദിവാൻ സ്ഥാനമൊഴിഞ്ഞു സർ സി പി തിരുവിതാംകൂർ വിട്ടു.
സി പി യുടെ ഭാവിതുലച്ചത് സ്വതന്ത്ര തിരുവിതാംകൂർ വാദമാണ്. തന്നെക്കാൾ കഴിവു കുറഞ്ഞ നാട്ടുരാജ്യ ഭരണാധികാരികളെല്ലാം കേന്ദ്രമന്ത്രി, ഗവർണർ, അംബാസഡർ പദവികളിൽ നിയമിതരായപ്പോൾ സി പി പരിപൂർണമായി അവഗണിക്കപ്പെട്ടു.
തന്റെ ഉപദേശം അവഗണിച്ചു സ്വതന്ത്ര തിരുവിതാംകൂർ വാദത്തിൽ ഉറച്ചുനിന്ന മഹാരാജാവിനോടുള്ള അനിഷ്ടം അദ്ദേഹം പ്രകടിപ്പിച്ചത്, തനിക്ക് നൽകിയ സചിവോത്തമ, ലെഫ്ടനന്റ് ജനറൽ, പദവികൾ തിരിച്ചേൽപ്പിച്ചുകൊണ്ടാണ്.
സർ സി പിയെ എതിർത്തിരുന്ന കക്ഷികൾ അദ്ദേഹത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പലതിലും കഴമ്പില്ലായെന്നും, ജനവിരുദ്ധ തീരുമാനങ്ങൾക്ക് പിന്നിൽ രാജകുടുംബം തന്നെയായിരുന്നുവെന്നും 50 കൊല്ലത്തിനു ശേഷം, രേഖകളുടെ പിൻബലത്തോടെ സ്ഥാപിക്കാൻ ശ്രീധരമേനോന് കഴിഞ്ഞു.
( സർ സി പിയും സ്വതന്ത്ര തിരുവിതാംകൂറും).
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *