വില്ല്യം ലോഗൻ

#ഓർമ്മ

വില്യം ലോഗൻ.

ഏപ്രില്‍ 3 വില്യം ലോഗന്‍ (1841-1914) ഓര്‍മ്മയായ ദിവസമാണ്.

മലബാർ കലക്ടർ എന്ന നിലയിലും മലബാർ മാനുവൽ എന്ന അമൂല്യഗ്രന്ഥത്തിന്റെ രചയിതാവ് എന്ന നിലയിലും മലയാളികൾ വില്യം ലോഗന്‍ എന്ന സ്ക്കോട്ട്ലാൻഡ്കാരനോട് എന്നേക്കുമായി കടപ്പെട്ടിരിക്കുന്നു. എഡിന്‍ബര്‍ഗ് സർവകലാശാലയിലെ ഏറ്റവും ബുദ്ധിശാലിയായ വിദ്യാര്‍ഥിക്കുള്ള ഡ്യൂക്ക്‌സ് മെഡല്‍ നേടി പാസായ ലോഗൻ, 19വയസ്സിൽ മദ്രാസ് സിവില്‍ സര്‍വീസ്( MCS ) പരീക്ഷ ജയിച്ചു. 21വയസ്സിൽ നോർത്ത് ആർക്കോട്ട് മജിസ്‌ട്രേറ്റ് ആയി. 1866ൽ മലബാർ അസിസ്റ്റന്റ് കളക്റ്റർ. 35 വയസ്സിൽ മലബാർ കളക്ട്ടരും മജിസ്‌ട്രേറ്റ്റുമായി നിയമിതനായി.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകൾ പഠിച്ചു നാടുമുഴുവൻ കുതിരപ്പുറത്തു സഞ്ചരിച്ചു ജനങ്ങളുമായി നിരന്തരം സംവദിച്ച ലോഗൻ, തന്റെ പഠനങ്ങൾ രേഖപ്പെടുത്തിയ മലബാർ മാനുവൽ എന്ന ബ്രഹത്ഗ്രന്ഥം പ്രസിദ്ധീകരിച്ചു.
ഇടക്കാലത്ത് തിരുവിതാംകൂര്‍ – കൊച്ചി ആക്ടിങ് റസിഡണ്ടായും പ്രവർത്തിച്ചു. മലബാറിന്റെ സാമൂഹ്യ, സാമ്പത്തിക പുരോഗതിയില്‍ ലോഗൻ വഹിച്ച പങ്ക് വലുതാണ് .
ശാസ്ത്രീയമായ കൃഷിരീതി നടപ്പിലാക്കുക, കോഴിക്കോട് തുറമുഖം വികസിപ്പിക്കുക, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കുക ( ചാലിയത്തുനിന്ന് മാറ്റി), മാപ്പിള സ്‌കൂളുകള്‍ തുടങ്ങുക, കുടിയാന് സ്ഥിരാവകാശം നല്കുക, മരുമക്കത്തായ സമ്പ്രദായം നിര്‍ത്തലാക്കുക, തുടങ്ങിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തുക വഴി വലിയ സാമൂഹ്യ മുന്നേറ്റങ്ങൾക്ക് വഴിതെളിക്കാൻ ലോഗന് കഴിഞ്ഞു.
46 വയസ്സിൽ സ്വയം വിരമിക്കുന്നതു വരെ താമസിച്ചിരുന്ന ഈസ്റ്റ്‌ ഹില്ലിലെ ലോഗന്റെ സ്വന്തം ബംഗ്ലാവ് കോയട്ടി, ചെക്കൂട്ടി സഹോദരൻമാരാണ് വാങ്ങിയത്. ഇന്ന് ആ കെട്ടിടം കൃഷ്ണമേനോൻ സ്മാരകമാണ്.
19ആം നൂറ്റാണ്ടിലെ മലബാറിന്റെ ഭൂമിശാസ്ത്രം, ജനങ്ങൾ, മതങ്ങൾ, ജാതികൾ, സാമൂഹ്യവ്യവസ്ഥ, തുടങ്ങിയവയെക്കുറിച്ചുള്ള ഏറ്റവും നല്ല വിവരണമാണ് ലോഗന്റെ മലബാർ മാനുവൽ.

– ജോയ് കള്ളിവയലിൽ.
———
മലബാര്‍ മാന്വലില്‍ നിന്ന് ഒരു ഭാഗം :
പഴയ കാലത്തെ നായര്‍ജീവിതം ( ജൂലൈ 1884).

“നായന്മാരുടെ ദേശീയ ഉടുപ്പ്, ഒരുകഷണം തുണിയാണ്. സ്ത്രീകള്‍ മേന്മകൂടിയ വെളുത്തമുണ്ട് അരചുറ്റി മുട്ടറ്റം എത്തുംവിധം ഉടുക്കുന്നു. ചിലപ്പോള്‍, ദൂരയാത്രപോകുമ്പോള്‍ മറ്റൊരുമുണ്ട് മാറുമറച്ചു തോളത്തിടുന്നു. ജാത്യാചാരപ്രകാരം, നായര്‍സ്ത്രീകള്‍ മാറുമറയ്ക്കാന്‍ പാടില്ല. മേല്‍മുണ്ട് ഇടുന്നത് (മാറു മറയ്ക്കുന്നത്) താണജാതിയെ സൂചിപ്പിക്കുന്നു. പലപ്പോഴും നാണമില്ലായ്മയും. മാനാഭിമാനത്തെ സംബന്ധിച്ച പാശ്ചാത്യസങ്കല്പത്തില്‍നിന്ന് വ്യത്യസ്തമാണിത്. പാശ്ചാത്യര്‍ക്ക് മാറുമറയ്ക്കാതിരി ക്കുന്നതാണ് നാണക്കേട്. നായര്‍ പുരുഷന്മാരും, അവരുടെ സ്ത്രീകളെപ്പോലെ, പതിവായി ഒറ്റമുണ്ടു ധരിക്കുന്നു. ചിലപ്പോള്‍ തോളത്ത് രണ്ടാംമുണ്ട് (തോര്‍ത്ത്) ഇട്ടിരിക്കും. സ്ത്രീകള്‍ ധരിക്കുന്ന ആഭരണങ്ങളിലൊന്ന് കാതുതുളച്ചു വളര്‍ത്തിയെടുക്കുന്ന വലിയതുളയില്‍ ഞാത്തിയിടുന്ന സ്വര്‍ണത്തകിടില്‍ പൊതിഞ്ഞു കലാപരമായി നിര്‍മിച്ചെടുക്കുന്ന തോട(തക്ക)യാണ്. മാറില്‍ പലആകൃതിയിലും പണിത വലിയ സ്വര്‍ണമാലകളും പതക്കങ്ങളും അണിഞ്ഞിരിക്കും. കൈകള്‍നിറയെ സ്വര്‍ണക്കാപ്പുകളും വിരലുകളില്‍ സ്വര്‍ണമോതിരങ്ങളും അണിഞ്ഞിരിക്കും. മൂക്കുത്തിയും അരഞ്ഞാണവും ഉണ്ടായിരിക്കും. പുരുഷന്മാര്‍ കാതില്‍ കടുക്കന്‍ ഇട്ടിരിക്കും. മോതിരവും അരഞ്ഞാണവും ധരിച്ചിരിക്കും. കുട്ടിക്കാലത്ത് പുരുഷന്മാരും കൈകളില്‍ കാപ്പുകള്‍ ധരിക്കും, ഒന്നോരണ്ടോ കര്‍ണ്ണാഭരണങ്ങള്‍ക്കു പുറമെ.

നായന്മാര്‍, സ്ത്രീകളും പുരുഷന്മാരും ഒരുപോലെ, ശുചിത്വവും വൃത്തിയും പാലിക്കുന്നു. വെടിപ്പിലും നടപ്പിലും ആഭിജാത്യം പുലര്‍ത്തണമെന്ന് നിര്‍ബന്ധമുള്ളവരാണവര്‍. സ്ത്രീകള്‍ വളരെയധികം സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. പൊതുചടങ്ങുകളില്‍ അവര്‍ പുരുഷന്മാരോടൊപ്പം തുല്യനിലയില്‍ പങ്കെടുക്കുന്നു. പുരുഷന്മാര്‍ മുടി മൂര്‍ധാവില്‍ കെട്ടിവെക്കുന്നു. സ്ത്രീകള്‍ അവരുടെ സമൃദ്ധമായി വളരുന്ന നീണ്ടുകറുത്ത മുടി ശ്രദ്ധാപൂര്‍വം കഴുകിമിനുക്കി അഴിച്ചിട്ടിരിക്കും. ആറിയാല്‍ എണ്ണപുരട്ടി വാര്‍ന്നു മിനുക്കി തലയുടെമുമ്പില്‍ വലതുവശംചേര്‍ത്തു കെട്ടിവെക്കുന്നു.

നായന്മാരുടെ ഏറ്റവും ശ്രദ്ധേയമായ ആചാരം വിവാഹകര്‍മ്മങ്ങളെ സംബന്ധിച്ചുള്ളതാണ്. നായര്‍പെണ്‍കിടാങ്ങള്‍ എല്ലാവരും നന്നേ ചെറുപ്പത്തില്‍ വിവാഹിതരാകുന്നു. പ്രായപൂര്‍ത്തിയാവുന്നതിനു
മുമ്പ് പെണ്‍കുട്ടിയുടെ കഴുത്തില്‍ താലികെട്ടണം. അങ്ങനെ ചെയ്യാതിരിക്കുന്നത് കുടുംബത്തിന് കുറച്ചിലായാണ് കരുതപ്പെടുന്നത്. താലികെട്ട് അടിയന്തിരം ഏതു കുടുംബത്തിനും അവിസ്മരണീയമായ ഒരു സംഭവമാണ്. പലപ്പോഴും ഒന്നിലധികം പെണ്‍കിടാങ്ങളുടെ താലികെട്ടടിയന്തിരം ഒരുമിച്ചു നടക്കുന്നു. സമ്പന്നകുടുംബങ്ങളില്‍ വിവാഹപ്പന്തലുകള്‍ മനോഹരമായി ചമയിച്ചൊരുക്കിയിരിക്കും. അലങ്കരിച്ച വരിവരിയായ തൂണുകളില്‍ തട്ടുതട്ടുകളായി ഒരുക്കുന്ന പന്തലുകള്‍ വര്‍ണപ്പകിട്ടുള്ള മേലാപ്പുകള്‍ക്കൊണ്ട് പൊതിഞ്ഞിരിക്കും. തിരിഞ്ഞുകൊണ്ടിരിക്കുന്ന കുംഭഗോപുരങ്ങളില്‍നിന്ന് വാസനപ്പൂക്കള്‍ പന്തലില്‍ വന്നെത്തുന്ന അതിഥികളുടെമേല്‍ വിതറിക്കൊണ്ടിരിക്കും. വിവാഹത്തീയതിയും സമയവും മുഹൂര്‍ത്തവും ജ്യോത്സ്യനുമായി ആലോചിച്ചു കാലേക്കൂട്ടി നിശ്ചയിച്ചിരിക്കും. അങ്ങനെ, ശുഭമുഹൂര്‍ത്തത്തില്‍ വധുവിന്റെ കഴുത്തില്‍ താലികെട്ടുന്നു. അപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും അയല്‍വാസികളും അടങ്ങുന്ന സദസ്സില്‍നിന്ന് ആശീര്‍വാദങ്ങള്‍ ഉയരുന്നു. സ്ത്രീകള്‍ കുരവയിടുന്നു. തുടര്‍ന്നു താംബൂലവിരണം (വെട്ടിലയും അടയ്ക്കയും) നടക്കുന്നു. ഇതിന്റെയൊക്കെ അസാധാരണമായ വശം, താലികെട്ടു നടത്തിയ പുരുഷന്‍ പെണ്‍കുട്ടിയെ ആ സമയത്ത് വിവാഹം ചെയ്യുന്നില്ല എന്നതാണ്. താലികെട്ടുന്നത് പ്രതിശ്രുതവരനല്ല, മറിച്ച് ആ ചടങ്ങിന് പ്രത്യേകം കൊണ്ടുവരുന്ന ഒരു ഇളയതോ (ബ്രാഹ്മണപുരോഹിതന്‍) ഇണങ്ങനോ (ബന്ധു) ആയിരിക്കും. താലികെട്ടു ചടങ്ങിനുശേഷം, അയാള്‍ക്കു മതിയായ ദക്ഷിണ നല്‍കി യാത്രയാക്കുന്നു. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തി ആയാല്‍, താലികെട്ടിയ ആള്‍ക്ക് അവളെ ഭാര്യയായി സ്വീകരിക്കാനോ പില്‍ക്കാലജീവിതത്തില്‍ എന്തെങ്കിലും ഔദാര്യങ്ങള്‍ കൈക്കൊള്ളാനോ അവകാശമില്ല.

പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പെണ്‍കുട്ടി, അവളുടെ സ്വന്തം ഇഷ്ടപ്രകാരം തന്റെ ശരിക്കുള്ള ഭര്‍ത്താവിനെ തിരഞ്ഞെടുക്കുന്നു. മിക്കപ്പോഴും ഇക്കാര്യത്തില്‍ കുടുംബത്തിലെ പ്രായംചെന്നവരുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പെണ്‍കുട്ടിക്കുണ്ടായിരിക്കു
മെങ്കിലും. വധു ഇങ്ങനെ തിരഞ്ഞെടുക്കുന്ന വരന്‍ ‘ഗുണദോഷക്കാരന്‍’ എന്നറിയപ്പെടുന്നു. ഇംഗ്ലീഷ് വൈവാഹികച്ചടങ്ങിലുമുണ്ട്, ഇതുപോലൊരു പ്രയോഗം ‘ഗുണത്തിനായാലും ദോഷത്തിനായാലും, പണക്കാരായാലും ദരിദ്രരായാലും ജീവിതപങ്കാളികളാവാന്‍ പരസ്പരം സമ്മതിക്കുന്നു’ എന്ന ഇംഗ്ലീഷ് വെഡ്ഡിങ്ങ്‌ സര്‍വീസില്‍ എടുക്കാറുള്ള പ്രതിജ്ഞയാണ് ഇവിടെ വിവക്ഷ. ഭര്‍ത്താവിനെ സ്വീകരിക്കുന്ന ഔപചാരികമായ ചടങ്ങ് തുലോം ലളിതമത്രേ. ബന്ധുമിത്രാദികളുടെ സാന്നിധ്യത്തില്‍ ഭര്‍ത്താവ് പെണ്‍കുട്ടിക്ക് പുടവ കൊടുക്കണം. പെണ്‍കുട്ടി അതു സ്വീകരിക്കണം -അത്രയും കൊണ്ട് അവർ ഭാര്യാഭര്‍ത്താക്കന്മാരായി
ത്തീരുന്നു. വൈവാഹികബന്ധം ഉപേക്ഷിക്കാനുള്ള ചടങ്ങും അത്രതന്നെ ലളിതമാണ്- പുരുഷന്‍ നല്‍കിയ പുടവ സ്ത്രീ തിരിച്ചുകൊടുത്താല്‍ മതി. ചിലപ്പോള്‍ ഒരുസ്ത്രീ ഒട്ടേറെ കാമുകന്മാരെ സ്വീകരിക്കും. എന്നാല്‍ ഇക്കാലത്ത് ആഭിജാത്യമുള്ള കുടുംബക്കാര്‍ ഇങ്ങനെ ചെയ്യുന്നില്ല. അത്രയുമല്ല, വിവാഹാനന്തരം സ്വന്തം തറവാട്ടില്‍ താമസിക്കുന്നതിനുപകരം ഭാര്യ, ഭര്‍ത്താവിന്റെ വീട്ടിലേക്കുപോയി അവിടെ സ്ഥിരമായി താമസിക്കുക എന്നത് ഇപ്പോള്‍ പതിവുസമ്പ്രദായമായി മാറിയിട്ടുമുണ്ട്. ഭര്‍ത്താവിന് പാരമ്പര്യനിയമപ്രകാരം ഭാര്യയോടും അവരില്‍നിന്നു ജനിക്കുന്ന കുട്ടികളോടും സ്വത്തുസംബന്ധമായ കാര്യങ്ങളിലോ അവരെ സംരക്ഷിക്കുന്നതിലോ ഉത്തരവാദിത്വമില്ലെങ്കിലും.

നമ്പൂതിരികുടുംബങ്ങളിലെ ‘അനിയന്മാര്‍’ നായര്‍സ്ത്രീകളുമായി സ്വതന്ത്രവേഴ്ചയില്‍ ഏര്‍പ്പെടുന്നുവെന്ന പ്രസ്താവന വളരെയധികം തെറ്റിദ്ധാരണകള്‍ക്കിടയാക്കിയിട്ടുണ്ട്. ഈ ഉണ്ണിനമ്പൂതിരിമാര്‍ ‘സംബന്ധം’ ചെയ്യുന്ന നായര്‍സ്ത്രീകളെ അവര്‍ യഥാര്‍ഥഭാര്യയായി കരുതാറില്ലെന്നും സംബന്ധക്കാരന്‍ നമ്പൂതിരിക്കു തോന്നുമ്പോള്‍ അവരെ ഉപേക്ഷിച്ചുപോകാനും പുതിയ മറ്റൊരു സംബന്ധം നടത്താനും നമ്പൂതിരിക്കു കഴിയുമെന്നുമുള്ളതാണ് ഇതിനുപിന്നിലുള്ള ‘തത്ത്വം’.
മലബാറിലെ പാരമ്പര്യനിയമത്തിലെ ഈവശം, അന്വേഷണത്വരയില്ലാത്ത വിമര്‍ശകരുടെ കൈയില്‍, ദുര്‍വ്യാഖ്യാനങ്ങള്‍ക്കിടനല്‍കി. നായര്‍സ്ത്രീകളുടെ സദാചാരനിലവാരത്തെ തെറ്റിദ്ധരിക്കാനും ഇടയാക്കി. സത്യം, സമീപകാലങ്ങളെ സംബന്ധിച്ച് പ്രത്യേകിച്ചും, മറ്റൊന്നാണ്. സംബന്ധത്തിലേര്‍പ്പെടുന്ന സ്ത്രീക്കും പുരുഷനും പാരമ്പര്യനിയമത്തിന്റെ താത്വികവശം മാത്രമെടുത്തു പറഞ്ഞാല്‍, ബന്ധം നിലനിര്‍ത്താനും ഉപേക്ഷിക്കാനും സ്വാതന്ത്ര്യമുണ്ടെന്നതു നേരാണ്. എന്നാല്‍, വൈവാഹികബന്ധം, അതിന്റെ ഔപചാരികസ്വഭാവം വെച്ചുകൊണ്ടുതന്നെ, ഇത്രയും പവിത്രമായി പരിഗണിക്കുകയും പാലിക്കുകയും ചെയ്യുന്ന മറ്റൊരു വിഭാഗത്തെ കാണുകയില്ല. ഭാര്യാ-ഭര്‍തൃബന്ധം സാഭിമാനം സംരക്ഷിക്കപ്പെടുന്നു. അതിന്റെ ലംഘനം നിര്‍വിശങ്കം ശിക്ഷിക്കപ്പെടുന്നു.
നായര്‍സ്ത്രീകള്‍ മറ്റേതു വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെയുംപോലെ സദാചാരിണികളാണ്.

പുരാതനകാലത്ത്, നായര്‍സ്ത്രീകളുടെ സദാചാരബോധം കുത്തഴിഞ്ഞതാണെന്ന പൊതുധാരണയ്ക്ക്, അടിസ്ഥാനമുണ്ടെന്നു പറയണം. ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ അഥവാ ‘ഈശ്വരമാര്‍ഗം തേടുന്നവര്‍ക്കുള്ള സൂചനകള്‍’ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവും പ്രസിദ്ധ അറബ് സഞ്ചാരിയുമായ ഷെയ്ഖ് സൈനുദ്ദീന്‍ മലബാറില്‍ താന്‍ നേരിട്ടു കണ്ടറിഞ്ഞ ആചാരവിശേഷങ്ങളെക്കുറിച്ച് പറയുന്നുണ്ട്. നായന്മാരുടെ വിവാഹസമ്പ്രദായമാണ് മറ്റു ജനവിഭാഗങ്ങളില്‍നിന്ന് അവരെ വ്യതിരിക്തരാക്കിനിര്‍ത്തുന്നതെന്ന് അദ്ദേഹം പറയുന്നു. തന്റെ മലബാര്‍ അനുഭവങ്ങളെക്കുറിച്ച് സൈനുദ്ദീന്‍ എഴുതുന്നത് പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിലും ഉത്തരാര്‍ധത്തിലുമായിട്ടാണ്. സൈനുദ്ദീന്റെ വാക്കുകളില്‍, ‘ഓരോ സ്ത്രീക്കും സഹവസിക്കാന്‍ രണ്ടോ നാലോ പുരുഷന്മാര്‍, ഭര്‍ത്താക്കന്മാരായിക്കാണും. അവര്‍ പരസ്പരം വഴക്കടിക്കാതെ, രമ്യതയില്‍ കഴിയുന്നു. ഭാര്യ തന്റെ സൗകര്യത്തിനൊത്തു ഭര്‍ത്താക്കന്മാരെ മാറി മാറി പ്രാപിക്കുന്നു. ഒരു മുസ്‌ലിം തന്റെ ഭാര്യമാര്‍ക്കിടയില്‍ സമയം ചെലവിടുന്ന അതേ രീതിയില്‍.’

‘ഈസ്റ്റ് ഇന്തീസിനെക്കുറിച്ച് പുതിയ വിവരങ്ങള്‍ (എഡിന്‍ബറോ.1727) എന്ന ഗ്രന്ഥത്തില്‍ ഹാമില്‍ട്ടണ്‍ പറയുന്നത്, ‘ഒരു സ്ത്രീക്ക് ചിലപ്പോള്‍ 12-ല്‍ അധികരിക്കാത്ത ഭര്‍ത്താക്കന്മാരെ ഒരേസമയത്ത് സ്വീകരിക്കാം’ എന്നാണ്. ‘അവര്‍ പരസ്പരം നല്ലപോലെ ഒത്തുപോവുന്നു. ഭാര്യയുമായി ഓരോരുത്തരും സഹവസിക്കുന്നത് ഊഴമനുസരിച്ചായിരിക്കും. മുന്‍ഗണനാക്രമമനുസരിച്ച് ഓരോരുത്തരും സഹവസിക്കേണ്ട ദിവസങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കുന്നു. ഒരാള്‍ എത്രനാള്‍ പൊതുഭാര്യയുമായി പാര്‍ക്കുന്നുവോ അത്രയും കാലത്തേക്കുള്ള ഭാര്യയുടെ സംരക്ഷണച്ചെലവ് അയാള്‍ വഹിക്കും. അങ്ങനെ വരുമ്പോള്‍, മാറിമാറി വരുന്ന ഭര്‍ത്താക്കന്മാരില്‍നിന്ന് ഭാര്യക്കു സര്‍വവിധ സുഖസൗകര്യങ്ങളും തുടര്‍ച്ചയായി ലഭിക്കുന്നു.’ ഭാര്യയെ പ്രാപിക്കാന്‍ വീട്ടില്‍ കയറുന്ന പുരുഷന്‍ (ഭര്‍ത്താവ്) അയാളുടെ ആയുധം വാതിലിനു മുമ്പാകെ വെക്കുന്നു. അത് എടുത്തു നീക്കാനോ അകത്തു കടക്കാനോ ആരും ധൈര്യപ്പെടുകയില്ല. അങ്ങനെ ചെയ്യുന്നതിനുള്ള കൂലി മരണമായിരിക്കും.

‘ഭാര്യ ഗര്‍ഭവതിയായാല്‍ ആരാണ് കുഞ്ഞിന്റെ അച്ഛനെന്ന് ഭാര്യ നിശ്ചയിച്ചറിയിക്കും. അച്ഛനായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന പുരുഷന്‍ കുട്ടിയെ സംരക്ഷിക്കും, വിദ്യാഭ്യാസം നല്‍കും. എന്നാല്‍ അച്ഛന്റെ സ്വത്തിന് ഇത്തരം കുഞ്ഞുങ്ങള്‍ അവകാശികളല്ല; അച്ഛന്റെ സഹോദരിയുടെ മക്കള്‍ക്ക് അവകാശപ്പെട്ടതാണ് ഈ സ്വത്തുക്കള്‍.’ സൈനുദ്ദീന്‍ രേഖപ്പെടുത്തുന്നു.

ഈ അസാധാരണസംഭവത്തിനു കാരണങ്ങള്‍ പലതും പറയുന്നുണ്ട്. തറവാട്ടുസ്വത്ത് അന്യപ്പെടാതിരിക്കാന്‍ കണ്ടെത്തിയ ഉപായമാണ് ഈ സമ്പ്രദായമെന്ന വിശദീകരണമാണ് കൂടുതല്‍ സ്വീകാര്യമായി തോന്നുന്നത്. കാര്യകാരണങ്ങള്‍ നേരിട്ട് നിരീക്ഷിച്ചറിഞ്ഞ ഷെയ്ഖ് സൈനുദ്ദീന്‍തന്നെ പ്രത്യേകം ചൂണ്ടിക്കാണിച്ചതാണ് ഈ വസ്തുത. നായന്മാര്‍ സമൂഹത്തിന്റെ ‘സംരക്ഷകരായി’ വര്‍ത്തിച്ച അന്നത്തെ സാഹചര്യത്തിന് അനുയോജ്യമാണ് സ്ത്രീകളുടെ ഈ ബഹുഭര്‍തൃസമ്പ്രദായമെന്നും കാണേണ്ടതുണ്ട്. ഒരേടത്തും ഉറച്ചുനില്‍ക്കാന്‍ കഴിയാത്ത നായര്‍പടയാളികള്‍ക്ക് (സംരക്ഷകര്‍) സ്വന്തം കുടുംബക്കാര്യം നോക്കി ഒരിടത്ത് സ്ഥിരതാമസമാക്കാന്‍ കഴിയുക വയസ്സുകാലത്താണ്.

‘ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ രാജാധിപത്യത്തിലെ ബന്ധങ്ങള്‍’ എന്ന തന്റെ പ്രാചീന ഗ്രന്ഥത്തില്‍ (1611-ാമത് പതിപ്പ്) നായന്മാരുടെ ‘സംരക്ഷണഗില്‍ഡി’നെക്കുറിച്ച് താഴെ കൊടുക്കുന്ന അസാധാരണമായ വിവരണം ജോണ്‍സ്റ്റണ്‍ നല്‍കുന്നുണ്ട്: ‘ഈ രാജ്യത്തിലെ പട്ടാളക്കാര്‍ അവരുടെ ആയോധനമുറയില്‍ എത്രമാത്രം പ്രഗത്ഭരാണെന്നതു പറഞ്ഞറിയിക്കാന്‍ പ്രയാസം. അവരെല്ലാം മാന്യന്മാരും നായന്മാര്‍ എന്ന പേരില്‍ അറിയപ്പെടുന്നവരുമാണ്. അവരുടെ കുട്ടിക്കാലം മുതല്‍ (7-ാം വയസ്സില്‍) ആയുധങ്ങള്‍ എങ്ങനെ പ്രയോഗിക്കണമെന്ന് പഠിക്കാനുള്ള കളരിയില്‍ (സ്‌കൂള്‍) ചേരുന്നു. ആയോധനമുറകള്‍ അഭ്യസിക്കുന്നതിന്റെ ഭാഗമായി അവര്‍ നടത്തുന്ന കഠിനമായ വ്യായാമങ്ങള്‍ കഴിയുമ്പോഴേക്കും അവര്‍ക്ക് ശരീരം ഇഷ്ടംപോലെ അനായാസേന വളയ്ക്കാനും തിരിക്കാനും കഴിയും. ദേഹം മുഴുവന്‍ എണ്ണ തേച്ചുകൊണ്ടാണ് പരിശീലനം ചെയ്യുക. അതുകൊണ്ട്, എല്ലും കൊട്ടുമില്ലാത്ത ഒരു മാംസപിണ്ഡം മാത്രമാണ് ശരീരമെന്ന നിലയില്‍ എത്ര ഉയരത്തില്‍ പൊങ്ങാനും താഴാനും ഒഴിഞ്ഞുമാറാനും ചാടാനും മറിയാനുമെല്ലാം അവര്‍ക്കു സാധിക്കുന്നു. ആയോധനമുറകളിലും സ്വന്തം ആയുധങ്ങളിലും തന്നത്താന്‍ മറന്നു ജീവിക്കുന്ന ഇവരെ സാമര്‍ഥ്യത്തിലും പരിജ്ഞാനത്തിലും വെല്ലാന്‍ ലോകത്തില്‍ മറ്റൊരു രാജ്യമില്ല’. 1792-93-ല്‍ ബംഗാളില്‍നിന്നുള്ള കമ്മീഷണര്‍മാരില്‍ ഒരാളെന്ന നിലയില്‍ ഒന്നിലധികം തവണ മലബാര്‍ സന്ദര്‍ശിച്ച ജൊനത്താന്‍ ഡങ്കന്‍ (പിന്നീട് ബോംബെ ഗവര്‍ണറായി) മൈക്കിളിന്റെ ‘കാമിയോണ്‍സ്’ എന്ന കവിതാസമാഹാരത്തിലെ താഴെ പറയുന്ന വരികള്‍ ഉദ്ധരിച്ചുകൊണ്ട്-
‘വേലചെയ്യുന്ന താഴ്ന്ന ജാതിക്കാര്‍ പൊലിയര്‍;
‘മേലായയ്മസ്ഥാനം അവകാശപ്പെടുന്നത് അഭിമാനികളായ നായന്മാര്‍;
‘കലാസംസ്‌കാരാദികാര്യങ്ങള്‍ അവര്‍ക്കു നന്നേ പുച്ഛം
‘വലതുകൈയില്‍ ഉയര്‍ത്തിപ്പിടിച്ച മിന്നുന്ന പടവാള്‍-
‘അവരുടെ ഇടതു കൈയില്‍ പോരാട്ടത്തിനുള്ള പരിച’-
ഇങ്ങനെ അഭിപ്രായപ്പെട്ടു: ‘ഈ വരികള്‍, പ്രത്യേകിച്ചും ഒടുവിലത്തെ രണ്ടു വരികള്‍ ഒരു നായരെ സംബന്ധിച്ച നല്ല വിവരണമാണ്. മറ്റു രാജ്യങ്ങളില്‍ സഞ്ചാരികള്‍ കുത്തിപ്പിടിച്ചു നടക്കാന്‍ കൈയില്‍ ഒരു ചൂരല്‍വടി കൊണ്ടുനടക്കുന്ന അതേ ലാഘവത്തോടെ ഒരു നായര്‍ തന്റെ നഗ്നമായ പടവാള്‍ കൊണ്ടുനടക്കുന്നു. ചില നായന്മാര്‍ അവരുടെ വാളുകള്‍ അരയ്ക്കുപിറകില്‍ കെട്ടിവച്ചു നടക്കുന്നതു ഞാന്‍ കണ്ടു. വാളിന്റെ പിടി അരയോടു ചേര്‍ത്തുകെട്ടിയ ഉറയിലായിരിക്കും. നഗ്നമായ വാള്‍ ചുമലുകള്‍ക്കിടയില്‍ ഉയര്‍ന്നുനില്‍ക്കുമ്പോള്‍ വെട്ടിത്തിളങ്ങുന്നു.’ (ഏഷ്യാറ്റിക് റിസര്‍ച്ച്-വോള്യം ഢ, പേജ് 10,18)

അവസാനമായി യുദ്ധരംഗത്തില്‍ നായര്‍പ്പടയെ മുഖാമുഖം നേരിടേണ്ടിവന്ന ശ്രദ്ധേയനായ ഒരേയൊരു ബ്രിട്ടീഷ് ജനറല്‍ സർ ഹെക്ടര്‍ മണ്‍റോ, അവരുടെ പോരാട്ടചാതുര്യം സംബന്ധിച്ച് രേഖപ്പെടുത്തിയ വരികള്‍ കൂടി– “ഒരു കുട്ട വൈക്കോലിനകത്ത് നഷ്ടപ്പെട്ട സൂചി ഒരാള്‍ കണ്ടെടുത്തേക്കാം, എന്നാല്‍ മണല്‍തിട്ടകള്‍ക്കും പൊന്തകള്‍ക്കും പിറകില്‍ പതിയിരിക്കുന്ന നായര്‍ഭടന്മാരെ പകല്‍വെളിച്ചത്തു കണ്ടെത്തുക പ്രയാസം. ഞങ്ങള്‍ കോട്ട ലക്ഷ്യമാക്കി മാര്‍ച്ച് ചെയ്യേണ്ട താമസം, എവിടെനിന്നില്ലാതെ ജൂണ്‍മാസത്തിലെ ഈച്ചക്കൂട്ടത്തെപ്പോലെ അവര്‍ ചാടിവീഴും”. അത്രയുമല്ല, ‘അവര്‍ക്ക് തോക്കുകള്‍ നന്നായി ഉന്നം പിടിക്കാനും ലക്ഷ്യം നോക്കി തിര ഉഴിക്കാനും കഴിയും.’ (തലശ്ശേരി ഫാക്ടറി ഡയറി, മാര്‍ച്ച് 1761). ചുരുക്കത്തില്‍ അവര്‍ ലഘുവായ പോരാട്ടങ്ങള്‍ക്ക് പ്രഗത്ഭരാണ്. പക്ഷേ, ചെറു ചെറു സംഘങ്ങളായി വേര്‍തിരിക്കപ്പെട്ട ഇവര്‍ പുറത്തുനിന്നുള്ള ശത്രുവിന്റെ കാര്യമായ ഒരു കടന്നാക്രമണത്തെ പിന്‍തള്ളാന്‍ സാധിക്കുമാറ് സുസംഘടിതരല്ല.

ഷെയ്ഖ് സൈനുദ്ദീന്‍ രേഖപ്പെടുത്തിയ ഇതര മലയാളി ആചാരങ്ങളില്‍ ഒരു വസ്തുത പരാമര്‍ശമര്‍ഹിക്കുന്നു. ‘ഒരു നാട്ടരചന്‍ പടക്കളത്തില്‍ വെച്ചു വധിക്കപ്പെട്ടാല്‍, അരചന്റെ അനുയായികള്‍ കൊലയാളിയായ രാജാവിന്റെ രാജ്യം കൊള്ളചെയ്തും കൊള്ളിവെച്ചും അവിടുത്തെ ജനങ്ങളെ കണ്ടമാനം കൊലചെയ്തും തങ്ങളും പ്രതികാരം തീര്‍ക്കുന്നതുവരെ ആയുധം താഴെ വെക്കരുതെന്ന പിടിവാശിക്കാരാണ്.’
ക്രിസ്ത്വബ്ദം 9-ാം നൂറ്റാണ്ടില്‍, അത്രയും വിദൂരസ്ഥമായ ഒരുകാലത്ത്, രണ്ടു മുസ്‌ലിം സഞ്ചാരികള്‍ രേഖപ്പെടുത്തിയ അതേ ആചാരവിശേഷമാണ് സൈനുദ്ദീന്‍ പ്രതിപാദിച്ചിരിക്കുന്നത്.’ കിരീടധാരണവേളയില്‍ ചില പ്രത്യേക ചടങ്ങുകള്‍ ആചരിക്കുന്ന രാജാക്കന്മാര്‍ ഈ നാട്ടില്‍ (മലബാറില്‍) ഉണ്ട്. രാജാവിന്റെ മുമ്പാകെ ചോറ് വിളമ്പിയിരിക്കും. ഇരുന്നൂറോ മുന്നൂറോ ആളുകള്‍ മുന്നോട്ടുവന്ന് രാജാവിന്റെ കൈയില്‍നിന്ന് ഓരോ പിടി ചോറു വാങ്ങുന്നു.

രാജാവ് സ്വയം ഒരു പിടി ചോറ് ഭക്ഷിക്കുന്നതോടെ എല്ലാവരും അവരവരുടെ പങ്ക് ഭക്ഷിക്കുന്നു. രാജാവ് മരിക്കുകയാണെങ്കില്‍ തങ്ങളും കൂടെ മരിക്കുമെന്ന ഒരു പ്രതിജ്ഞയാണ് ഈ ചടങ്ങ്. ‘ചില അസാധാരണ സന്ദര്‍ഭങ്ങളില്‍ മരിക്കാന്‍ സ്വയം ഉഴിഞ്ഞുെവക്കുന്നവരെ ‘അമൗക്കോ’ എന്നാണ് പോര്‍ച്ചുഗീസ് എഴുത്തുകാരനായ ബര്‍ബോസ പരിചയപ്പെടുത്തുന്നത്. പോര്‍ത്തുഗലില്‍ അത്തരക്കാര്‍ ആ പേരില്‍ അറിയപ്പെടുന്നു. നായന്മാര്‍ക്കിടയില്‍ നടപ്പിലുള്ള ഒരാചാരമാണിതെന്നും ബര്‍ബോസ ചൂണ്ടിക്കാണിക്കുന്നു. പുര്‍ക്കാസ് (1708) രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാണ്. ‘കൊച്ചിയിലെ രാജാവിന്റെ കീഴില്‍ ഒട്ടേറെ സേവകന്മാരുണ്ട്. അമോപ്പി എന്നാണവര്‍ അറിയപ്പെടുന്നത്. ചിലര്‍ ‘നെയിരി’ എന്നും അറിയപ്പെടുന്നു. ഈ രണ്ടു തരക്കാരായ ആളുകളും തങ്ങളുടെ ജീവന് യാതൊരു വിലയും കല്പിക്കുന്നില്ല-അതു രാജാവിനുവേണ്ടി ബലിയര്‍പ്പിക്കുക എന്നല്ലാതെ.’ ഇങ്ങനെ മരിക്കാന്‍ സ്വയം ഉഴിഞ്ഞുവച്ചവരെ മലയാളികള്‍ വിളിക്കുന്നത് ‘ചാവേര്‍’ എന്ന പേരിലാണ്. നായന്മാരുടേതായ ഈ ആചാരം പിന്നീട് മാപ്പിളമാരും സ്വീകരിക്കുകയുണ്ടായി. തിരുന്നാവായ മണല്‍പ്പുറത്തെ, ഓരോ പന്ത്രണ്ടാമാണ്ടിലും നടക്കുന്ന മാമാങ്ക (മഹാമഹം) വേളയില്‍, വള്ളുവനാട്ടരചന്റെ അഭിമാനം സംരക്ഷിക്കുന്നതിന്ന്, നായന്മാരാടൊപ്പം സ്വയം മരിക്കാന്‍ മാപ്പിളമാരും പ്രതിജ്ഞ എടുത്തിരുന്നു. വളരെ കഴിഞ്ഞുണ്ടായ മാപ്പിളമാരുടെ ഹാലിളക്കവും സ്വയം രക്തസാക്ഷിത്വം വരിക്കാനുള്ള ത്വരയില്‍ ബ്രിട്ടീഷ് ബയനറ്റുകളുടെ മേല്‍ ചെന്നു ചാടാന്‍ കാട്ടിയ അഭിനിവേശവും, നായന്മാരുടെ പ്രാചീനാചാരവിശേഷമായ ചാവേര്‍സമ്പ്രദായത്തിന്റെ ആവര്‍ത്തനമല്ല എന്നു ന്യായമായും സംശയിക്കാം.

നായന്മാരുടെ പോര്‍വീര്യം, പില്‍ക്കാലത്തു നിലനിന്നുപോന്ന സമാധാനാന്തരീക്ഷത്തില്‍, വ്യായാമത്തിന്റെയും പരിശീലനത്തിന്റേയും അഭാവത്തില്‍ പിന്നെ പിന്നെ അസ്തപ്രജ്ഞമായിവന്നു. നായര്‍ കൂടുതല്‍ കൂടുതല്‍ ഒരു കുടുംബസ്ഥനായി മാറുകയാണ്. താരതമ്യേന അവരില്‍ വളരെ ചുരുങ്ങിയ ആളുകള്‍ മാത്രമേ നായാട്ടില്‍പോലും അഭിരുചി കാട്ടുന്നുള്ളൂ. അവരുടെ ജനസംഖ്യാപരമായ വര്‍ധനയും അവരില്‍ വലിയൊരു വിഭാഗത്തിന്റെ ദാരിദ്ര്യാവസ്ഥയും മൂലം പടയാളിവംശമെന്ന നായരുടെ പാരമ്പര്യപ്രഭാവം അതിവേഗം തകര്‍ന്നടിയുകയാണ്.

ദായക്രമത്തിന്റെ കാര്യത്തിലൊഴിച്ച് മറ്റെല്ലാത്തിലും നായര്‍സമുദായത്തിന്റേതെന്നു പറയാവുന്ന പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന ഒരു വിഭാഗമുണ്ട്-എഴുത്തച്ഛന്‍ ജാതി. പരിഷ്‌കരിച്ച മക്കത്തായമാണ് ഈ വിഭാഗം അനുസരിക്കുന്നത്. അതായത്, സ്വത്തവകാശം അച്ഛനില്‍നിന്നു മകനിലേക്ക് അല്ലാതെ, അച്ഛനില്‍നിന്ന് മകളിലേക്ക് മരുമക്കത്തായ സമ്പ്രദായമില്ല”.
– ( മലബാർ മാനുവൽ ).

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *