#കേരളചരിത്രം
വി പി മേനോൻ – ഐക്യകേരളത്തിൻ്റെ ശില്പി.
പട്ടാളനടപടിയോ രക്തചൊരിച്ചിലോ കൂടാതെ, സ്വതന്ത്ര തിരുവിതാംകൂർ വാദവുമായി ഇടഞ്ഞുനിന്ന തിരുവിതാംകൂറിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ സാധിച്ചതിനു കേരളജനത കടപ്പെട്ടിരിക്കുന്നത് ഒരു മലയാളിയോടാണ് – കേരളം വിസ്മരിച്ച വി പി മേനോൻ.
ഒരു ക്ലർക്കായി ജീവിതമാരംഭിച്ച വാപ്പാല പങ്കുണ്ണി മേനോൻ തന്റെ കഴിവും കർമ്മശേഷിയും ഉപയോഗിച്ച് വൈസ്രോയിയുടെ പൊളിറ്റിക്കൽ റിഫോംസ് കമ്മീഷണറും കോൺസ്റ്റിറ്റുഷനൽ അഡ്വൈസറുമായി ഉയർന്നു – വൈസ്രോയി കഴിഞ്ഞാൽ രണ്ടാമത്തെ ഭരണാധികാരി.
സ്വതന്ത്രഭാരതത്തിൽ സെക്രട്ടറി ഓഫ് സ്റ്റേറ്റ്സ് എന്ന ഉന്നതപദവിയിൽ അവരോധിതനായ മേനോൻ, 500 ൽപരം നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് സർദാർ പട്ടേലിന്റെ വലംകൈയായി പ്രവർത്തിച്ചു.
ലയിക്കാൻ മടിച്ചുനിന്ന തിരുവിതാംകൂറിനെ അനുനയിപ്പിക്കാനായി മേനോൻ തിരുവനന്തപുരത്തെത്തി നിരന്തരമായ ചർച്ചകളിലൂടെ ലയനപ്രമാണത്തിൽ മഹാരാജാവിനെക്കൊണ്ട് ഒപ്പുവെപ്പിച്ച ചരിത്രം അദ്ദേഹത്തിൻറെ Integration of Indian States എന്ന ഗ്രന്ഥത്തിൽ വിശദമായി വിവരിക്കുന്നുണ്ട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പൂർണ നിയന്ത്രണമാണ് രാജാവിന് മേനോൻ പകരം നൽകിയ സമ്മാനം. ചിത്തിര തിരുനാൾ ആവശ്യപ്പെട്ട പെരുമാൾ സ്ഥാനം നിഷേധിക്കപ്പെട്ടു.
കൊച്ചി രാജാവിന് കൊടുത്ത സമ്മാനം രാജകുടുംബത്തിലെ 223 ആണുങ്ങൾക്കും 231 സ്ത്രീകൾക്കും പ്രത്യേകം പ്രത്യേകം പ്രിവിപേഴ്സ് അനുവദിച്ചു എന്നതാണ്. രാജാവ് സ്വന്തമായി ആവശ്യപ്പെട്ടത് എല്ലാ വർഷവും ഒരു പഞ്ചാംഗം മാത്രമാണ്.
തിരുക്കൊച്ചി ഏകീകരണം സാധ്യമായത് വി പി മേനോന്റെ അക്ഷീണ പ്രയത്നം കൊണ്ടു മാത്രമാണ്. തിരുവിതാംകൂർ മഹാരാജാവ് ചിത്തിര തിരുനാളിന് നൽകിയ രാജപ്രമുഖ സ്ഥാനത്തിന് പുറകെ, തന്നെക്കാൾ പ്രായത്തിൽ വളരെ മൂപ്പുള്ള കൊച്ചി രാജാവിന് ഉപരാജപ്രമുഖ സ്ഥാനം കൊടുക്കാനുള്ള മേനോൻ്റെ ശ്രമം ചിത്തിര തിരുനാളിന്റെ എതിർപ്പുമൂലം സാധിച്ചില്ല.
നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാർക്കെല്ലാം അവരുടെ സ്വകാര്യസ്വത്ത് നിലനിർത്താനും പ്രിവിപേഴ്സ് ഏർപ്പെടുത്താനുമുള്ള പട്ടേലിന്റെയും മേനോന്റെയും തീരുമാനം നെഹ്‌റുവിന് ഇഷ്ടമായില്ല .
പട്ടേലിന്റെ നിര്യാണത്തിനുശേഷം മേനോൻ തഴയപ്പെട്ടു.
ഒരു വർഷം ഒറീസ്സ ഗവർണർ ആയി പ്രവർത്തിച്ചശേഷം ശിഷ്ടകാലം ബാംഗളൂരിലാണ് ജീവിച്ചത്.
ഇന്ത്യ പാകിസ്ഥാൻ വിഭജനക്കരാർ എഴുതിയുണ്ടാക്കാനും, ഭാഷാസംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിലും നിർണ്ണായക പങ്കാണ് വി പി മേനോൻ നിർവഹിച്ചത്.
നിർണായകമായ ആ കാലഘട്ടത്തിന്റെ ചിത്രം മേനോൻ എഴുതിയത് കൂടാതെ, ബിപിൻ ചന്ദ്ര India After Independence, 1947-2000 എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട് .
വി പി മേനോന്റെ ജീവചരിത്രം, 2020ൽ മേനോന്റെ കൊച്ചുമകളുടെ മകൾ നാരായണി ബസു പ്രസിദ്ധം ചെയ്തിട്ടുണ്ട് .
– ജോയ് കള്ളിവയലിൽ.
ഫോട്ടോ :
1.വി പി മേനോൻ.
2. കൊച്ചി രാജാവ് രാമവർമ്മ, വി പി മേനോൻ, സർദാർ പട്ടേൽ, പട്ടേലിൻ്റെ മകൾ മണിബെൻ, ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ്.
Posted inUncategorized