#ഓർമ്മ
ഫീൽഡ് മാർഷൽ സാം മനേക്ഷാ.
ഇന്ത്യൻ കരസേനയുടെ ആദ്യത്തെ ഫീൽഡ് മാർഷൽ സാം മനേക്ഷായുടെ ( 1914-2008) ജന്മവാർഷികദിനമാണ്
ഏപ്രിൽ 3.
ബ്രിട്ടീഷ് ഇന്ത്യയിൽ പഞ്ചാബിലെ അമൃത്സറിൽ ഒരു പാഴ്സി കുടുംബത്തിൽ ജനിച്ച മനെക്ഷാ ഡെഹ്രാദൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് പാസായ ശേഷം റോയൽ ഇന്ത്യൻ ആർമിയിലെ ഓഫീസറായി. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത അദ്ദേഹം മരണത്തിൽനിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
സ്വതന്ത്ര ഇന്ത്യയിൽ പടിപടിയായി ഉയർന്നെങ്കിലും ആരുടെയും മുഖംനോക്കാതെ മറുപടി പറയുന്ന സ്വഭാവം അദ്ദേഹത്തെ കുഴപ്പത്തിൽ ചാടിച്ചു.
പ്രതിരോധമന്ത്രി കൃഷ്ണമേനോനുമായി ഇടഞ്ഞ മനേക്ഷാ മേജർ ജനറൽ പദവിയിൽ വിരമിക്കേണ്ടി വന്നേനെ.
1962ലെ ഇന്ത്യ ചൈന യുദ്ധത്തിൽ ഉണ്ടായ പരാജയത്തെത്തുടർന്ന് അദ്ദേഹത്തെ ലെഫ്റ്റ്നെൻ്റ് ജനറൽ ആയി സ്ഥാനക്കയറ്റം നൽകി അതിർത്തിയിൽ നിയോഗിച്ചു.
1969ൽ കരസേനയുടെ എട്ടാമത്തെ മേധാവിയായ ജനറൽ മനേക്ഷാക്ക് കിഴക്കൻ പാകിസ്താനിലെ പ്രശ്നങ്ങൾ വലിയ വെല്ലുവിളിയായി. അഭയാർഥിപ്രവാഹത്തിൽ ഗതിമുട്ടിയ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അദ്ദേഹത്തോട് ഉടൻ യുദ്ധം ആരംഭിക്കാൻ ഉത്തരവ് നൽകി. പക്ഷേ വേണ്ടത്ര തയാറെടുപ്പുകൾ നടത്തി മഴക്കാലം കഴിഞ്ഞു മാത്രമേ യുദ്ധം തുടങ്ങാൻ കഴിയൂ എന്ന് പറയാനുള്ള തൻ്റേടം അദ്ദേഹം കാട്ടി. യുദ്ധം ജയിച്ച് ബംഗ്ലാദേശിന് ജന്മം നൽകി, മനേക്ഷാ ഇന്ത്യ കണ്ട ഏറ്റവും മികച്ച യുദ്ധവീരനായി മാറി. ഫീൽഡ് മാർഷൽ തസ്തിക സൃഷ്ടിച്ച് രാജ്യം അദ്ദേഹത്തോടുള്ള നന്ദി പ്രകടിപ്പിച്ചു. ഒരു ഫീൽഡ് മാർഷൽ മരണം വരെ സൈന്യത്തിൽ തുടരും.
1973ൽ കരസേനാ മേധാവി പദം ഒഴിഞ്ഞ
‘ സാം ബഹദൂർ ‘ ശിഷ്ടജീവിതം നീലഗിരിയിലെ വെല്ലിങ്ടനിലാണ് കഴിഞ്ഞത്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized