#ഓർമ്മ
കമലാദേവി ചത്തോപാധ്യായ.
കമലാദേവി ചത്തോപാധ്യായയുടെ (1903-1988) ജന്മവാർഷികദിനമാണ്
ഏപ്രിൽ 3.
കാലത്തിനു മുൻപേ സഞ്ചരിച്ച മഹതിയാണ് കമലാദേവി. നാശോൻമുഖമായ ഇന്ത്യൻ കരകൗശല, കൈത്തറി, മേഖലകളെ ഏതാണ്ട് ഒറ്റക്ക് അവർ പുനരുജ്ജീവിപ്പിച്ചു.
വിഭജനത്തെത്തുടർന്ന് ഇന്ത്യയിലേക്ക് കുടിയേറിയ 50000ൽപ്പരം കരകൗശല വിദഗ്‌ദ്ധരെ കുടിയിരുത്താനായി ഫരീദാബാദ് എന്ന പട്ടണം തന്നെ അവർ പടുത്തുയർത്തി.
മംഗലാപുരത്തെ ഒരു ഗൗഡസാരസ്വത കുടുംബത്തിൽ ജനിച്ച കമലയെ 14 വയസ്സിൽ വിവാഹം കഴിപ്പിച്ചു. 16 വയസ്സിൽ വിധവയുമായി.
മദ്രാസ് ക്വീൻ മേരീസ് കോളേജിൽ പഠിക്കുമ്പോൾ സരോജിനി നായിഡുവിന്റെ സഹോദരൻ ഹരീന്ദ്രനാഥ് ചത്തോപാധ്യായയെ കണ്ടുമുട്ടി വിവാഹിതയായി.
സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായ അവർ 1928ൽ ആൾ ഇന്ത്യ വിമെൻസ് കോൺഫറൻസിന്റെ സെക്രട്ടറിയായി. ഉപ്പുസത്യാഗ്രഹ കാലത്ത് ജെയിലിൽ പോവുകയും ചെയ്തു.
കടുത്ത സ്ത്രീവിമോചകയായിരുന്ന അവർ സ്ത്രീകളുടെ ലൈംഗികസ്വാതന്ത്ര്യത്തിനു വേണ്ടിയും ഗർഭഛിദ്രം നടത്താനുള്ള അവകാശത്തിനു വേണ്ടിയും പോരാടി.
കമലാദേവി പടുത്തുയർത്തിയ സ്ഥാപനങ്ങൾക്ക് എണ്ണമില്ല.
നാഷണൽ സ്കൂൾ ഓഫ് ഡ്രാമ, സംഗീതനാടക അക്കാദമി, ലേഡി ഇർവിൻ കോളേജ്, ഭാരതീയ നാട്യ സംഘം, ക്രാഫ്റ്റ്‌സ് കൌൺസിൽ ഓഫ് ഇന്ത്യ തുടങ്ങിയവ അവയിൽ ചിലതാണ്.
സ്ത്രീകൾ സിനിമയിൽ അഭിനയിക്കുന്നതിനെ പുശ്ചിച്ചവർക്ക് മറുപടിയായി അവർ നിരവധി സിനിമകളിൽ അഭിനയിച്ചു.
അവരുടെ വിവാഹമോചനവും ചരിത്രം സൃഷ്ടിച്ചു. ഒരു ഇന്ത്യൻ കോടതി വഴി നേടിയ ആദ്യത്തെ നിയമപരമായ വിവാഹമോചനം.
പദ്മവിഭൂഷൺ, മഗ്സസെ, യുനെസ്‌കോ അവാർഡുകൾ നേടിയ കമല, 1977ൽ ഇന്ത്യൻ പ്രസിഡന്റ് ആകാനുള്ള ക്ഷണം സ്നേഹപൂർവ്വം നിരസിച്ചു.
18 പുസ്തകങ്ങൾ രചിച്ച അവരുടെ ആത്മകഥ Inner Recesses, Outer Spaces : Memoirs എന്നപേരിൽ 1986ൽ പ്രസിദ്ധീകരിക്കപ്പെട്ടു.
85 വയസിൽ ബോംബെയിൽവെച്ച് നിര്യാതയായി.
– ജോയ് കള്ളിവയലിൽ.
Posted inUncategorized