#കേരളചരിത്രം
#ഓർമ്മ
വൈക്കം സത്യാഗ്രഹം.
ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹം ആരംഭിച്ചിട്ട് 2024 മാർച്ച് 30ന് 100 വര്ഷം തികഞ്ഞു.
നൂറ്റാണ്ടുകളായി ഈഴവർ തൊട്ടുള്ള തീണ്ടൽ ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം നിരോധിച്ചു കൊണ്ടുള്ള നിയമം ഭേദഗതി ചെയ്യാനുള്ള പ്രമേയം തിരുവിതാംകൂർ സ്റ്റേറ്റ് അസംബ്ലിയിൽ എതിർത്ത് തോൽപ്പിച്ചത് ഒരു ഈഴവനാണ്.
ഈഴവ ജാതിയിൽ ജനിച്ച ടി കെ മാധവനാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ കാക്കിനാട സമ്മേളനത്തിൽ വൈക്കം സത്യാഗ്രഹത്തിൻ്റെ നേതൃത്വം കോൺഗ്രസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത്. വൈക്കത്തെ ക്ഷേത്രത്തിൻ്റെ മുന്നിലുള്ള വഴിയിൽ കൂടി അന്യ മതസ്ഥർക്ക് വരെ നടക്കാമെങ്കിലും തീണ്ടൽ ജാതിക്കാർക്ക് അനുവാദം ഉണ്ടായിരുന്നില്ല.
ഗാന്ധിജിയുടെ നിർദേശ പ്രകാരം പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയത് മാധവൻ, കെ പി കേശവ മേനോൻ, എ കെ പിള്ള, കെ കേളപ്പൻ
തുടങ്ങിയവരാണ്.
കുഞ്ഞാപ്പി എന്ന പുലയൻ, ബാഹുലേയൻ എന്ന ഈഴവൻ, ഗോവിന്ദ പണിക്കർ എന്ന നായർ എന്നിവരാണ് ആദ്യം നിരോധനം ലംഘിച്ച് അറസ്റ്റ് വരിച്ചത്. പിന്നീട് ടി കെ മാധവൻ , കെ പി കേശവ മേനോൻ, എ കെ പിള്ള , കെ കേളപ്പൻ മുതലായ നേതാക്കളും തുറുങ്കിൽ അടക്കപ്പെട്ടു.
ശ്രീ നാരായണ ഗുരു, മന്നത്ത് പത്മനാഭൻ തുടങ്ങിയവരുടെ പിന്തുണ വലിയ തോതിൽ സത്യാഗ്രഹത്തിന് ഏല്ലാ ജാതിയിലും പെട്ട ഹിന്ദുക്കളുടെ പിന്തുണ നേടിക്കൊടുത്തു.
പരിഹാരം കണ്ടെത്താൻ കഴിയാതെ ഇഴഞ്ഞു നീങ്ങിയ സമരത്തിന് ഊർജ്ജം പകർന്ന നടപടിയാണ് തമിഴ് നാട്ടിലെ നേതാവ് പെരിയാർ ഈ വി രാമസ്വാമിയുടെ പങ്കാളിത്തം. പഞ്ചാബിലെ അകാലികൾ വരെ സത്യാഗ്രഹത്തിൽ പങ്കെടുക്കാനെത്തി.
കേരളം സന്ദർശിച്ച ഗാന്ധിജി യുവാവായ തിരുവിതാംകൂർ രാജാവ് ചിത്തിര തിരുനാളിനോട് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കാൻ നേരിട്ട് അഭ്യർഥിച്ചു. അതിന് തികച്ചും അനുകൂല നിലപാടാണ് പുതിയ ദിവാൻ സർ ഞാൻ പി രാമസ്വാമി അയ്യർ സ്വീകരിച്ചത്. ഈഴവർ ബുദ്ധമതം സ്വീകരിക്കാൻ വരെ തയാറാണ് എന്ന സി വി കുഞ്ഞിരാമൻ്റെ പ്രസ്താവന കാര്യത്തിൻ്റെ ഗൗരവം രാജകുടുംബത്തെ ബോധ്യപ്പെടുത്തി.
20 മാസം നീണ്ടു നിന്ന വൈക്കം സത്യാഗ്രഹത്തിൻ്റെ ഒടുക്കം എല്ലാ ഹിന്ദുമത വിശ്വാസികൾക്കും ക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിജ്ഞാപനം മഹാരാജാവ് പുറപ്പെടുവിച്ചു.
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
സമരത്തിൻ്റെ തുടക്കത്തിൽ സജീവമായി ഇടപെട്ട ബാരിസ്റ്റർ ജോർജ് ജോസഫിനോട് മാറി നിൽക്കാൻ ഗാന്ധിജി ആവശ്യപ്പെട്ടു. ക്ഷേത്രപ്രവേശനം ഒരു സാമൂഹിക അനാചാരം എന്നതിനേക്കാൾ ഹിന്ദുക്കളുടെ അവകാശ സംരക്ഷണം എന്ന നിലയിലാണ് ഗാന്ധിജി കണ്ടത്.
















