#ഓർമ്മ
ഓ വി വിജയൻ.
ഓ വി വിജയൻ്റെ ( 1930-2005) ഓർമ്മദിവസമാണ്
മാർച്ച് 30.
മലയാളത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരിൽ ഒരാളാണ് വിജയൻ. ആധുനിക മലയാള നോവൽ സാഹിത്യം വിജയന് മുൻപും പിൻപും എന്ന് വിഭജിക്കപ്പെട്ടിരിക്കുന്നു. അത്രക്കാണ് ആദ്യ നോവലായ ഖസാക്കിൻ്റെ ഇതിഹാസം സൃഷ്ടിച്ച ഭാവുകത്വം. 1968 ജനുവരി മുതൽ മാതൃഭൂമി വാരികയിൽ പ്രസിദ്ധീകരിച്ചത് മുതൽ ഇന്നു വരെ ഖസാക്കിൻ്റെ ഇതിഹാസം മലയാള സാഹിത്യത്തിൽ നിരന്തരം വായിക്കുകയും പഠിക്കപ്പെടുകയും ചെയ്യുന്നു.
ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ എം എ പാസായ ശേഷം മലബാർ ക്രിസ്ത്യൻ കോളേജിൽ അധ്യാപകനായി തുടങ്ങി. ശങ്കറിൻ്റെ വാരികയിൽ കാർട്ടൂണിസ്റ്റ് ആയിട്ടാണ് ദില്ലിയിൽ എത്തിയത്. ഹൈദരബാദുകാരിയായ ഭാര്യ തെരേസയെ കണ്ടുമുട്ടിയത് ദില്ലിയിൽ വെച്ചാണ്. ദില്ലിയിലും ഹൈദരബാദിലും കൂടാതെ കുറച്ചു കാലം സഹോദരി ഓ വി ഉഷയുടെ കൂടെ കോട്ടയത്തും ഉണ്ടായിരുന്നു.
ബഹുമുഖ പ്രതിഭയായ വിജയൻ പക്ഷേ കേരളത്തിന് പുറത്ത് പ്രസിദ്ധമായത് കാർട്ടൂണിസ്റ്റ് എന്ന നിലയിലാണ്.
നോവലുകൾക്ക് പുറമെ അസംഖ്യം ചെറുകഥകളും വിജയൻ എഴുതി. കടൽതീരത്ത് എന്ന കഥ മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളിൽ ഒന്നാണ്.
വിജയൻ്റെ ലേഖനങ്ങൾ ഇന്ന് വായിക്കുമ്പോൾ അദ്ദേഹം എത്ര ദീർഘദർശിയായിരുന്നു എന്ന് മനസ്സിലാകും. എക്കാലത്തും സന്ദേഹിയായിരുന്നു വിജയൻ.
ജ്ഞാനപീഠം ലഭിക്കാത്ത മഹാന്മാരായ എഴുത്തുകാരാണ് വിജയനും ബഷീറും.
സാഹിത്യ അക്കാദമി, വയലാർ, ഓടക്കുഴൽ തുടങ്ങി അനേകം അവാർഡുകൾ കിട്ടിയിട്ടുമുണ്ട്. കൂടാതെ പദ്മഭൂഷൺ ബഹുമതിയും.
– ജോയ് കള്ളിവയലിൽ.
———–
“നാമൊക്കെ വാക്കുകൾ പണിയുന്ന തച്ചൻമാരാണ്, ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ. നൂറ്റാണ്ടുകളിലൂടെ കൊച്ചുളികളും ചെറുചുറ്റികകളുംമായി അലസമായി പണിയുന്നു.
വലിയ സന്ദേഹങ്ങളില്ലാതെ, സൃഷ്ടിയുടെ നോവുകളില്ലാതെ. ഈ ശരാശരിത്വം തുടർന്നുപോകുന്നതിന്റ ചരിത്രമാണ് നമ്മുടെ സാഹിത്യം. ഇവിടെ മരത്തിന്റെ മാറ്റ് മനസ്സിലാകാതെ പോകുന്നത് തച്ചൻമാർ തന്നെ.
ശബ്ദപാളികൾ ആഹ്ളാദത്തിൽ, ശക്തിയിൽ, അടർന്ന് ഘനതലങ്ങളിൽ പതിക്കുമ്പോഴാണ് സാഹിതി ഉടലെടുക്കുന്നത്. ഈ ശബ്ദപാളികൾ ഇന്ന് ദുർബ്ബലങ്ങളാണ്.
അവയുടെ ഭൗതികാടിസ്ഥാനം തുള വീണു കിടക്കുകയാണിന്ന്. തുള വീണ ഭാഷ.! ഓർത്തുനോക്കിയാൽ ഭയാനകം.’
തുള വീണ ഭാഷയിൽ ചിന്തിച്ച് അരികുഭാഷയിൽ ചിന്തയില്ലാതെ ശബ്ദിച്ച്, വികലമായ ഇങ്കീരിയസ്സിന്റെ കോമാളിമാലകളണിഞ്ഞ് ഗൾഫിൻമണലിൽ മുഖം നഷ്ടപ്പെടുമ്പോൾ അപമാനത്തിന്റെ തൃപ്തിചക്രം പൂർത്തിയാകുന്നു.
എന്റെ കുട്ടിക്കാലത്ത് ഒരു ഭാഷയുണ്ടായിരുന്നു. അത് ആകാശങ്ങളിലെ ദ്രാവിഡമായിരുന്നു. സുഖാലസ്യത്തിൽ പുലരാൻ കാത്തുകിടന്ന കുട്ടികളെ ഈ ദ്രാവിഡം തൊട്ടുവിളിച്ചു. കൂടെ ഏതോ ആദിസംസ്കൃതത്തിൻറെ സരളതാളങ്ങളും.
കുട്ടി പുലരി പൊട്ടുന്നത് അറിയുന്നുവോ? അറിയുന്നു. തന്നിലേക്ക് തന്നെ ഉൾവലിയുന്ന ശരീരത്തിൻറെ അമൃതാലസ്യമാണത്. ആവതും നുണയൂ. ഉഷസ്സന്ധ്യയിൽ കുട്ടി ചിരിക്കുന്നു. തന്നോടു സംസാരിച്ച ഗംഭീരസ്വരം എന്താണ്? ഏതോ സഹസ്രിമയുടെ വിരൽത്താളം… കരിമ്പനപ്പട്ടകളിൽ കാറ്റ് പിടിക്കുന്നതിൻറെ ശബ്ദമാണത്. ചുരം കടന്ന് പാലക്കാട്ടേക്ക് വീശുന്ന കിഴക്കൻ കാറ്റ്.
ഇന്ന് കിഴക്കൻ കാറ്റില്ല. കരിമ്പനയുമില്ല. ഈ തിരോഭാവങ്ങളിൽ എന്റെ ഭാഷയുടെ സ്ഥായുവക കൊട്ടിയടങ്ങുന്നു. എന്റെ ഭാഷ , മലയാളം, ആ വലിയ ബധിരതയിലേക്ക് നീങ്ങുന്നു. എനിക്ക് എന്റെ ഭാഷയെ തിരിച്ചുതരിക.
മന്ദാരത്തിന്റെ ഇലകൾ ചേർത്തുതുന്നിയ ഈ പുനർജനിയുടെ കൂടുവിട്ട് ഞാൻ വീണ്ടും യാത്രയാകുന്നു.
ഒരു മടക്കയാത്ര ഇല്ലാതെ…”
– ഓ വി വിജയൻ.
Posted inUncategorized