സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

#ഓർമ്മ

സ്വാദേശാഭിമാനി കെ രാമകൃഷ്ണപിള്ള.

സ്വാദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ (1878-1916) ചരമവാർഷികദിനമാണ്
മാർച്ച്‌ 28.

പത്രധർമ്മം, അഭിപ്രായസ്വാതന്ത്ര്യം, സാമൂഹിക പ്രതിബദ്ധത എന്നീ തത്വങ്ങളിലൂന്നി, നട്ടെല്ല് വളയാതെ പത്രപ്രവർത്തനം നടത്തി, എല്ലാം നഷ്ടപ്പെട്ടു നാടുകടത്തപ്പെട്ടിട്ടും ഒരു നൂറ്റാണ്ടിനുശേഷവും ആദരവോടെ മാത്രം ഓർമ്മിക്കപ്പെടുന്ന മഹാനാണ് രാമകൃഷ്ണപിള്ള.
നെയ്യാറ്റിൻകരയിൽ ജനിച്ച പിള്ള, തിരുവനന്തപുരത്ത് വിദ്യാർത്ഥിയായിരിക്കുമ്പോൾതന്നെ ലേഖനങ്ങൾ എഴുതിത്തുടങ്ങി.
ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ജന്മം കൊള്ളുന്നതിനു വർഷങ്ങൾക്കു മുൻപ് കാൾ മാർക്സിനെക്കുറിച്ചു പുസ്തകമെഴുതിയയാളാണ് രാമകൃഷ്ണപിള്ള.
1901ൽ കേരളപത്രികയുടെ പത്രാധിപരായി. 1906ൽ വക്കം അബ്ദുൽ ഖാദർ മൗലവിയുടെ ഉടമസ്ഥതയിലുള്ള സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായി.
ദിവാൻ രാജാഗോപാലാചാരിയുടെ ദുർവൃത്തജീവിതത്തെയും രാജകൊട്ടാരത്തിലെ ധൂർത്തിനെയും പൊതുജീവിതത്തിലെ അഴിമതിയെയും ശക്തിയുക്തം എതിര്ത്ത് എഴുതിയ ലേഖനങ്ങൾ രാജാവിന്റെയും ദിവാന്റെയും അപ്രീതി വിളിച്ചുവരുത്തി.
1910 സെപ്റ്റംബർ 26ന് പത്രവും വീടും പൂട്ടി മുദ്രവെച്ചു.
പിറ്റേദിവസം തിരുവിതാംകൂർ അതിർത്തിയായ ആരുവാമൊഴി കടത്തി നാടുകടത്തി. പാലക്കാട്, മദിരാശി തുടങ്ങിയ സ്ഥലങ്ങളിൽ ജീവിച്ചശേഷം അവസാനം കണ്ണൂരെത്തി.
1912 സെപ്റ്റംബർ 12ന് പാലക്കാട്‌ നടന്ന മഹാസമ്മേളനത്തിൽ മലേഷ്യൻ മലയാളികളാണ് സ്വാദേശാഭിമാനി എന്ന ബഹുമതി ചാർത്തി ആദരിച്ചത്.
വെറും 38 വയസ്സിൽ 1916ൽ കണ്ണൂരിൽവെച്ച് ഇഹലോകവാസം വെടിഞ്ഞു.
സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം, ഈ ധീരദേശാഭിമാനിക്ക് ജന്മനാട്ടിൽ അന്ത്യവിശ്രമം ഒരുക്കണം എന്ന വികാരം ശക്തമായി. കുമ്പളത്ത് ശങ്കുപ്പിള്ള, കെ ആർ ഇലങ്കത്ത്, ഡി സി കിഴക്കേമുറി തുടങ്ങിയവരുടെ നേതൃത്വത്തിൽ ചിതാഭസ്മം നാടുനീളെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി തിരുവനന്തപുരത്തു കൊണ്ടുവന്നു. രാജകുടുംബത്തിൻ്റെ അപ്രീതി ഭയന്ന്
സ്മാരകത്തിനു സ്ഥലം അനുവദിക്കാഞ്ഞത് പട്ടം താണുപിള്ള മന്ത്രിസഭയുടെ പതനത്തിനു വരെ കാരണമായി. എൻ്റെ ഭാര്യക്ക് മരച്ചീനി നടാനല്ല സ്ഥലം ചോദിച്ചത് എന്നാണ് കുമ്പളം ഗർജ്ജിച്ചത്.

തിരുവനന്തപുരം എം ജി റോഡിൽ ഏ ജീസ് ഓഫീസിനു മുന്നിൽ സ്വദേശാഭിമാനിയുടെ പ്രതിമ രാഷ്‌ട്രപതി അനാശ്ചാദനം ചെയ്തു. പിൽക്കാലത്ത് പാളയം ജംഗ്ഷനിലേക്ക് സ്മാരകം മാറ്റി സ്ഥാപിക്കപ്പെട്ടു.
എന്റെ ദീപ്തമായ ഒരു സ്മരണ 1964ൽ 9 വയസുള്ള സ്കൂൾകുട്ടിയായിരിക്കെ എന്റെ അച്ഛൻ തിരുവനന്തപുരത്ത് ദേശാഭിമാനി പ്രതിമയുടെ മുന്നിൽ കൊണ്ടുപോയി വണങ്ങി അതിനു താഴെ എഴുതി വെച്ചിരുന്ന വാചകം വായിപ്പിച്ചു അർഥം പറഞ്ഞുതന്നതാണ്.
” ഭയ കൗടില്യ ലോഭങ്ങൾ
വളർക്കില്ലൊരു നാടിനെ. “
– ജോയ് കള്ളിവയലിൽ.

അടിക്കുറിപ്പ് :
എന്റെ നാടുകടത്തൽ എന്ന പേരിൽ രാമകൃഷ്ണപിള്ളയും, വ്യാഴവട്ട സ്മരണകൾ എന്നപേരിൽ ഭാര്യ ബി കല്യാണി അമ്മയും സംഭ്രമജനകമായ അന്നത്തെ സംഭവങ്ങൾ ഹൃദയസ്പ്രുക്കായി വിവരിച്ചിട്ടുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *