#ഓർമ്മ
വി ടി ഭട്ടതിരിപ്പാട്.
വി ടി എന്ന രണ്ടക്ഷരം കൊണ്ട് കേരളമാകെ അറിയപ്പെട്ട വി ടി ഭട്ടതിരിപ്പാടിൻ്റെ ( 1896-1982) ജന്മവാർഷികദിനമാണ്
മാർച്ച് 26.
മേഴത്തൂർ അഗ്നിഹോത്രിയുടെ നാടായ പൊന്നാനി താലൂക്കിലെ മേഴത്തൂരാണ് വെളളിത്തിരുത്തിതാഴത്ത് കറുത്തപട്ടേരി രാമൻ ഭട്ടതിരിപ്പാടിൻ്റെ ജന്മഭൂമി.
കൂടല്ലൂർ മന വക ക്ഷേത്രത്തിലെ ശാന്തിക്കാരനായ യുവാവിനെ അക്ഷരം പഠിപ്പിച്ചത് 10 വയസുള്ള ഒരു തീയാടി പെൺകുട്ടിയാണ്. ഒരു പത്രത്തിൻ്റെ തുണ്ടിൽനിന്ന് മാൻ മാർക്ക് കുട എന്നു് കൂട്ടിവായിച്ചപ്പോൾ ഉണ്ടായ സന്തോഷം വി ടി വിവരിക്കുന്നത് കണ്ണീരോടെയല്ലാതെ വായിക്കാൻ കഴിയില്ല.
മലയാളത്തിലെ എക്കാലത്തെയും മികച്ച ആത്മകഥകളിൽ ഒന്നാണ് കണ്ണീരും കിനാവും.
നമ്പൂതിരിയെ മനുഷ്യനാക്കാൻ ഇറങ്ങിത്തിരിച്ച വി ടിയെ സമുദായം ഭ്രഷ്ട് കൽപ്പിച്ച് പുറത്താക്കി. ഇ എം എസ്, എം ആർ ബി, പ്രേംജി തുടങ്ങി ഒരുപറ്റം യുവാക്കൾ കൂടെ നിന്നു.
1929ൽ അരങ്ങേറിയ വി ടി യുടെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം നമ്പൂതിരി സമുദായത്തിൻ്റെ ദുരാചാരങ്ങളുടെ അടിത്തറയിളക്കിയ സംഭവമായി മാറി. നമ്പൂതിരിസ്ത്രീകൾ ഇല്ലങ്ങളുടെ പുറത്തിറങ്ങി. നമ്പൂതിരി യുവാക്കൾ സ്വജാതിയിൽ നിന്ന് വിവാഹം ചെയ്യാൻ ഒരുങ്ങി. ആദ്യത്തെ വിധവാവിവാഹം സ്വന്തം കുടുംബത്തിൽ തന്നെ നടത്തി വി ടി മാതൃക കാട്ടി.
നവോത്ഥാനനായകൻ എന്ന പേര് എല്ലാവിധത്തിലും അന്വർഥമാക്കിയ മഹാനാണ് വി ടി ഭട്ടതിരിപ്പാട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized