#കേരളചരിത്രം
ക്ലബ് സംസ്കാരം കേരളത്തിൽ.
ജോലി കഴിഞ്ഞ് വൈകുന്നേരങ്ങളിൽ ഒത്തുകൂടുക എന്നത് സായിപ്പന്മാരുടെ പണ്ടു മുതലേയുള്ള സംസ്കാരമാണ്.
കേരളത്തിൽ അത്തരം ക്ലബുകൾ ആദ്യമായി തുടങ്ങിയത് ബ്രിട്ടീഷുകാരാണ്.
അങ്ങനെ ബ്രിട്ടീഷ് മലബാറിൽ അവർ തുടങ്ങിയതാണ് കോഴിക്കോട്ടെ മലബാർ ക്ലബ്. തുടക്കത്തിൽ ജിംഖാന ക്ലബ് എന്നായിരുന്നു പേര്.
കോഴിക്കോട് കടപ്പുറത്ത് നിലനിന്ന ക്ലബിൽ ബ്രിട്ടീഷ് ഓഫിസർമാരെക്കൂടാതെ വയനാട്ടിലെ പ്ലാൻറ്റർമാർ, ഊട്ടി, തലശേരി, കണ്ണൂർ, മാഹി, പാലക്കാട്, കോയമ്പത്തൂർ, മുതൽ ബെല്ലാരിയിൽ നിന്നുവരെയുള്ള സായിപ്പന്മാർ അംഗങ്ങൾ ആയിരുന്നു.
1864ൽ തുടങ്ങിയ ക്ലബ് 1866ൽ പ്രവർത്തനം ആരംഭിച്ചു. 18866ലെ മെമ്പറന്മാരുടെ പട്ടിക കാണുക. 96 അംഗങ്ങൾ ഉള്ളതിൽ കൂടുതൽ പേരും വയനാട്ടിലെ പ്ലാൻ്റർമാരാണ്. ഈ എസ്റ്റേറ്റുകൾ ഇന്നും നിലവിലുണ്ടോ ആരാണ് ഉടമസ്ഥർ എന്ന് അന്വേഷിക്കുന്നത് കൗതുകകരമായിരിക്കും.
കോഴിക്കോട് ജഡ്ജി മുതൽ പോലീസ്, സൈന്യ, റെയിൽവേ ഓഫിസർമാർ ഉണ്ട്. കൂടാതെ ജഡ്ജിമാർ, ബാരിസ്റ്റർമാർ, തുടങ്ങിയ പൗരപ്രമുഖരുമുണ്ട്.
മലബാർ മാനുവൽ എന്ന അമൂല്യമായ ചരിത്ര ഗ്രന്ഥത്തിൻ്റെ രചയിതാവ് വില്ല്യം ലോഗൻ അംഗമാണ്.
ഇന്നും പ്രശസ്തമായ പീയേഴ്സ് ലെസ്ലി കമ്പനിയുടെ ഉടമ പീയേഴ്സ് ഉണ്ട്. ലെസ്ലിയുടെ വിലാസം ഇംഗ്ലണ്ട് എന്ന് കാണിച്ചിരിക്കുന്നതിൽ നിന്ന് അദ്ദേഹം തിരിച്ചു പോയിരുന്നു എന്ന് കരുതണം.
കൊച്ചിയിലെ പ്രസിദ്ധമായ ആസ്പിൻവാൾ കമ്പനിയുടമ ആസ്പിൻവാൾ കോഴിക്കോട്ടെ ക്ലബിലും അംഗമായി. ബോംബെയിൽ നിന്നു പോലും രണ്ട് അംഗങ്ങളുണ്ട്.
ഇന്ത്യക്കാർക്ക് എന്നുമുതലാണ് അംഗത്വം നൽകിത്തുടങ്ങിയത് എന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. 1947ൽ
രാജ്യം സ്വാതന്ത്ര്യം നേടിയതിനുശേഷം മിക്ക ബ്രിട്ടീഷുകാരും രാജ്യം വിട്ടു. ഏറ്റവുമവസാനം മടങ്ങിയവരിൽ പ്രമുഖനാണ് പ്രശസ്തനായ മർഫി സായിപ്പ്.
ചരിത്രം ഉറങ്ങുന്ന മലബാർ ക്ലബ് 1960കൾക്ക് ശേഷം ബീച്ച് ഹോട്ടൽ ആയി മാറി.
സായിപ്പന്മാർ തുടങ്ങിയ ക്ലബുകളിൽ ഇന്നും നിലനിൽക്കുന്നവയിൽ പ്രമുഖമാണ് തിരുവനന്തപുരത്തെ ട്രിവാൻഡ്രം ക്ലബ്, എറണാകുളത്തെ ലോട്ടസ് ക്ലബ്, മൂന്നാറിലെ ഹൈറേഞ്ച് ക്ലബ്, മുണ്ടക്കയത്തെ മുണ്ടക്കയം ക്ലബ് തുടങ്ങിയവ.
1914ൽ മുണ്ടക്കയം ക്ലബ് തുടങ്ങിയത് കേരളത്തിൽ റബർ കൃഷിക്ക് തുടക്കമിട്ട ജെ ജെ മർഫി എന്ന ഐറിഷ് പ്ലാൻ്റർ ആണ്.
1905ൽ ആരംഭിച്ച മൂന്നാറിലെ ഹൈറേഞ്ച് ക്ലബ് അംഗത്വം കൊടുത്ത ആദ്യത്തെ ഇന്ത്യക്കാരൻ, 1934ൽ അന്നത്തെ തിരുവിതാംകൂർ ദിവാൻ സർ സി പി രാമസ്വാമി അയ്യർ ആണ്. താമസത്തിനായി ആദ്യം മുറികൾ പണിതതും ഹൈ റേഞ്ച് ക്ലബിലാണ് – പള്ളിവാസൽ ജലവൈദ്യുത പദ്ധതിക്കായി എത്തിയ എഞ്ചിനീയർമാർക്കു വേണ്ടി.
ഇന്ന് ഇവയിൽ മിക്ക ക്ലബുകളും റിസോർട്ട് ടൂറിസത്തിൻെറ ഭാഗമായി മാറിക്കഴിഞ്ഞു.
– ജോയ് കള്ളിവയലിൽ.
( ഫോട്ടോകൾക്ക് നന്ദി, എറണാകുളത്തിൻ്റെ ചരിത്രകാരൻ കൂടിയായ ബന്ധു Reju George ).







