വയലാർ രാമവർമ്മ

#ഓർമ്മ

വയലാർ രാമവർമ്മ.

വയലാർ രാമവർമ്മയുടെ ( 1928-1975)
ജന്മവാർഷികദിനമാണ്
മാർച്ച് 25.

കവിയും ഗാനരചയിതാവുമായ വയലാർ മലയാളത്തിലെ എക്കാലത്തെയും മികച്ച ചലച്ചിത്ര ഗാനരചയിതാവാണ്.
അര നൂറ്റാണ്ടു കഴിഞ്ഞിട്ടും വയലാറിൻ്റെ ഗാനങ്ങൾ ഇന്നും ആബാലവൃദ്ധം ജനങ്ങൾ നെഞ്ചിലേറ്റുന്നു. വയലാർ ദേവരാജൻ ടീമിനെ വെല്ലാൻ ഒരു ഗാനരചയിതാവ്, സംഗീത സംവിധായകൻ ജോഡിക്കും കഴിഞ്ഞിട്ടില്ല.
223 ചിത്രങ്ങൾക്കായി 2000 ഗാനങ്ങൾ അദ്ദേഹം എഴുതി. നാടകഗാനങ്ങളിൽ ബലികുടീരങ്ങളെ …പോലെ പ്രശസ്തമായ വേറെയൊന്നില്ല.
1961ൽ സർഗസംഗീതം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ വയലാർ സിനിമാലോകത്ത് പെട്ടുപോയില്ലായിരുന്നെങ്കിൽ മലയാളത്തിലെ ഒന്നാം നിര കവിയാകുമായിരുന്നു.
സർഗ്ഗധനരായ മറ്റ് പലരെയും പോലെ മദ്യം ഈ പ്രതിഭയുടെ ജീവനും അകാലത്തിൽ അപഹരിച്ചു.
മലയാളത്തിലെ ഏറ്റവും പ്രസിദ്ധമായ സാഹിത്യ അവാർഡ് വയലാറിൻ്റെ പേരിലാണ്.
തിരുവനന്തപുരത്തെ മാനവീയം വീഥിയിൽ വയലാറിൻ്റെയും ദേവരാജൻ്റെയും പ്രതിമകൾ മുഖത്തോടു മുഖം നോക്കി നിൽക്കുന്നു.

” ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി…”

അശ്വമേധം

വയലാർ രാമവർമ്മ.

  • ” ആരൊരാളെൻ കുതിരയെ കെട്ടുവാൻ
    ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ?
    ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ‌‌-
    മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ!

വിശ്വസംസ്കാരവേദിയിൽ പുത്തനാ –
മശ്വമേധം നടത്തുകയാണു ഞാൻ!

നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പായു-
മെൻ കുതിരയെ, ചെമ്പൻ കുതിരയെ?

എന്തൊരുന്മേഷമാണതിൻ കൺകളിൽ
എന്തൊരുത്സാഹമാണതിൻ കാൽകളിൽ!
കോടികോടി പുരുഷാന്തരങ്ങളിൽ-
ക്കൂടി നേടിയതാണതിൻ ശക്തികൾ.
വെട്ടി വെട്ടി പ്രകൃതിയെ മല്ലിട്ടു-
വെറ്റി നേടിയതാണതിൻ സിദ്ധികൾ!
മന്ത്രമായൂരപിഞ്ചികാചാലന-
തന്ത്രമല്ലതിൻ സംസ്കാരമണ്ഡലം!

കോടി കോടി ശതാബ്ദങ്ങൾ മുമ്പൊരു
കാടിനുള്ളിൽ വച്ചെന്റെ പ്രപിതാമഹർ
കണ്ടതാണീക്കുതിരയെ; ക്കാട്ടുപുൽ-
ത്തണ്ടു നൽകി വളർത്തി മുത്തശ്ശിമാർ;
കാട്ടുചൊലകൾ പാടിയപാട്ടുക-
ളേറ്റു പാടിപ്പഠിച്ച മുത്തശ്ശിമാർ;
ഇന്നലത്തെ ചരിത്രം മയങ്ങുന്ന
മണ്ണിലൂടെ കുതിച്ചുപാഞ്ഞീടവെ
എത്രയെത്ര ശവകുടീരങ്ങളിൽ
നൃത്തമാടിയതാണാക്കുളമ്പുകൾ!
ദ്രുപ്തരാഷ്ട്ര പ്രതാപങ്ങൾതൻ കോട്ട-
കൊത്തളങ്ങളെപ്പിന്നിടും യാത്രയിൽ,
എത്ര കൊറ്റക്കുടകൾ, യുഗങ്ങളിൽ
കുത്തിനിർത്തിയ മുത്തണിക്കൂണുകൾ,-
അക്കുളമ്പടിയേറ്ററ്റുവീണുപോയ്;
അത്രയേറെഭരണകൂടങ്ങളും!

കുഞ്ചിരോമങ്ങൾ തുള്ളിച്ചു തുള്ളിച്ചു
സഞ്ചരിച്ചൊരിച്ചെമ്പങ്കുതിരയെ,
പണ്ടു ദൈവം കടിഞ്ഞാണുമായ് വന്നു
കൊണ്ടുപോയീ സവാരിക്കിറങ്ങുവാൻ.
പിന്നെ രാജകീയോന്മത്തസേനകൾ
വന്നു നിന്നു പടപ്പാളയങ്ങളിൽ!
ആഗമതത്വവേദികൾ വന്നുപോൽ
യോഗദണ്ഡിലിതിനെത്തളയ്ക്കുവാൻ!

എന്റെ പൂർവികരശ്വഹൃ ദയജ്ഞ;
രെന്റെ പൂർവികർ വിശ്വവിജയികൾ,
അങ്കമാടിക്കുതിരയെ വീണ്ടെടു-
ത്തന്നണഞ്ഞു യുഗങ്ങൾതൻ ഗായകർ!
മണ്ണിൽനിന്നു പിറന്നവർ മണ്ണിനെ –
പ്പൊന്നണിയിച്ച സംസ്കാരശില്പികൾ!

നേടിയതാണവരോടു ഞാനെന്നിൽ
നാടുണർന്നോരുനാളിക്കുതിരയെ!
ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാൻ
മായുകില്ലെന്റെ ചൈതന്യവീചികൾ!

ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ
പച്ചമണ്ണിൻ മനുഷ്യത്വമാണു ഞാൻ!
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ-
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ

ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ
പച്ചമണ്ണിൻ മനുഷ്യത്വമാണു ഞാൻ!
പച്ചമണ്ണിൻ മനുഷ്യത്വമാണു ഞാൻ! “

https://www.facebook.com/VeyilTinnunnaPaksi


– ജോയ് കള്ളിവയലിൽ.


Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *