സാമുവൽ ആറോൺ

#കേരളചരിത്രം
#ഓർമ്മ

സാമുവൽ ആറോൺ.

ബ്രിട്ടീഷ് മലബാറിലെ സ്വാതന്ത്ര്യസമരചരിത്രത്തിലെ മറക്കാനാവാത്ത ഒരു പേരാണ് സാമുവൽ ആറോൺ. മലബാറിലെ ഒട്ടു മിക്ക നേതാക്കളും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളായി മാറിയപ്പോഴും ആറോൺ കോൺഗ്രസിൽ തുടർന്നു.
ക്രിസ്തുമതവിശ്വാസിയായിരുന്ന ആറോൻ്റെ പൈതൃകം പക്ഷേ തീയ സമുദായമാണ്.
എട്ടിക്കുളത്തെ (രാമന്തളി ) തീയ്യ സമുദായത്തിൽപ്പെട്ട ചൂരക്കാട്ട് തറവാട്ടിലെ ഒരു വ്യക്തി കൃസ്തുമതം സ്വീകരിച്ച് ആറോൺ എന്ന പേര് സ്വീകരിക്കുകയായിരുന്നു.
നൂറ് വർഷങ്ങൾക്കു മുൻപ് ഇന്നത്തെ കുളപ്പുറം പ്രദേശം – പിലാത്തറ മുതൽ പരിയാരം വരെ – കൊടും കാട് ആയിരുന്നു.
കാടിന്റെ നടുവിലൂടെ റോഡു വന്നതോടെ കാട് പോയി നാട്ടിൻപ്രദേശമായി മാറി. ചൂരക്കാടൻ ആറോൺ അവിടെ ഒരു വലിയ എസ്റ്റേറ്റ് വളർത്തിയെടുത്തു.
ചൂരക്കാടൻ ആറോന്റെ കാലശേഷം എസ്റ്റേറ്റ് അദ്ദേഹത്തിന്റെ മക്കളായ സാമുവൽ ആറോണും സുമിത്രൻ ആറോണുമായി ഭാഗിച്ചുകിട്ടി. കുളപ്പുറം എസ്റ്റേറ്റ് സുമിത്രൻ ആറോന്റെ കൈയ്യിൽ നിഷിപ്തമായി. അദ്ദേഹത്തിന്റെ പ്രവർത്തനഫലമായി എസ്റ്റേറ്റ് അഭിവൃദ്ധി പ്രാപിച്ചു. കുളപ്പുറത്ത് ജ്യേഷ്oനായ സാമുവൽ ആറോൺ ഒരു വീവിങ്ങ് ഫാക്ടറി സ്ഥാപിച്ചിരുന്നു. സുമിത്രൻ ആറോൺ അവിടെ ഒരു പവർലൂം കൂടി സ്ഥാപിച്ചതോടെ രണ്ടു യൂണിറ്റുകളും കൂടി കുളപ്പുറം സ്പിന്നിങ്ങ് ആന്റ് വീവിങ്ങ് മിൽസ് എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങി. സുമിത്രൻ ആറോന്റെ മൂത്തമകൻ വെസ്‌ലി ആറോണായിരുന്നു കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടർ, ഈ കമ്പനിയിൽ പണിയെടുക്കാനായി കൊടക്കൽ, ചാലിശേരി, പരപ്പേരി തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ക്രൈസ്തവരായ വിദഗ്ധതൊഴിലാളികളെ കൊണ്ടുവന്നു താമസിപ്പിച്ചു. സ്ത്രീകൾക്കും, പുരുഷൻമാർക്കും പ്രത്യേകം താമസസ്ഥലങ്ങൾ കമ്പനി പരിസരത്തുതന്നെ ഒരുക്കി. പിൽക്കാലത്ത് ക്രൈസ്തവരായ തൊഴിലാളികൾക്ക് ഒരു ദേവാലയം വേണം എന്ന ആവശ്യം ഉയർന്നുവന്നപ്പോൾ സുമിത്രൻ ആറോന്റേയും ഗ്രേസ് ആറോന്റേയും ശ്രമഫലമായി അവിടെ ഒരു ദേവാലയം പണിതു – കുളപ്പുറം സി എസ് ഐ ചർച്ച്.
1921ലെ മലബാർ കലാപം അവിടത്തെ ക്രൈസ്തവജനതയെ യും സാരമായി ബാധിച്ചു, അവർ വീട് ഉപേക്ഷിച്ച് കുളപ്പുറത്തെത്തി കമ്പനിയിൽ ജോലിനേടി എന്നാണ് പറയപ്പെടുന്നത്.

പാപ്പിനിശേരി ബലിയപട്ടം ടൈൽസിന് സമീപത്ത് സാമുവൽ ആറോൺ നിർമ്മിച്ച വീട് പ്രസിദ്ധമാണ്.
അലഹബാദിൽ മോട്ടിലാൽ നെഹറു പണികഴിപ്പിച്ച ആനന്ദഭവൻ്റെ മാതൃകയിൽ നിർമ്മിച്ചതാണ് ആ ഇരുനില വീട് .
സ്വതന്ത്ര്യസമരസേനാനി, വ്യവസായപ്രമുഖൻ, വിദ്യാഭ്യാസപ്രവർത്തകൻ, രാഷ്ടീയപ്രവർത്തകൻ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്ന സാമുവൽ ആറോൻ്റെ അതിഥികളായി എത്തിയവരുടെ പട്ടികയിൽ ഡോക്ടർ രാജേന്ദ്രപ്രസാദ്, ജവഹർലാൽ നെഹ്റു, വി.വി.ഗിരി , സി രാജഗോപാലാചാരി, ടി പ്രകാശം, ഇന്ദിരാ ഗാന്ധി, സി എഫ് ആൻഡ്രൂസ്, എ കെ ജി തുടങ്ങിയ പ്രശസ്തരുണ്ട്.

പിൽക്കാലത്ത് ആറോൺ ദമ്പതികൾക്ക് ആ വീടു വിട്ടിറങ്ങേണ്ടി വന്നതും ചരിത്രം.
കുളപ്പുറത്തെ ലോകപ്രശസ്തമായ കുളപ്പുറം സ്പ്പിന്നിങ്ങ് ആൻറ് വീവിങ്ങ് മില്ലിൽ ഉണ്ടായ തൊഴിലാളിസമരത്തിൻ്റെ അനന്തരഫലമായി ആറോൺ കുടംബം കമ്പനി പൂട്ടി തറികളെല്ലാം തമിഴ്നാട്ടിലെക്ക് കടത്തി അവിടെ ഒരു പുതിയ കമ്പനി തുടങ്ങുകയായിരുന്നു.

ജോയ് കള്ളിവയലിൽ.

( ചിത്രങ്ങൾ, വിവരങ്ങൾ കടപ്പാട്: Devadas Madayi ).

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *