#ഓർമ്മ
മലയാള മനോരമ.
മലയാള മനോരമയുടെ
( 1888 – ) ജന്മദിനമാണ്
മാർച്ച് 22.
മലയാള പത്രങ്ങളിൽ ഏറ്റവുമധികം പ്രചാരമുള്ള മനോരമ അഞ്ചുമുതൽ പ്രസിദ്ധീകരണം തുടരുന്ന പത്രങ്ങളിൽ പ്രായംകൊണ്ട് രണ്ടാമത്തെയാണ്.
കണ്ടത്തിൽ വർഗീസ് മാപ്പിളയാണ് സ്ഥാപകനും പ്രഥമ പത്രാധിപരും. അതിനായി അദ്ദേഹം 1888 മാർച്ചിൽ തിരുവിതാംകൂറിലെ ആദ്യത്തെ ജോയിൻ്റ് സ്റ്റോക്ക് കമ്പനിയായ മലയാള മനോരമ കമ്പനി രൂപീകരിച്ചു. 100 രൂപ വിലയുള്ള 100 ഷെയറുകൾ വാങ്ങിയത് മലങ്കര സഭയിലെ പ്രമുഖർ ചേർന്നാണ്. പക്ഷേ കമ്പനിയും പത്രവും പിന്നീട് സഹോദര പുത്രൻ കെ സി മാമ്മൻ മാപ്പിളയുടെ കുടുംബത്തിൻ്റെ പൂർണ്ണ നിയന്ത്രണത്തിലായി.
1881ൽ കൊച്ചിയിൽ ദേവ്ജി ഭീംജി എന്ന ഒരു ഗുജറാത്തി വ്യവസായി തുടങ്ങിയ കേരള മിത്രം പത്രത്തിലാണ് വർഗീസ് മാപ്പിള പത്രപ്രവർത്തനം ആരംഭിച്ചത്. പിന്നീട് ജോലി രാജിവെച്ച് തിരുവിതാംകൂർ സർക്കാരിൻ്റെ മുതൽപ്പിടിയായി ജോലി ചെയ്തു.
അതിനുശേഷം മാന്നാനത്ത് നിന്നു് പ്രസിദ്ധീകരിച്ചിരുന്ന മലയാളത്തിലെ ആദ്യത്തെ പത്രമായ നസ്രാണി ദീപികയുടെ പത്രാധിപസമിതിയിൽ അംഗമായി. അടുത്ത ലാവണം കോട്ടയം സി എം എസ് സ്കൂളിൽ അസിസ്റ്റൻ്റ് മലയാളം മുൻഷിയായിട്ടാണ്.
1890 മാർച്ച് 22ന് കോട്ടയം എം ഡി സെമിനാരി സ്കൂളിൽ നിന്ന് അദ്യലക്കം പുറത്തിറങ്ങി യത് മുതൽ 1904 ജൂലായ് 6ന് മരണം വരെ പത്രാധിപരായി തുടർന്നു.
തുടക്കത്തിൽ ശനിയാഴ്ച തോറും, 1901 മുതൽ ആഴ്‌ചയിൽ രണ്ടുവീതവും പ്രസിദ്ധീകരിച്ചിരുന്ന പത്രം 1928 മുതൽ ദിനപ്പത്രമായി.
വർഗീസ് മാപ്പിളയുടെ മരണശേഷം സഹോദരപുത്രനായ കെ സി മാമ്മൻ മാപ്പിളയാണ് പത്രാധിപരായത്. അദ്ദേഹവും മരണംവരെ ആ സ്ഥാനത്ത് തുടർന്നു.
സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭത്തിന് ധനസഹായം ചെയ്യുന്നു എന്ന പേരിൽ ദിവാൻ സർ സി പി രാമസ്വാമി അയ്യർ 1938 സെപ്റ്റംബർ 9ന് പത്രം അടച്ചു പൂട്ടി. കുന്നംകുളത്ത് നിന്ന് പ്രസിദ്ധീകരണം തുടർന്ന പത്രം 1942 നവംബർ 29 മുതലാണ് കോട്ടയത്ത് നിന്ന് വീണ്ടും പ്രസിദ്ധീകരിച്ചു തുടങ്ങിയത്.
മാമ്മൻ മാപ്പിളയുടെ പിൻഗാമി മൂത്തമകൻ കെ എം ചെറിയാൻ ആയിരുന്നു. ചെറിയാന് ശേഷം മറ്റൊരു മകനായ കെ എം മാത്യൂ മുഖ്യ പത്രാധിപരായി.
മലയാള മനോരമയിൽ ആധുനികവൽക്കരണം നടപ്പിലാക്കി മുൻനിരയിൽ എത്തിച്ചതിൻ്റെ ഖ്യാതി മാത്തുക്കുട്ടിച്ചായൻ എന്ന കെ എം മാത്യുവിന് അവകാശപ്പെട്ടതാണ്.
ഇന്ന് മനോരമ, പത്രം, മാസികകൾ, ടി വി ചാനലുകൾ, റേഡിയോ ചാനൽ എന്നിങ്ങനെ ഒരു മഹാസാമ്രാജ്യമായി കെ എം മാത്യുവിൻ്റെ മക്കളുടെ നേതൃത്വത്തിൽ കേരള സമൂഹത്തിലും രാഷ്ട്രീയത്തിലും നിർണ്ണായക സ്വാധീനമായി തുടർന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized