#ഓർമ്മ
പാറെമ്മാക്കൽ തോമാ കത്തനാർ.
പാറെമ്മാക്കൽ തോമാ കത്തനാരുടെ (1736- 1799) ചരമവാർഷിക ദിനമാണ്
മാർച്ച് 20.
ഒരു ഇന്ത്യൻ ഭാഷയിൽ എഴുതപ്പെട്ട ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥത്തിൻ്റെ രചയിതാവ് എന്നതാണ് പാറെമ്മാക്കൽ ഗോവർണദോർ എന്നറിയപ്പെട്ടിരുന്ന തോമാകത്തനാരുടെ നിതാന്ത യശസ്സ്.
നൂറ്റാണ്ടുകൾക്ക് മുൻപ് ജീവൻ പണയംവെച്ച് യൂറോപ്പിലേക്ക് വർഷങ്ങൾ നീണ്ട കപ്പൽയാത്ര നടത്തിയതിൻ്റെ വിവരണമാണ് വർത്തമാനപുസ്തകം.
പോർച്ചുഗീസുകാരുടെ ആധിപത്യത്തിൽ ആയിരുന്ന കേരളത്തിലെ കത്തോലിക്കാസഭക്ക് തദ്ദേശീയരായ മെത്രാന്മാരെ ലഭിക്കുക എന്നതായിരുന്നു മാർ ജോസഫ് കരിയാറ്റിയുമൊത്ത് നടത്തിയ ഐതിഹാസിക യാത്രയുടെ ലക്ഷ്യം.
തിരുവിതാംകൂറിൽ ഇന്നത്തെ കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ കടനാട് ഗ്രാമത്തിലാണ് കത്തനാർ ജനിച്ചത്. മീനച്ചിൽ ശങ്കരൻ കർത്താവിൻ്റെ കീഴിൽ 3 വര്ഷം സംസ്കൃതവും കാനാട്ട് അയ്പ്പു കത്തനാരുടെ കീഴിൽ 3 വര്ഷം ലത്തീൻ , സുറിയാനി ഭാഷകളും പഠിച്ചശേഷം ആലങ്ങാട് സെമിനാരിയിൽ ചേർന്നു. 1761ൽ വൈദികനായി. 1778ൽ ആരംഭിച്ച്
മാസങ്ങൾ നീണ്ട ദുരിതപൂർണ്ണമായ കപ്പൽയാത്രക്കു ശേഷം റോമിൽ മാർപ്പാപ്പയെയും ലിസ്ബണിൽ പോർച്ചുഗീസ് രാജാവിനെയും കണ്ട് അനുവാദംനേടി മാർ കരിയാറ്റി മെത്രാനായി വാഴിക്കപ്പെട്ടു.
1786ൽ ഗോവയിൽ തിരിച്ചെത്തി. അവിടെവെച്ച് കരിയാറ്റി അപ്രതീക്ഷിതമായി മരണമടഞ്ഞു.
തോമാ കത്തനാർ സുറിയാനിക്കാരുടെ ഗോവർണദോർ ( അഡ്മിനിസ്ട്രേറ്റർ) ആയി നിയമിതനായി.
ആലങ്ങാട്, വടയാർ, രാമപുരം പള്ളികൾ ആസ്ഥാനമാക്കി മരണംവരെ തോമാ കത്തനാർ സുറിയാനി കത്തോലിക്കാസഭ ഭരിച്ചു.
മലയാളഭാഷ നിലനിൽക്കുന്ന കാലത്തോളം വർത്തമാനപുസ്തകം എന്ന ചരിത്രഗ്രന്ഥം ഒരു അമൂല്യരത്നമായി ശേഷിക്കും.
– ജോയ് കള്ളിവയലിൽ.






