#കേരളചരിത്രം
ചരിത്രം – യാഥാർത്ഥ്യവും മിഥ്യയും.
തിരുവിതാംകൂർ സ്വാതന്ത്ര്യസമരകാലം മുതൽ കേരളസംസ്ഥാന രൂപീകരണം വരെയുള്ള ചരിത്രം മനസ്സിലാക്കാൻ, ചരിത്രപുസ്തകങ്ങൾ, ആത്മകഥകൾ, ജീവചരിത്രങ്ങൾ, പത്രമാസികകൾ തുടങ്ങിയവ വായിക്കുന്ന ഒരാൾക്ക്, ചിന്താക്കുഴപ്പം ഉണ്ടാക്കുന്ന ഒട്ടേറെ സംഭവവിവരണങ്ങൾ കാണാൻ സാധിക്കും.
ചരിത്രം ഒരിക്കലും നിക്ഷ്പക്ഷമല്ല, അത് വിജയികൾക്ക് മാത്രം നീതി ലഭിക്കുന്ന കഥയാണ്, എന്ന ചൊല്ല് ശരിവെക്കുന്നതാണ് മിക്ക രചനകളും എന്ന് നമുക്ക് ബോധ്യമാകും.
1930കൾ മുതൽ കോൺഗ്രസ് ( അന്ന് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്) പാർട്ടിയിലുണ്ടായ പിളർപ്പുകൾ – 1930കളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയായി മാറിയവർ, 1947ൽ സോഷ്യലിസ്റ്റ് പാർട്ടികളിൽ ചേർന്നവർ ( ISP, KSP, RSP, PSP, KMPP തുടങ്ങി വിഭാഗങ്ങൾ അനവധി ), 1964ലെ കോൺഗ്രസ് പിളർപ്പും കേരളാ കോൺഗ്രസിൻ്റെ ജനനവും, NSS, SNDP തുടങ്ങിയ സാമുദായികസംഘടനകളിൽ നിന്ന് കാലാകാലങ്ങളിൽ കോൺഗ്രസിലേക്കുള്ള നേതാക്കളുടെ വരവും പോക്കും, 1930കളിലും 40കളിലും സർ സി പി സ്ഥാനമാനങ്ങൾ നൽകി സ്റ്റേറ്റ് കോൺഗ്രസിൽ നിന്ന് അടർത്തിയെടുത്തവർ, 1962ലെ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർപ്പിൽ CPI, CPI(M) എന്നു രണ്ടായി മാറിയവർ – ഇവരൊക്കെ ചരിത്രം എഴുതുമ്പോൾ തങ്ങളുടെ പാർട്ടിയെയും തങ്ങൾ എടുത്ത നയസമീപനങ്ങളെയും ന്യായീകരിക്കാനുള്ള പ്രേരണ ഉണ്ടാവുമല്ലോ. വ്യക്തിനിഷ്ഠമായ ഇഷ്ടാനിഷ്ടങ്ങളും സ്വാഭാവികമാണ്.
ചില ഉദാഹരണങ്ങൾ മാത്രം ചൂണ്ടിക്കാണിക്കാം.
ദിവാൻ സർ സി പിയെ വെട്ടിയത് കെ സി എസ് മണി എന്ന കെ എസ് പി പ്രവർത്തകനാണ് എന്ന് വെളിപ്പെടുത്തപ്പെട്ടു കഴിഞ്ഞിട്ടും, അതിന് ഉത്തരവാദികൾ പുന്നപ്ര വയലാർ മനുഷ്യക്കുരുതിയിൽ അമർഷംപൂണ്ട കമ്മ്യുണിസ്റ്റ് പാർട്ടി പ്രവർത്തകരാണ് എന്ന് അവകാശപ്പെടാൻ സാക്ഷാൽ ഇ എം എസിനു പോലും മടിയുണ്ടായില്ല.
സി നാരായണപിള്ള ഉൾപ്പെടെ മിക്ക നേതാക്കളും, ഗ്രന്ഥകാരന്മാരും, “ആരോ ഒരാൾ ” എന്നെഴുതി മണിയെ തമസ്കരിക്കുകയാണ് ചെയ്തത്. മൂന്നുപതിറ്റാണ്ട് കഴിഞ്ഞു, കുമ്പളത്തു ശങ്കുപ്പിള്ളയാണ് മണിക്ക് ശാപമോക്ഷം നൽകിയത്.
പുന്നപ്ര വയലാർ ചരിത്രം എഴുതിയ കെ സി ജോർജ് ആദ്യം അവതാരിക എഴുതിച്ചത് ഇ എം എസിനെക്കൊണ്ടാണ്.
പക്ഷേ പിളർപ്പിനുശേഷം ഇറങ്ങിയ പതിപ്പിൽ ജോർജ് എഴുതിയത് പുന്നപ്ര വയലാർ സമരകാലത്ത് ഇ എം എസ് ‘ഉണ്ണി നമ്പൂതിരി’യുമായി നടക്കുകയായിരുന്നു എന്നാണ്. ഇ എം എസിന്റെ അവതാരികയുടെ സ്ഥാനത്ത് സി അച്യുതമേനോന്റെ അവതാരിക വന്നു.
തിരുവിതാംകൂർ കമ്മ്യൂണിസ്റ്റ് ലീഗിന്റെ സ്ഥാപകനും, കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിക്കുന്നതിന് മുന്നോടിയായി 1937ൽ എസ് വി ഘാട്ടെയുടെ അധ്യക്ഷതയിൽ കോഴിക്കോട് കൂടിയ രഹസ്യയോഗത്തിലും, പാർട്ടി സ്ഥാപിതമായ 1938ലെ പിണറായിയിലെ പാറപ്രം സമ്മേളനത്തിലും, ഇ എം എസ്, പി കൃഷ്ണപിള്ള എന്നിവരോടോത്ത് പങ്കെടുത്ത എൻ സി ശേഖർ, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വന്നുപോയ ഒരാളാണ് എന്ന് ഇ എം എസ് എഴുതിയത്, വേദനയോടെ ശേഖർ ആത്മകഥയിൽ രേഖപ്പെടുത്തുന്നു.
പിന്നീട് കേരളത്തിൽ മുഖ്യമന്ത്രി വരെയായ ആർ ശങ്കർ മുൻപ് എസ് എൻ ഡി പി നേതാവ് എന്ന നിലയിൽ സർ സി പിയുടെ പിന്തുണക്കാരൻ ആയിരുന്നു എന്ന് കോൺഗ്രസുകാർ എഴുതില്ല. മന്നത്ത് പത്മനാഭൻ കാലാകാലങ്ങളിൽ നടത്തിയ ചാഞ്ചാട്ടങ്ങൾ നായർ സമുദായത്തിൻ്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ എന്ന മട്ടിൽ നിസാരവൽക്കരിക്കപ്പെടുകയാണ്.
വേറൊരു പ്രശ്നം മിക്കവരും ഓർമ്മയിൽ നിന്നാണ് എഴുതിയത് എന്നതാണ്.
അത്തരം ചില പിശകുകൾ കുമ്പളത്തിന്റെ ആത്മകഥയുടെ അവതാരികയിൽത്തന്നെ എ പി ഉദയഭാനു ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ കിട്ടാവുന്ന എല്ലാ രചനകളും രേഖകളും പരിശോധിച്ചു സ്വന്തം നിഗമനങ്ങളിൽ എത്തുക എന്നതാണ് ചരിത്രവിദ്യാർത്ഥികൾക്ക് കരണീയം.
ഏറ്റവും ദുഖകരമായ ഒരു യാഥാർഥ്യം , ചരിത്രത്തിൻ്റെ യാതൊരു പിൻബലവുമില്ലാതെ, കെട്ടുകേൾവി മാത്രം വെച്ച് ചരിത്രം എന്നരീതിയിൽ ചില നിക്ഷിപ്‌തതാൽപര്യക്കാർ എഴുതുന്നത് വിശ്വസിക്കാൻ ധാരാളം ആളുകൾ ഇന്നുമുണ്ട് എന്നതാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized