#ഓർമ്മ
കർദിനാൾ ആൻ്റണി പടിയറ.
സീറോ മലബാർ സഭയുടെ പ്രഥമ തലവൻ കർദിനാൾ മാർ പടിയറയുടെ ( 1921 – 2000) ചരമവാർഷികദിനമാണ്
മാർച്ച് 22.
കോട്ടയം ജില്ലയിലെ മണിമലയിൽ ജനിച്ച ആൻ്റണി പടിയറ ബാംഗളൂരിൽ പഠിച്ച് കോയമ്പത്തൂർ രൂപതക്കുവേണ്ടിയാണ് 1945ൽ വൈദികനായത്. വെറും 34 വയസ്സിൽ (1955) ഊട്ടി രൂപതയുടെ ബിഷപ്പായി നിയമിതനായ മാർ പടിയറ വളരെ വേഗത്തിൽ നാടിൻ്റെ മുഴുവൻ അന്തോണി സാമിയാർ ആയി മാറി.
മാർ കാവുകാട്ടിൻ്റെ വിയോഗത്തിന് ശേഷം അധികാരവടംവലി ശക്തമായ ചങ്ങാനശേരി അതിരൂപതയിൽ വത്തിക്കാൻ പ്രശ്നപരിഹാരം കണ്ടെത്തിയത് ലത്തീൻ രൂപതയുടെ മെത്രാനായ മാർ പടിയറയെ മെത്രാപ്പോലീത്തയായി നിയമിച്ചുകൊണ്ടാണ്.
വിവേകവും പക്വതയും ഫലിതസിദ്ധിയും കൊണ്ട് തൻ്റെ ഭരണം പ്രശ്നരഹിതമായി കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞു.
കർദിനാൾ പാറേക്കാട്ടിൽ അന്തരിച്ചപ്പോൾ ഭാവി കർദിനാളായി എറണാകുളം അതിരൂപതയെ നയിക്കാനും റോം കണ്ടത് മാർ പടിയറയെ തന്നെയാണ്. 1988ൽ കർദ്ദിനാൾ പദവി ലഭിച്ചു.
നൂറ്റാണ്ടുകളായി കേരളസഭയുടെ ആവശ്യമായിരുന്നു സ്വയംഭരണം ലഭിക്കുക എന്നത്. അത് നേടിയെടുക്കാൻ കഴിഞ്ഞ കർദിനാൾ പടിയറ, സീറോ മലബാർ സഭയുടെ ആദ്യത്തെ തലവനായും എറണാകുളം അങ്കമാലി അതിരൂപതയുടെ മേത്രാപ്പോലീത്തയായും ഉയർത്തപ്പെട്ടു.
കീരിയും പാമ്പും പോലെ നിലകൊണ്ടിരുന്ന ചങ്ങനാശ്ശേരി, എറണാകുളം, ഗ്രൂപ്പുകളെ ഒന്നിച്ച് കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് ഇന്ന് ഒരു അത്ഭുതമായി തോന്നുന്നു.
75 വയസ്സിൽ വിരമിച്ചുകൊണ്ട് അധികാരമല്ല സേവനമാണ് ഒരു ഇടയൻ്റെ ലക്ഷ്യവും ലക്ഷണവും എന്ന് ഈ മഹാനായ പുരോഹിതൻ തെളിയിച്ചു .
അരനൂറ്റാണ്ട് മുൻപ് അരുവിത്തുറ സെൻ്റ് ജോർജ് എന്ന ഒരു ജൂണിയർ കോളേജിൽ യൂണിയൻ ഉൽഘാടനം ചെയ്യാൻ ചെയർമാൻ എന്നനിലയിൽ ഒരു 18കാരൻ്റെ ക്ഷണം സ്വീകരിച്ച് ഇംഗ്ലീഷിൽ ഒന്നാംതരം ഒരു പ്രസംഗം ചെയ്ത സ്നേഹനിധിയാണ് എൻ്റെ മനസ്സിൽ.
ഫലിതസാമ്രാട്ട് എന്ന നിലയിൽ ക്രിസോസ്തം വലിയ മെത്രാപ്പോലീത്ത മാത്രമാണ് പടിയറ പിതാവിൻ്റെ ഒപ്പം നിൽക്കുന്നത്.
ഭിന്നതകളിൽ ആടിയുലയുന്ന സീറോ മലബാർ സഭയിലെ ചങ്ങനാശേരി, എറണാകുളം, ഗ്രൂപ്പുകൾ രണ്ടുകൂട്ടരെയും ഒരുപോലെ സ്നേഹത്തോടെ നയിച്ച ഈ വന്ദ്യപിതാവിൻ്റെ ഓർമ്മക്കായിട്ടെങ്കിലും സമാധാനം കൊണ്ടുവരണം എന്നത് സഭയിലെ മുഴുവൻ അംഗങ്ങളുടെയും ആഗ്രഹമാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized