#ഓർമ്മ
ലോക ജല ദിനം.
മാർച്ച് 22 ലോക ജല ദിനമാണ്.
ജീവൻ്റെ നിലനിൽപ്പ് തന്നെ ജലത്തെ ആശ്രയിച്ചാണ് എന്നു് പറയേണ്ടതില്ല. പക്ഷേ മനുഷ്യൻ്റെ അത്യാർത്തി ഇന്ന് ലോകത്തെങ്ങും ജലക്ഷാമത്തിനു വഴി തെളിച്ചിരിക്കുന്നു .
ഇനി വരുന്ന കാലത്ത് യുദ്ധങ്ങൾ വെള്ളത്തിന് വേണ്ടിയായിരിക്കും എന്ന് പറയുന്നത് ക്ലീഷെ ആയി മാറിക്കഴിഞ്ഞു.
ജലം, ജനങ്ങൾ തമ്മിൽ യുദ്ധം ചെയ്യാനല്ല, മറിച്ച് സമാധാനത്തിൻ്റെ കാരണമായി മാറണം എന്നതാണ് 2024ലെ മുദ്രാവാക്യം.
നമുക്ക് ലഭ്യമായ ശുദ്ധജല സ്രോതസുകൾ നന്നായി പരിപാലിച്ചാൽ കുടിവെള്ളം മുട്ടുന്ന സ്ഥിതി ഒഴിവാക്കാം.
തടാകങ്ങൾ കൊണ്ട് പ്രസിദ്ധമായിരുന്നു ഒരു കാലത്ത് ബംഗളൂരു നഗരം. അവയെല്ലാം നികത്തി ബഹുനില കെട്ടിടങ്ങൾ പണിതു. ഇന്ന് ബംഗളൂരു നഗരത്തിലെ ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്.
മനുഷ്യന് മാത്രമല്ല മൃഗങ്ങൾക്കും പക്ഷികൾക്കും എല്ലാം കുടിവെള്ളം വേണം. കാടും കാട്ടിലെ ജലവും ഇല്ലാതായതോടെ വെള്ളവും തീറ്റയും തേടി വന്യ മൃഗങ്ങൾ നാട്ടിൽ ഇറങ്ങാൻ നിർബന്ധിതരായി മാറി.
ഇനിയും പാഠം പഠിച്ചില്ലെങ്കിൽ വൻ ദുരന്തങ്ങളാണ് കാത്തിരിക്കുന്നത്.
കൊച്ചി പോലുള്ള വൻനഗരങ്ങളിൽ പകർച്ചവ്യാധികൾ പെരുകുന്നു എന്ന വാർത്ത ആശങ്കപ്പെടുത്തുന്ന സൂചനയാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized