ദില്ലി/ഡെൽഹി

#ചരിത്രം
#books

ഡെൽഹി / ദില്ലി.

മൂവായിരം വർഷത്തെ ചരിത്രം ഉറങ്ങുന്ന മഹാനഗരമാണ് ദില്ലി.

ധൃതരാഷ്ട്രർ രാജ്യം പങ്കുവെച്ചപ്പോൾ പാണ്ഡവർക്ക് കിട്ടിയത് വരണ്ടുണങ്ങിയ ഖാണ്ടവ പ്രദേശമാണ്. അവിടെ മയൻ പടുത്തുയർത്തിയ മായാനഗരമാണ് ഇന്ദ്രപ്രസ്ഥം. അനേകമനേകം രാജാക്കന്മാരുടെ ഉയർച്ചയും താഴ്ചയും കണ്ട ദില്ലി ബ്രിട്ടീഷ്കാലം മുതൽ ഇന്ത്യയുടെ തലസ്ഥാനമായി തുടരുന്നു. കൽക്കത്തയിൽ നിന്നാണ് തലസ്ഥാനം അവർ ദില്ലിയിലേക്ക് മാറ്റിയത്.
ദില്ലിയെപ്പറ്റിയുള്ള എഴുത്തുകൾ പുസ്തകമായി സമാഹരിച്ചത് പ്രശസ്ത എഴുത്തുകാരൻ കുശ്വന്ത്‌ സിംഗ് ആണ്. ലുറ്റെൻസിന്റെ ന്യൂഡെൽഹി 1934ൽ പണിതുയർത്തിയതിൽ കരാറുകാരൻ എന്നനിലയിൽ ഒരു മുഖ്യപങ്കു വഹിച്ചയാളാണ് , കുശ്വന്തിന്റെ അച്ഛൻ സർദാർ ശോഭാ സിംഗ് .
11ആം നൂറ്റാണ്ടിൽ രചിക്കപ്പെട്ട അമിർ കുസൃവിന്റെ ലേഖനം മുതൽ, 1192ൽ ദില്ലി പിടിച്ച കുത്തബ്ദീൻ ഇബക്, 1334ൽ തുഗ്ലക്കിന്റെ ഭരണകാലത്ത് ദില്ലിയിലെത്തിയ ഇബ്ൻ ബത്തൂത്ത, 1398ൽ ദില്ലി കീഴടക്കിയ ടിമൂർ വരെയുള്ളവർ എഴുതിയ ചരിത്രം ഇതിൽ വായിക്കാം.
ആറുവർഷം കൊണ്ടു പണിത് , ഷാജഹാൻ 1648ൽ തലസ്ഥാനമാക്കിയ ഷാജഹാനബാദ് ആണ് ഇന്നത്തെ പഴയ ദില്ലി. ആഗ്രയിൽ നിന്നാണ് ഭരണം ദില്ലിയിലേക്ക് മാറ്റിയത്.
ദില്ലിയിൽ അൽപ്പകാലമെങ്കിലും ചിലവഴിച്ച എല്ലാവർക്കും പറയാനുണ്ടാകും ഒരു കഥ. എനിക്കുമുണ്ട് കുറേ കഥകൾ.
1980ലാണ് ഞാൻ ആദ്യമായി ഡൽഹിയിൽ കാലുകുത്തിയത്. ഏഷ്യാഡിന് മുന്നോടിയായി ഫ്ളൈഓവറുകൾ, സ്റ്റേഡിയങ്ങൾ , പഞ്ചനക്ഷത്ര ഹോട്ടലുകൾ എല്ലാം പണിതുയർത്തുന്ന സമയം. വമ്പന്മാരുടെ ആവാസകേന്ദ്രമായ ഗ്രേറ്റർ കൈലാസിൽ ഒരു പഞ്ചാബിയുടെ ബർസാത്തിയിൽ (ടെറസിൽ ഉള്ള ഒറ്റമുറി) താമസം.

അതിശയിപ്പിക്കുന്ന മാറ്റങ്ങളാണ് അതുകഴിഞ്ഞു വന്നത്. ഡെൽഹി മെട്രോ നഗരത്തിന്റെ മുഖഛായ അപ്പാടെ മാറ്റി. കോടമഞ്ഞിൽപ്പോലും വാഹനങ്ങൾ ചീറിപ്പായുന്ന
യമുന എക്സ്പ്രസ്സ് ഹൈവേയിലൂടെയുളള യാത്ര പേടിപ്പെടുത്തിയ ഒരു അനുഭവമാണ്.
ബഹായി ടെമ്പിൾ ഒരു ദൃശ്യവിസ്മയം തന്നെ.
പക്ഷേ എനിക്ക് ഡൽഹിയിൽ കഴിയേണ്ട. അന്തരീക്ഷ
മലിനീകരണത്തിന്റെ ജീവിക്കുന്ന രകതസാക്ഷികളാണ് ഇന്ന് ഡൽഹിയിലെ ജനങ്ങൾ.
ഇതൊടൊപ്പമുള്ള ഫോട്ടോകൾ ഇപ്പോൾ എടുക്കാൻ പറ്റില്ല. മഹാനഗരം മുഴുവൻ പുകമറയിൽ മങ്ങി നിൽക്കുന്നു.
ചരിത്രമുറങ്ങുന്ന ഇന്ത്രപ്രസ്ഥത്തെക്കുറിച്ച് അടുത്തകാലത്ത് ലഭിച്ച ഒരു മികച്ച വായനാനുഭവമാണ് ഈ പുസ്തകം.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *