കൊല്ലം പട്ടണം

#കേരളചരിത്രം

കൊല്ലം പട്ടണം.

ഒരു നൂറ്റാണ്ട് മുൻപുവരെ ദക്ഷിണ ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ഒരു പട്ടണം ആയിരുന്നു കൊല്ലം.
100 വർഷങ്ങൾ മുൻപ് (1920) പ്രസിദ്ധീകരിച്ചിരുന്ന “കോട്ടയം മാസിക”യിൽ വന്ന ഒരു ലേഖനം കൊല്ലം പട്ടണത്തിൻ്റെ ഉത്ഭവം അന്വേഷിക്കുകയാണ്. തരിസാപ്പള്ളി ചെപ്പേടിൽ പരാമർശിക്കുന്ന ശാപ്പർ ഈശോ എന്ന വിദേശക്രൈസ്തവ വ്യാപാരിയാണ് കൊല്ലം പട്ടണം സ്ഥാപിച്ചത് എന്നാണ് ലേഖനകർത്താവിൻ്റെ പക്ഷം.
ഒന്നാം നൂറ്റാണ്ടു മുതൽ കൊല്ലം ഒരു പ്രധാന ജനവാസകേന്ദ്രം ആയിരുന്നു എന്ന് കരുതാം. ചീനർ, അറബികൾ തുടങ്ങിയവർ കൊല്ലം തുറമുഖം വഴി കച്ചവടം നടത്തിയിരുന്നു. വലിയ ചന്ത എന്ന അർഥം വരുന്ന കൊലസം എന്ന ചൈനീസ് വാക്കിൽ നിന്നാണ് കൊല്ലം എന്ന പേര് ഉണ്ടായത് എന്ന ഒരു വാദമുണ്ട്. പുരാതനമായ പേര് ദേശിങ്ങനാട് എന്നായിരുന്നു. ഒൻപതാം നൂറ്റാണ്ടു മുതൽ പന്ത്രണ്ടാം നൂറ്റാണ്ട് വരെ വേണാടിൻ്റെ തലസ്ഥാനമായതോടെയാണ് കൊല്ലം പ്രശസ്തിയാർജിക്കുന്നത്. കൊല്ലവർഷം എന്ന മലയാളം കലണ്ടർ ആരംഭിച്ചത് 1198 വര്ഷം മുൻപാണ്.
മാർക്കോ പോളോയും മറ്റും പരാമർശിക്കുന്ന കുരക്കേണി കൊല്ലം , കൊല്ലം തന്നെ ആയിരിക്കണം.
ക്രിസ്തുവർഷം 825ൽ നാട് വാണിരുന്ന ഉദയമാർത്താണ്ഡവർമ്മ രാജാവ് കൊല്ലത്തു നിന്ന് പുറപ്പെടുവിച്ച രാജശാസനത്തോടെ യാണ് രാജ്യം മുഴുവൻ പുതിയ കലണ്ടർ നിർബന്ധമായി നടപ്പാക്കിയത്.

ആധുനിക കൊല്ലത്തിൻ്റെ ചരിത്രം ആരംഭിക്കുന്നത് 1503ൽ തിരുവിതാംകൂർ റാണി പോർച്ചുഗീസ്കാരെ കൊല്ലം തുറമുഖം വഴി കച്ചവടം നടത്തുന്നതിന് ക്ഷണിക്കുന്നതോടെയാണ് . അവർ ഒരു കോട്ട കെട്ടി തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു. പോർച്ചുഗീസുകാരെ തോൽപിച്ച് 1661ൽ ഡച്ചുകാർ കൊല്ലത്ത് ആധിപത്യം സ്ഥാപിച്ചു.
പിന്നീട് കൊല്ലത്തിൻ്റെ നിയന്ത്രണം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കൈകളിലായി.
കൊച്ചി തുറമുഖം വന്നതോടെ കൊല്ലത്തിൻ്റെ പ്രാധാന്യം കുറഞ്ഞു.
1956ൽ ഐക്യകേരളം നിലവിൽവന്നതോടെ കൊല്ലം ഒരു ജില്ലാ ആസ്ഥാനം മാത്രമായി മാറി.
– ജോയ് കള്ളിവയലിൽ.

( ഫോട്ടോകൾ: Sathish Thottasery , ഡിജിറ്റൽ ശേഖരം)

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *