കെ പി നാരായണ പിഷാരടി

#ഓർമ്മ

കെ പി നാരായണ പിഷാരടി.

കഴിഞ്ഞ തലമുറയിലെ സംസ്‌കൃതപണ്ഡിതരിൽ അഗ്രഗണനീയനായ പ്രൊഫസർ കെ പി നാരായണ പിഷാരടിയുടെ (1909-2004) ഓർമ്മദിവസമാണ് മാർച്ച്‌ 21.

മഹാഗുരുക്കന്മാരായ പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മ, ആറ്റൂർ കൃഷ്ണ പിഷാരടി എന്നിവരുടെ കീഴിൽ സംസ്‌കൃതം പഠിക്കാൻ ഭാഗ്യം കിട്ടിയ പിഷാരടി മാഷ്, പട്ടാമ്പി സംസ്‌കൃത കോളേജിലെ പഠനം പൂർത്തിയാക്കിയശേഷം അധ്യാപകനായി. മധുര അമേരിക്കൻ കോളേജിലും തൃശൂർ കേരളവർമ്മ കോളേജിലും അധ്യാപകനായിരുന്നു.
ഞാൻ വായിച്ചതിൽ അത്യധികം ഹൃദയസ്പർശിയായ ആത്മകഥയാണ് ‘ആയാതമായാതം’. ഷഷ്‌ടിപൂർത്തിയുടെ പ്രാധാന്യം മനസിലാക്കിയത് ആ പുസ്തകത്തിൽ നിന്നാണ്. നമ്മൾ ജനിച്ച സമയത്തെ നക്ഷത്രങ്ങൾ നമ്മുടെ ജീവിതകാലത്ത് വീണ്ടും അതേനിലയിൽ എത്തുന്ന ഏക സന്ദർഭമാണ് ഷഷ്ഠിപൂർത്തി (60 വയസ്സ്). ചുരുക്കത്തിൽ ഒരു പുനർജന്മം തന്നെ.
പിഷാരടി മാഷിന് ലഭിക്കാത്ത പുരസ്‌കാരങ്ങൾ കുറവാണ് – കേരള, കേന്ദ്ര, സാഹിത്യ അക്കാദമി അവാർഡുകൾ, എഴുത്തച്ഛൻ പുരസ്‌കാരം, സാഹിത്യനിപുണൻ, പണ്ഡിതരാജൻ, സാഹിത്യരത്നം, പണ്ഡിത തിലകൻ, രാമാശ്രമം അവാർഡ്, എല്ലാം ആ പ്രതിഭ അർഹിക്കുന്ന അംഗീകാരങ്ങൾ ആണെന്നതിൽ തർക്കമില്ല.
നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ് പ്രൊഫസർ പിഷാരടി.
വിദ്യ അന്വേഷിച്ചു ചെല്ലുന്ന ആരെയും സൗജന്യമായി പഠിപ്പിക്കാൻ ആ ആചാര്യൻ എന്നും സന്നദ്ധനായിരുന്നു എന്നത് ആ ശ്രേഷ്ഠജീവിതത്തിന്റെ തിലകക്കുറിയായി ശേഷിക്കുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *