#ഓർമ്മ
കണ്ണന്തോടത്ത് ജനാർദ്ദനൻ നായർ.
കണ്ണംതോടത്ത് ജനാർദനൻ നായരുടെ (1910-1946) ചരമവാർഷികദിനമാണ്
മാർച്ച് 16.
തിരുവിതാംകൂർ സ്വാതന്ത്ര്യസമര ചരിത്രത്തിലെ മിന്നുന്ന നക്ഷത്രമായിരുന്നു വെറും 36 വയസ്സിൽ അന്തരിച്ച കണ്ണംതോടത്ത് ജനാർദനൻ നായർ.
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് അനുഭാവിയായിട്ടാണ് കണ്ണന്തോടം രാഷ്ടീയത്തിൽ പ്രവേശിച്ചത്. ഇടപ്പള്ളിയിലെ കണ്ണന്തോടത്ത് കൊച്ചുമഠത്തിൽ ജാനകിയമ്മയുടേയും കൊല്ലം പ്രാക്കുളത്ത് താന്നിക്കൽ രാമൻപിള്ളയുടേയും സീമന്തപുത്രനായി 1910-ൽ ജനിച്ചു. ഇംഗ്ലണ്ടിൽ പോയി ബാർ അറ്റ്ലായും ഫോറസ്റ്ററി പരീക്ഷയും പാസ്സായി
തിരുവിതാംകൂറിലെ ആദ്യത്തെ ഫോറസ്റ്റ് കൺസർവേറ്ററായി ഉയർന്ന ആളാണ് പിതാവ് രാമൻപിള്ള. സമൃദ്ധിയുടെ നടുവിൽ ജനിച്ചുവളർന്ന ജനാർദ്ദനൻ നായർ നിരാലംബരും നിസ്സഹായരുമായ തൊഴിലാളികളുടെ കഷ്ടപ്പാടുകൾക്ക് അറുതി വരുത്തുവാനുള്ള ശ്രമകരമായ പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടത്.
കൊല്ലം ജില്ലയിൽ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൻ്റെ അടിസ്ഥാനശിലകൾ പാകിയത് കണ്ണന്തോടത്ത് ജനാർദ്ദനൻ നായരാണ്. അദ്ദേഹം സ്ഥാപിച്ച ഏറ്റവും വലിയ ട്രേഡ് യൂണിയൻ തിരുവിതാംകൂർ നാവികത്തൊഴിലാളി യൂണിയനാണ്. കൊല്ലത്ത് കശുവണ്ടി, ടെക്സ്റ്റൈൽ, മേഖലകളിലും അദ്ദേഹം ട്രേഡ് യൂണിയനുകൾ സ്ഥാപിച്ചു. 1937 മുതൽ 44 വരെ ശ്രീമൂലം അസംബ്ലിയിൽ കാർത്തികപ്പള്ളി – കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽനിന്ന് അംഗമായി. സി .പി രാമസ്വാമി അയ്യരുടെ ദുർഭരണത്തെ അസംബ്ലിയിലും പുറത്തും അതിനിശിതമായി വിമർശിച്ചുകൊണ്ടിരുന്ന കണ്ണത്തോടത്തിനെ, രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്തു . 11 മാസത്തോളം ആരുവാമൊഴി സെൻട്രൽ ജയിലിലാണ് പാർപ്പിച്ചത്.പുന്നപ്ര വയലാർ സമരത്തിൽ സി.പി രാമസ്വാമി അയ്യർ കണ്ണന്തോടത്ത് ജനാർദനൻ നായരെയും പ്രതിയാക്കി.
കണ്ണന്തോടം, എൻ ശ്രീകണ്ഠൻ നായർ തുടങ്ങിയ നേതാക്കൾ അക്കാലത്ത് പ്രവർത്തിച്ചിരുന്നത് മത്തായി മാഞ്ഞൂരാൻ നേതൃത്വം നൽകിയിരുന്ന കേരള സോഷ്യലിസ്റ്റ് പാർട്ടിയിലാണ്. മത്തായിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ മൂത്ത് തിരുവിതാംകൂറിലെ നേതാക്കൾ പുതിയ പാർട്ടിയായി മാറാൻ തീരുമാനിച്ചു. അഖിലേന്ത്യാതലത്തിൽ പ്രവർത്തിക്കുന്ന ആറ് എസ് പിയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച അവർ, അതിനായുള്ള ചർച്ചയ്ക്ക് നിയോഗിച്ചത് കണ്ണംതോടത്തിനെയാണ്. കൽക്കട്ടക്ക് പോയ ജനാർദനൻ നായർ അവിടെ വച്ച് മാരകമായ വസൂരി ബാധിച്ച് 1946 മാർച്ച് 16ന് അന്തരിച്ചു. കുമ്പളത്ത് ശങ്കുപ്പിള്ളയുടെ അനന്തിരവൾ സരസ്വതി അമ്മയാണ് ഭാര്യ.
കൊല്ലം ജില്ലയിലെ പാരിപ്പള്ളി, എഴിപ്പുറത്ത് 1957-ൽ കണ്ണത്തോടത്ത് ജനാർദ്ദനൻ നായരുടെ സ്മാരകമായി അദ്ദേഹത്തിൻ്റെ രാഷ്ട്രീയശിഷ്യൻ പി.ഭാസ്ക്കരക്കുറുപ്പ് ആരംഭിച്ച അപ്പർ പ്രൈമറി സ്കൂളാണ് ഇന്നത്തെ കണ്ണന്തോട്ടത്ത് ജനാർദ്ദനൻ മെമ്മോറിയൽ യു.പി.എസ്. പിൽക്കാലത്ത് ഈ സ്കൂൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറുകയായിരുന്നു.
– ജോയ് കള്ളിവയലിൽ.
( ഫോട്ടോ കടപ്പാട് Biju Yuvasree ).
Posted inUncategorized