#ചരിത്രം
അക്ബറുടെ പള്ളി.
ആഗ്രയിലെ ഏറ്റവും പുരാതനമായ ക്രിസ്ത്യൻ പള്ളി അക്ബറുടെ പള്ളി എന്നാണ് അറിയപ്പെടുന്നത്.
മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ എല്ലാ മതങ്ങളും ദൈവത്തിലേക്കുള്ള വഴിയാണ് എന്നു വിശ്വസിച്ചിരുന്നയാളാണ്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മതങ്ങൾ സംയോജിപ്പിച്ചു ദീൻ ഇലാഹി എന്ന ഒരു പുതിയ മതം തന്നെ അദ്ദേഹം സ്ഥാപിച്ചു.
ക്രിസ്തുമതത്തേക്കുറിച്ച് കേട്ടറിഞ്ഞ ചക്രവർത്തി ഗോവയിൽനിന്ന് പുരോഹിതരെ തന്റെ രാജധാനിയിലേക്ക് ക്ഷണിച്ചു.
അങ്ങനെയാണ് 1580 ഫെബ്രുവരി 18ന് മൂന്നു പോർച്ചുഗീസ് പാതിരിമാർ – റൂഡോൾഫ് അക്വായിയ, അന്റോയിൻ ദേ മാസറേറ്റ്, ഫ്രാങ്കോ ഹെക്വിയെസ് – ആഗ്രയിൽ എത്തി അക്ബർ ചക്രവർത്തിയെ മുഖംകാണിച്ചത്.
വ്യാപാരികളും സന്ദർശകാരുമായി അർമീനിയ, ഫ്രാൻസ്, ഇറ്റലി, പോർട്ടുഗൽ, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് എത്തിയിരുന്ന നൂറുകണക്കിന് ക്രിസ്ത്യാനികൾക്കായി ഒരു പള്ളി സ്ഥാപിക്കാൻ 1598ൽ അക്ബർ സ്ഥലം അനുവദിച്ചു – മുഗൾരാജ്യത്തെ ആദ്യത്തെ പള്ളി.
ചരിത്രകാരനായ ആർ വി സ്മിത്ത് എഴുതിയിരിക്കുന്നത് എല്ലാ ക്രിസ്മസ് ദിവസവും രാവിലെ ചക്രവർത്തി പരിവാരങ്ങളുമൊത്ത് പള്ളിയിൽ സന്ദർശനം നടത്തിയിരുന്നു എന്നാണ് – അന്തപുര:സ്ത്രീകളും രാജകുമാരന്മാരും വൈകുന്നേരവും.
ക്രിസ്തുവിന്റെ ജനനം ആസ്പദമാക്കി പോർട്ടുഗീസുകാരായ ഉദ്യോഗസ്ഥർ അവതരിപ്പിച്ച നാടകങ്ങൾ കാണാനും പലപ്പോഴും അക്ബർ എത്തിയിരുന്നു.
അക്ബറിന്റെ കാലശേഷം ജഹാംഗിറും ക്രിസ്തുമതത്തിനു സഹായം നൽകിയിരുന്നു. 1610ൽ ജെഹാംഗിറിന്റെ മൂന്നു മരുമക്കൾ പള്ളിയിൽവെച്ച് മാമോദീസ മുങ്ങുകപോലുമുണ്ടായി.
പക്ഷേ ഷാജഹാൻ ചക്രവർത്തി പോർട്ടുഗീസുകാരുമായി പിണങ്ങിയതോടെ കഷ്ടകാലം ആരംഭിച്ചു. ക്രിസ്തുമതം നിരോധിക്കപ്പെട്ടു. ക്രിസ്ത്യാനികൾ കഠിനപീഡനത്തിനു വിധേയരായി.
വിദേശിപാതിരിമാരെ മോചിപ്പിക്കുന്നതിന് വെച്ച വ്യവസ്‌ഥ പള്ളി പൊളിക്കണം എന്നതായിരുന്നു. 1635ൽ പള്ളി പൊളിക്കപ്പെട്ടു. പോർട്ടുഗീസുകാരുമായി ഒത്തുതീർപ്പായത്തോടെ അടുത്തവർഷം പള്ളി പുനർനിർമ്മിക്കാൻ അനുവാദം കിട്ടി.
പക്ഷേ മുഗൾ രാജാവായ അഹമദ് ഷാ അബ്‌ദാലിയുടെ സൈന്യം വീണ്ടും പള്ളി നശിപ്പിച്ചു. 1769ൽ വാൾത്തർ റൈൻഹാർട്ട് എന്ന ഒരു വിദേശിയാണ് പിന്നീട് പള്ളി പുനർനിർമ്മിച്ചത്. 1848ൽ പഴയ പള്ളിയുടെ സ്ഥാനത്ത് പുതിയ ഒരു പള്ളി നിർമ്മിക്കപ്പെട്ടു.
ദീർഘകാലം ആഗ്രയിലെ കത്തോലിക്കാമെത്രാന്റെ ആസ്ഥാനമായിരുന്നു ‘അക്ബറിന്റെ പള്ളി’.
– ജോയ് കള്ളിവയലിൽ.
Posted inUncategorized