#ഓർമ്മ
ബോബി ഫിഷർ.
ബോബി ഫിഷറിൻ്റെ (1943-2008) ജന്മവാർഷികദിനമാണ്
മാർച്ച് 9.
ലോകം കണ്ട ഏറ്റവും വലിയ ചെസ്സ് പ്രതിഭയാണ് റോബർട്ട് ജയിംസ് ഫിഷർ. 14 വയസ്സിൽ അമേരിക്കൻ ചെസ്സ് ചാമ്പ്യൻഷിപ്പ് ജയിച്ച ഫിഷർ, 8 തവണ ആ സ്ഥാനം നിലനിർത്തി. 1964 ലെ 11- 0 എന്ന വിജയ റെക്കോർഡ് ഇന്നുവരെ തിരുത്തപ്പെട്ടില്ല.
1972ൽ ബോറിസ് സ്പാസ്‌ക്കിയെ തോൽപ്പിച്ച് ലോകചാമ്പ്യനായ ഫിഷർ, പതിറ്റാണ്ടുകളായി നിലനിന്ന റഷ്യൻ കുത്തക തകർത്തെറിഞ്ഞു. Cold War എന്നാണ് ലോകം ആ ചെസ്സ് യുദ്ധത്തെ വിശേഷിപ്പിച്ചത്. ചെസിൽ ഇനി ഒന്നും നേടാനില്ല എന്നു പറഞ്ഞുകൊണ്ട് 1975ൽ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാതെ പിൻവാങ്ങിയ ഫിഷർ, പിന്നീട് 1992ൽ യൂഗ്ലോസ്ലാവിയയിൽ നടന്ന അനൗദ്യോകിക മത്സരത്തിൽ സ്പാസ്ക്കിയെ തോൽപ്പിച്ചു. അമേരിക്കയുടെ വിലക്ക് ലംഘിച്ചതിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിൽ നിന്ന് രക്ഷതേടി പിന്നീട് ജീവിതകാലം മുഴുവൻ പ്രവാസിയായാണ് കഴിഞ്ഞത്. 2004ൽ ജപ്പാനിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഫിഷർ, ലോകരാജ്യങ്ങളുടെ സമ്മർദത്തെത്തുടർന്ന് 2005ൽ വിട്ടയക്കപ്പെട്ടു. തടവിൽ കഴിയുമ്പോൾ മിയാക്കോ വതായിയെ വിവാഹം ചെയ്തു.
ശിഷ്ടകാലം ഐസ്ലണ്ടിൽ കഴിഞ്ഞ ഫിഷർ, റെയ്ക്ജാവിക്ക് സെമിത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുന്നു.
ചെസിന് ഇന്നുള്ള ലോകവ്യാപകമായ പ്രചാരത്തിന് കാരണക്കാരൻ എന്നതാണ് ബോബി ഫിഷറിൻ്റെ നിതാന്ത യശസ്സ്. ഫിഷറിൻ്റെ ജീവിതം നിരവധി പുസ്തകങ്ങൾ, സിനിമകൾ, ഡോക്കുമെൻ്ററികൾ എന്നിവയുടെ പ്രമേയം ആയിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.







