#കേരളചരിത്രം
കുടമാളൂർ പള്ളി.
കേരളചരിത്രത്തിൽ, തിരുവിതാംകൂർ നാട്ടുരാജ്യം മാർത്താണ്ഡവർമ്മ മഹാരാജാവ് വെട്ടിപ്പിടിച്ചുണ്ടാക്കുന്നതിന് മുൻപ് നിർണ്ണായകസ്വാധീനമുള്ള ഭരണാധികാരിയായിരുന്നു ചെമ്പകശ്ശേരി രാജാവ്. ചെമ്പകശ്ശേരിയുടെ ആദ്യത്തെ ആസ്ഥാനമായിരുന്നു ഇപ്പൊൾ കോട്ടയം ജില്ലയിൽ ഉൾപ്പെട്ട കുടമാളൂർ.
83 വര്ഷം മുൻപ് 1920 ജൂണിൽ എഴുതപ്പെട്ട ഒരു ചരിത്രം വായിക്കുക:
കോട്ടയം ക്‌നാനായ കത്തോലിക്കാ രൂപതയുടെ മെത്രാൻ പ്രസിദ്ധം ചെയ്തിരുന്ന ‘കോട്ടയം മാസികയുടെ ആദ്യ പുസ്തകം ലക്കം 6ൽ പ്രസിദ്ധീകരിച്ചത്.
കൊടമാളൂർ പള്ളി.
(ഫാദർ സൈമൺ സി. ഡി.)
“പുരാതനകാലങ്ങളിൽ ഹിന്ദുരാജാക്കന്മാരും പ്രഭുക്കന്മാരും വഴിയായി കേരളത്തിൽ സ്ഥാപിക്കപ്പെട്ട ക്രിസ്തീയ ദേവാലയങ്ങളിൽ ഒട്ടും അപ്രധാനമല്ലാത്ത ഒന്നാണ് കോട്ടയത്തിനും മാന്നാനത്തിനും മധ്യത്തിലായി സ്ഥിതിചെയ്യുന്ന കൊടമാളൂർ പള്ളി. ചെമ്പകശ്ശേരി രാജാവിനാൽ പണിയിക്കപ്പെട്ട ഈ ദേവാലയത്തിൻ്റെ ആരംഭവും ചെമ്പകശ്ശേരി രാജകുടുംബത്തിൻ്റെ ഉത്ഭവവും അനോന്യം സംബന്ധപ്പെട്ടവകയാകയാൽ
കേരളയീയരിൽ ആർക്കും തന്നെ ഇതിൻ്റെ ചരിത്രം രസാവഹമാകാതെയിരിക്കില്ലെന്നു കരുതുന്നു…….”
………..
തുടർന്ന് ചെമ്പകശ്ശേരിയുടെ ചരിത്രം വിവരിക്കുന്ന ലേഖകൻ എഴുതുന്നു.
“……. രാജസ്ഥാനത്ത് എത്തുന്നതിലേക്കു മുൻപറയപ്പെട്ട ഭടൻമാർ വഴിയായി അനവധി ക്രൂരകൃത്യങ്ങളും കൊലപാതകങ്ങൾ തന്നെയും ചെയ്യേണ്ടതായി വന്നു. അതുകൾക്കെല്ലാം പരിഹാരമായി ജ്യോത്സൻമാരുടെ വിധിപ്രകാരം ചെമ്പകശ്ശേരിൽനിന്നു ഒന്നാമതായി പണിയിച്ച പള്ളിയാണ് കൊടമാളൂർ വലിയപള്ളി. പള്ളി പണിയിച്ചശേഷം പല സ്ഥലങ്ങളിൽനിന്നായി ക്രിസ്ത്യാനികളെയും അവിടെ വരുത്തി താമസിപ്പിച്ചു. ഇപ്രകാരം കൊണ്ടുവന്ന ക്രിസ്തീയ കുടുംബങ്ങളിൽ പെട്ടവയാണ് മുട്ടത്തുപാടം, മരങ്ങുപ്പറമ്പൻ ( തയ്യ ” പെരുമാലി), എടത്തൻപറമ്പൻ ( തുരുത്തുമാലി, പൊടിപാറ, പാട്ടശ്ശേരി) മാഞ്ഞാലി, കരിമ്പാലി മുതലായവ. മുട്ടത്തുപാടത്തു കുടുംബത്തിലേക്ക് ചെമ്പകശ്ശേരിൽനിന്നു പണിയിച്ചു കൊടുത്തിട്ടുള്ള ഒരു വീട് അദ്യാപി കാണ്മാനുണ്ട്. പള്ളിവകയ്ക്കു ദാനമായി അറുപതുപറ നിലവും പിൽക്കാലത്തു രാജകുടുംബത്തിൽനിന്നു കൊടുക്കുകയുണ്ടായിട്ടുണ്ട്. ഒരു ഹിന്ദുരാജാവിനാൽ പുരാതനകാലത്തു പണിയിക്കപ്പെട്ടിട്ടുള്ള ഒരു ദേവാലയമാണിതെന്നു പ്രത്യക്ഷത്തിൽതന്നെ ഏവനും നിക്ഷ്പ്രയാസം ഗ്രഹിക്കാവുന്നതാണ്. ഇപ്രകാരമുള്ള പ്രാചീന ദേവാലയങ്ങൾക്കു ഹിന്ദുക്ഷേത്രങ്ങളോടു പണി വിഷയത്തിലുള്ള ഐകരൂപ്യം നിമിത്തം പോർട്ടുഗീസുകാരുടെ ആഗമനകാലത്തു അവർക്കു പല ആശങ്കക്കും ഇടയായിട്ടുള്ളതു പ്രസിദ്ധമാണല്ലോ. രാജകൊട്ടാരത്തിനു വളരെ സമീപിച്ചായിട്ടു തന്നെയാണ് പള്ളി പണിയപ്പെട്ടത്. പള്ളിക്കടവിൽ വള്ളം അടുക്കുന്നെടത്തായി ഇപ്പൊൾ കാണുന്ന ഒരു വലിയ കരിങ്കൽപാത്തി കൊട്ടാരത്തിലെ അടുക്കളയിൽനിന്നു പുറത്തോട്ടുള്ള ഒരു ഓവായിരുന്നുവെന്നു പറയപ്പെടുന്നു. ചില പ്രത്യേക തിരുനാളുകളിൽ കൊട്ടാരത്തിൽ നിന്നു ദേവാലയത്തിലേക്കു ചില നേർച്ചകളും വഴിപാടുകളും അർപ്പിച്ചു വരിക പതിവായിരുന്നതിനു പുറമേ അപ്രകാരമുള്ള ദിവസങ്ങളിൽ അകായിലുള്ളവർ അതിരാവിലെ ദേവാലയത്തിൽ ചെന്നു പ്രാർഥിച്ചു പോകാറുണ്ടായിരുന്നുവെന്നും കാണുന്നു. ദേവാലയത്തിൻ്റെ ആനവാതുക്കലുള്ള കരിങ്കൽപടിയിൻമേൽ
‘ നാനംമോനം’ അക്ഷ്രങ്ങളിലായി കൊത്തപ്പെട്ടിരിക്കുന്ന ചില വാചകങ്ങൾ എന്തോ രാജശാസനങ്ങളാണെന്ന് ഊഹിക്കപ്പെട്ടിരിക്കുന്നു.
ചെമ്പകശ്ശേരിരാജാവു കൊടുവാളൂരിൽ അധികകാലം താമസിക്കയുണ്ടായില്ല. ഊരാണ്മക്കാരുടെ ശല്യംകൊണ്ടും മറ്റും ഭടൻമാടൊന്നിച്ചു ആദ്യം തിരുവല്ലായിലേക്കും പിന്നെ അമ്പലപ്പുഴക്കും മാറി താമസിക്കയും ആ പ്രദേശങ്ങളെല്ലാം കീഴടക്കി അമ്പലപ്പുഴ രാജാവെന്ന അഭിധാനത്തിൽ വാഴുകയും ചെയ്തു…………
……….
ചിന്നഭിന്നങ്ങളായിക്കിടക്കുന്ന കോട്ടകൊത്തളങ്ങളും കേരളത്തിൽ അറിയപ്പെട്ടിട്ടുള്ള സാമാന്യം എല്ലാ ജാതിക്കാരാലും ഇപ്പോഴും അധിവസിക്കപ്പെട്ടുവരുന്നതായ പുരാതന അങ്ങാടിയുടെ ഒരവശിഷ്ടവും ചെമ്പകശ്ശേരിലെ നിത്യസ്മരണയെ പാലിക്കുമാറു പരിലസിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിൻ്റെ ഈ ദേവാലയവും മന്ത്രിപ്രവരനായിരുന്ന തേക്കേടത്തു ഭട്ടതിരിയുടെ വക നേത്രാനന്ദമായ നവീനമേടയുമല്ലാതെ കൊടമാളൂരിൻ്റെ പൂർവ്വിക ചരിത്രപ്രസിദ്ധിയെ അനുസ്മരിപ്പിക്കുന്ന യാതൊരു പ്രാബല്യവും ഇപ്പോളിവിടെ കാൺമാനില്ല തന്നെ.”
(gpura.org – ബാംഗളൂർ ധർമ്മാരാം കോളെജ് ഡിജിറ്റൽ ശേഖരം ).
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
ഇന്ന് കുടമാളൂർ, കത്തോലിക്കാസഭയുടെ ആദ്യത്തെ ഇന്ത്യാക്കാരിയായ വിശുദ്ധ – സിസ്റ്റർ അൽഫോൻസായുടെ ജന്മനാട് എന്ന നിലയിൽ ലോകപ്രശസ്തമാണ്. ലേഖനത്തിൽ പരാമർശിക്കപ്പെടുന്ന പുരാതനമായ മുട്ടത്തുപാടത്ത് കുടുംബാംഗമാണ് വിശുദ്ധ അൽഫോൻസ.
Posted inUncategorized