#ചരിത്രം
അടിമകൾ.
മനുഷ്യചരിത്രത്തിലെ ഏറ്റവും അപമാനകാരമായ ഒരേടാണ് അടിമത്തം.
സഹോദരനെപ്പോലെ കരുതേണ്ട മനുഷ്യരെ അടിമകളാക്കി ജോലി ചെയ്യിപ്പിക്കുക എന്നത് ഇന്ന് ചിന്തിക്കാൻകൂടി കഴിയില്ല.
പക്ഷേ ഈ കൊച്ചു കേരളത്തിൽ പോലും പത്തൊമ്പതാം നൂറ്റാണ്ടു വരെ അടിമകളും അടിമവ്യാപാരവും നിലനിന്നിരുന്നു എന്നതാണ് ദുഃഖകരമായ വസ്തുത.
BCE രണ്ടും ഒന്നും നൂറ്റാണ്ടുകളിൽ റോമാ സാമ്രാജ്യത്തിൻ്റെ അതിർത്തികൾ വികസിച്ചതോടെ അടിമകളുടെ എണ്ണവും വർധിച്ചു വന്നു. BCE 1 നൂറ്റാണ്ടിൽ ഇറ്റലിയിൽ മാത്രം 2 കോടിക്കും 3 കോടിക്കും ഇടക്ക് അടിമകൾ ഉണ്ടായിരുന്നു – മൊത്തം ജനസംഖ്യയുടെ 35 – 40%. ക്രിസ്തുവർഷം 260-425 ആയപ്പോഴേക്കും അടിമകൾ 5 കോടിയായി ഉയർന്നു – ജനസംഖ്യയുടെ 10 – 15%.
ആടുമാടുകൾക്ക് തുല്യമായി ഉടമസ്ഥൻ്റെ സ്വകാര്യസ്വത്തായിട്ടാണ് അടിമകളെ കരുതിയിരുന്നത്.
അടിമകളുടെ കഴുത്തിൽ കെട്ടിയിരുന്ന കോളറുകളാണ് ചിത്രത്തിൽ.
Tene me et revoca me – എന്നെ പിടിച്ചുനിർത്തി തിരികെ ഏൽപ്പിക്കുക – എന്നതിൻ്റെ വകഭേദങ്ങൾ ആണ് കോളറിൽ എഴുതിയിരുന്നത്.
ഒരെണ്ണത്തിൽ എന്നെ തിരികെ എത്തിച്ചാൽ ഒരു സ്വർണ്ണനാണയം കിട്ടും എന്ന് കൂടി എഴുതിയിട്ടുണ്ട്.
മൃഗതുല്യമായ അടിമ ജീവിതത്തിനെതിരെ നിരവധി ചെറുത്ത്നിൽപ്പുകളും ചരിത്രത്തിൻ്റെ ഭാഗമാണ്. റോമാ സാമ്രാജ്യത്തിനെതിരെ നടന്ന പോരാട്ടങ്ങളിൽ പ്രസിദ്ധമാണ് സ്പാർട്ടക്കസിൻ്റെ കഥ.
അമേരിക്കൻ ഐക്യനാടുകളുടെ ജനനത്തിനു കാരണമായ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടാൻ കാരണം ലിങ്കൻ്റെ അടിമത്തം നിർത്തൽ ചെയ്തുകൊണ്ടുള്ള പ്രഖ്യാപനമാണ്.
ഹാരിയറ്റ് ബീച്ചർ സ്റ്റോവ് എഴുതിയ Uncle Toms Cabin, ബുക്കർ ടി വാഷിംഗ്ടൺ എഴുതിയ Up From Slavery, അലക്സ് ഹാലി എഴുതിയ Roots തുടങ്ങിയ പുസ്തകങ്ങൾ അടിമ കളുടെയും അടിമ വ്യാപാരത്തിൻ്റെയും കഥകൾ പറയുന്നവയാണ്. ആഫ്രിക്കൻ ജനതയാണ് ഏറ്റവും കൂടുതൽ അടിമകൾ ആക്കപ്പെട്ടവർ.
കേരളത്തിൻ്റെ അടിമ വ്യാപാരത്തിൻ്റെ ചരിത്രം പറയുന്ന പുസ്തകമാണ് വിനിൽ പോൾ എഴുതിയ അടിമ കേരളം. അവർണ്ണ ജാതികളിൽ പെട്ടവരെ ബലമായി പിടിച്ചു കൊണ്ടുപോയി അടിമകളായി വിൽപ്പന നടത്തിയിരുന്നു . ചങ്ങനാശേരി, ആലപ്പുഴ, മട്ടാഞ്ചേരി, തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ അടിമച്ചന്തകൾ പ്രവർത്തിച്ചിരുന്നു . വിദേശ
മിഷണറിമാരുടെ പ്രവർത്തനമാണ് കേരളത്തിൽ അടിമത്തം നിരോധിക്കാൻ പ്രധാന കാരണമായത്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized