#ഓർമ്മ
ദേവകി പണിക്കർ.
95 വയസ്സിൽ 2020ൽ വിടവാങ്ങിയ ദേവകി പണിക്കർ
പുതിയ തലമുറക്ക് ഏറെക്കുറെ അജ്ഞാതമായ ചരിത്രത്തിലെ ഒരു ഏടിന്റെ ഓർമ്മയാണ്.
ഇംഗ്ലണ്ടിൽ പഠിച്ച ദേവകി, പ്രശസ്തനായ സർദാർ കെ എം പണിക്കരുടെ മകളായിരുന്നു. തിരുവിതാംകൂറിലെ ഏറ്റവും വലിയ ഭൂഉടമകളിൽ ഒരാളായിരുന്ന ചാലയിൽ പണിക്കരുടെ മകൾ, അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും ഉന്നതനായ നേതാവിനെ വിവാഹംചെയ്യുക എന്നത് അക്കാലത്ത് വിഭാവനം ചെയ്യാവുന്ന ഒന്നായിരുന്നില്ല. എ കെ ഗോപാലൻ്റെ പ്രസംഗപരുടനത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയ ദേവകി, എം എൻ ഗോവിന്ദൻനായരുമായി അടുപ്പത്തിലാകുകയായിരുന്നു.
ബിക്കാനീർ നാട്ടുരാജ്യത്തിന്റെ ദിവാൻ ആയിരുന്ന സർദാർ കെ എം പണിക്കർ , രാജാക്കന്മാരുടെ സമിതിയായിരുന്ന നരേന്ദ്രമണ്ഡലത്തിന്റെ സെക്രട്ടറി കൂടിയായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ ചൈനയിലെ അംബാസഡർ പദവി ഉൾപ്പെടെ പല ഉന്നതസ്ഥാനങ്ങളും അദ്ദേഹം വഹിച്ചു.
1952ലെ തെരഞ്ഞെടുപ്പിൽ മധ്യ തിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തമായ അടിത്തറ ഉണ്ടാക്കിയ നേതാവായ എം എൻ ഗോവിന്ദൻനായർ പിൽക്കാലത്ത് ലോകത്ത് ആദ്യമായി അധികാരത്തിൽ എത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തനായ സംസ്ഥാന സെക്രട്ടറിയായി.
എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് വിരുദ്ധഗോളങ്ങളിൽ നിന്നും വന്ന ഇരുവരും സന്തോഷകരമായ ദാമ്പത്യജീവിതമാണ് നയിച്ചത്.
അവരുടെ ലോകം ഇരുളിൽ ആഴ്ന്നത് ഏക മകൻ ദില്ലിയിൽ വെച്ച് ചെറുപ്പത്തിൽ മരിച്ചതോടെയാണ്. എം എൻ ഇല്ലാത്ത ലോകത്ത് നീണ്ട 36 വർഷം ചിലവിട്ട ശേഷമാണ് ദേവകി പണിക്കർ യാത്രയായത്.
– ജോയ് കള്ളിവയലിൽ.

